കോഴിക്കോട്: ഇന്ത്യയിലെ ഗ്രാമീണ വിദ്യാലയങ്ങളിലേക്ക് ശാസ്ത്ര സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ സംരംഭമായ ‘ഗണിത കൗതുകം’ സഞ്ചരിക്കുന്ന ശാസ്ത്രപ്രദർശനത്തിന് കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം പ്ലാനറ്റേറിയത്തിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ തുടക്കമാകും. ഗണിതത്തെ ഏറ്റവും രസകരമായ രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ‘ഗണിതബസ്’ ലക്ഷ്യമിടുന്നത്.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്ക് ഗണിതത്തെ കൂടുതൽ അറിയാനും അനുഭവിക്കാനും ഉതകുംവിധം ദൈനംദിന ജീവിതത്തിൽ ഗണിതശാസ്ത്രത്തിന്റെ സൗന്ദര്യവും പ്രസക്തിയും പ്രകടമാക്കുന്ന 20 പ്രദർശനങ്ങളാണ് ഈ ബസിൽ ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഗണിതശാസ്ത്ര തത്ത്വങ്ങൾ രസകരമായി മനസ്സിലാക്കാനാവുന്ന രൂപത്തിൽ സ്വയം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളാണ് ഇവ.
വിദ്യാർഥികൾക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള ഗണിതശാസ്ത്ര വിഷയങ്ങൾ സർവേയിലൂടെ കണ്ടുപിടിച്ച് അവ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ ദൃശ്യവത്കരിക്കുകയുമാണ് ചെയ്യുന്നത്. ദശാംശം, ജ്യാമിതി തുടങ്ങിയ വിഷയങ്ങളുടെ മാതൃകകൾ നിർമിച്ച് ഗണിതബസിൽ ദൃശ്യവത്കരിച്ചിട്ടുമുണ്ട്. എല്ലാ വസ്തുക്കളും പ്ലാനറ്റേറിയത്തിലെ ശിൽപശാലയിൽ നിർമിച്ചിട്ടുള്ളവയാണെന്ന പ്രത്യേകതയുമുണ്ട്.
പ്രദർശനം വെള്ളിയാഴ്ച രാവിലെ 10.30ന് കോഴിക്കോട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ വിജയരാജൻ എ.കെ. ഉദ്ഘാടനം ചെയ്യും. സയൻസ് പാർക്കിൽ ഒരുക്കിയിരിക്കുന്ന സയന്റിസ്റ്റ് ബസ് കോർണറും ഇതോടൊപ്പം അനാച്ഛാദനം ചെയ്യും. ഡിസംബറിൽ കണ്ണൂരിലും ജനുവരിയിൽ മലപ്പുറത്തും ഈ പ്രദർശനം നടക്കും. പ്രദർശനത്തോടൊപ്പം ദൂരദർശിനിയിലൂടെയുള്ള ആകാശ നിരീക്ഷണ പരിപാടി, സയൻസ് ഫിലിം ഷോ, സയൻസ് ഡെമോൺസ്ട്രേഷൻ, പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളും പര്യടനത്തിന്റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.