കുട്ടികൾക്കൊപ്പം വായനക്ക് മാതാപിതാക്കൾക്ക് മടി

അബൂദബി: 23 ശതമാനം മാതാപിതാക്കൾ മാത്രമാണ് കുട്ടികൾക്കൊപ്പം ദിനേന വായിക്കാൻ സമയം കണ്ടെത്തുന്നതെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡക്) സർവേ. കുട്ടികളുടെ പഠനശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ അവർക്കൊപ്പം വായനയിൽ പങ്കാളികളാവുന്നുണ്ടോ എന്നറിയാനാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത എട്ടു വയസ്സിന് താഴെയുള്ള കുട്ടികളുടെ 58,644 മാതാപിതാക്കളിൽ 53 ശതമാനത്തിനും കുട്ടികളുടെ വികസനത്തിന് അക്കാദമിക് പ്രകടനം അനിവാര്യമാണെന്ന അഭിപ്രായമാണുള്ളത്.

എന്നാൽ, ഇവരിൽ കേവലം 23 ശതമാനം മാത്രമാണ് അവർക്കൊപ്പം ദിവസവും വായനയിൽ പങ്കുചേരുന്നത്. 31 ശതമാനം വല്ലപ്പോഴും വായനയിൽ കുട്ടികളെ സഹായിക്കുമ്പോൾ 10 ശതമാനം ഒരിക്കൽ പോലും കുട്ടികൾക്കൊപ്പം വായിക്കാറില്ലെന്നും സർവേയിൽ വ്യക്തമായി.മാതാപിതാക്കൾ കുട്ടികൾക്കൊപ്പം വായിക്കേണ്ടതിന്‍റെ അനിവാര്യത അഡക് ഇവന്‍റ് എക്സ്പീരിയൻസ് മാനേജർ ദാന അൽ യസീദി ചൂണ്ടിക്കാട്ടി.

ഏതു പ്രായത്തിലുള്ള കുട്ടികളുടെ വായനയും അവരുടെ തലച്ചോറിന്‍റെ വളർച്ചയെ പ്രചോദിപ്പിക്കുമെന്നും ഇതിലൂടെ അനേകം ഗുണങ്ങൾ ലഭിക്കുമെന്നും അവർ പറഞ്ഞു. തുടർച്ചയായി വായിക്കുന്ന കുട്ടികളിൽ പദസമ്പത്തും അറിവും 14.4 ശതമാനം വർധിക്കുന്നതായും കണക്കിൽ 9.9 ശതമാനം നേട്ടവും കൈവരിക്കുന്നതായും ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സർവേയിൽ പങ്കെടുത്തവരിൽ 26 ശതമാനം സ്വദേശികളും 74 ശതമാനം താമസക്കാരുമാണെന്നും അഡക് വ്യക്തമാക്കി. ജനനം മുതൽ ഒരു വായനക്കാരനെ വളർത്തിയെടുക്കണമെന്നും മാതാപിതാക്കളാണ് ഇതിൽ മുഖ്യ പങ്കുവഹിക്കേണ്ടതെന്നും കുട്ടികളിലെ വളർച്ചാശേഷി ഇത്തരത്തിൽ നിരവധി ഘട്ടങ്ങളിലൂടെ മാതാപിതാക്കൾക്ക് ദർശിക്കാനാവുമെന്നും ദാന അൽ യസീദി പറയുന്നു. കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് നുറുങ്ങുവിദ്യകൾ നൽകുന്ന 'അഡകി'ന്‍റെ രക്ഷാകർതൃ മാർഗദർശിയായ അവിഡ് റീഡർ ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഡക് നേരത്തേ അബൂദബി റീഡ്സ് പദ്ധതി നടപ്പാക്കിയിരുന്നു. പ്രധാന ഇടങ്ങളിൽ സഞ്ചരിക്കുന്ന ലൈബ്രറി എത്തിച്ചും മറ്റും നടത്തിയ പരിപാടിയിൽ മുപ്പതിനായിരത്തിലേറെ പേർ പങ്കെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Parents are reluctant to read with their children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT