ലോകത്തിെൻറ ഏതൊരു മുക്കിലും മൂലയിലുമുള്ള മാതാപിതാക്കൾ അനുഭവിക്കുന്ന, അവർ ഒാർക്കാനോ മറ്റുള്ളവരുമായി പങ്കുവെക്കാനോ ഇഷ്ടപ്പെടാത്ത യാഥാർഥ്യങ്ങളുണ്ട്. പലപ്പോഴും മതപ്രഭാഷകനായതു കൊണ്ട് എന്നോട് അവ പങ്കുവെക്കാറുണ്ട്. കൗമാരത്തിലോ യൗവനത്തിലോ എത്തിയ ദുഷിച്ച ജീവിതരീതികൾ സ്വീകരിച്ച മക്കൾ. മദ്യവും മയക്കുമരുന്നും സേവിച്ച് വീട്ടിലേക്കു വേച്ചു വരുന്നവർ. പരിപൂർണമായും സാമൂഹിക വിരുദ്ധമായ സ്വഭാവങ്ങളിലേക്ക് കടന്നവർ. മാതാപിതാക്കളെ അനുസരിക്കാത്തവർ. പലപ്പോഴും അവർ വരുേമ്പാൾ വീട് യുദ്ധക്കളമാകുന്നു. ചിലരെങ്കിലും മാതാപിതാക്കൾക്കുനേരെ കൈയുയർത്തുന്നു. കണ്ണീരുനിറഞ്ഞ രാവുകളിൽ മാതാപിതാക്കൾ ആകാശത്തേക്ക് കൈയുയർത്തുന്നു. ചിലപ്പോഴൊക്കെ ശപിച്ചു പോകുന്നു.
മക്കളെ വളർത്തിയ ആദ്യ ദിവസങ്ങൾ ഒാർമയില്ലേ. നിരന്തരമായ മലമൂത്രവിസർജനം. കുഞ്ഞുകുഞ്ഞു അസുഖങ്ങളിൽ പരിഭ്രാന്തരായി പാതിരാക്കു പോലും എല്ലാം ഇെട്ടറിഞ്ഞ് ആശുപത്രിയിലേക്ക് ഒാടിയ നിമിഷങ്ങൾ. ഉറക്കമിളഞ്ഞ രാവുകൾ. അന്നൊക്കെ എല്ലാവരും കരുതും മക്കളെ വളർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാലം അതാണെന്ന്. പക്ഷേ, യാഥാർഥ്യം മറ്റൊന്നാണ്. ഒന്നും ചെയ്യാനില്ലാതെ കൈയുംകെട്ടി അവർ ദുഷിച്ച വഴികളിലൂടെ സഞ്ചരിക്കുന്നത് കാണേണ്ടി വരുന്നതാണ് അത്. മക്കളെ വളർത്തുന്നത് മികച്ച ശിക്ഷണം നൽകിയാകണം. അതിൽ വിട്ടുവീഴ്ച പാടില്ല. എന്നാലും നമ്മളുടെ കൈകളിലല്ലാത്ത പല കാര്യങ്ങളുമുണ്ട്.
എത്ര നന്നാക്കി വളർത്തിയിട്ടും വഴിപിഴച്ചുപോയ മക്കളെ കണ്ടിട്ടില്ലേ. അത്തരം മക്കളുടെ മാതാപിതാക്കൾ പലപ്പോഴും അതവരുടെ കുറ്റമാണെന്ന് കരുതി ഉരുകിത്തീരാറുണ്ട്. പണ്ട് മക്കളുടെ ഭാവി മാത്രം വിചാരിച്ച് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് താമസം മാറിയവരാകും, ശമ്പളമുള്ള ജോലിയിൽ നിന്ന് ശമ്പളം കുറഞ്ഞ ജോലിയിലേക്ക് മാറിയ, പലപ്പോഴും ബിസിനസ് തന്നെ നഷ്ടപ്പെടുത്തിയ പിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. മക്കൾ മോശപ്പെട്ട സാഹചര്യത്തിൽ നിന്ന് മാറി നല്ല അന്തരീക്ഷത്തിൽ വളരാൻ മാത്രമാണ് അവർ ആ കഷ്ടപ്പാടുകളൊക്കെ ഏറ്റെടുത്തത്.
എന്നിട്ടും മക്കൾ വഴിമാറി സഞ്ചരിക്കുേമ്പാൾ സ്വന്തത്തെ പഴിചാരി കണ്ണീരൊഴുക്കുകയാണ് പതിവ്. അത്തരം മാതാപിതാക്കളോട് ഞാൻ പറയുന്ന കാര്യമുണ്ട്. നല്ല രീതിയിൽ വളർത്തുകയാണ് നമ്മുടെ ബാധ്യത. അതു ചെയ്തിട്ടുണ്ടെങ്കിൽപിന്നെ എത്ര വേദനയോടെയെങ്കിലും ഒരു യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അവർ മാത്രമാണ് അവരുടെ പ്രവൃത്തികളുടെ ഉത്തരവാദികൾ. ദൈവത്തിനു മുന്നിൽ അവർ മുതിർന്നവരായിക്കഴിഞ്ഞു. സമൂഹത്തിനു മുന്നിലും നീതിന്യായ വ്യവസ്ഥക്കു മുന്നിലും അങ്ങനെത്തന്നെ.
ഖുർആനിലെ മാതാപിതാക്കളുടെയും മക്കളുടെയും കഥകൾ ശ്രദ്ധിച്ചിട്ടില്ലേ. വിഗ്രഹ നിർമാതാവായിരുന്ന ആസറിെൻറ മകനാണ് എല്ലാ ഏകദൈവ മതങ്ങളുടെയും പ്രപിതാമഹനായ ഇബ്രാഹീം നബി. എല്ലാ രീതിയിലും അന്ധകാരം നടമാടിയിരുന്ന ആ നാട്ടിൽ ഇബ്രാഹീം നല്ല മകനായി. ലോകത്തിനു വെളിച്ചമായി. തിരിച്ചുമുണ്ട് കഥകൾ. പ്രവാചകൻ നൂഹിെൻറ മകൻ അദ്ദേഹത്തെ ഉപദ്രവിച്ചിരുന്ന സത്യനിഷേധികളുടെ കൂട്ടത്തിലായിരുന്നു. പ്രവാചകൻ യഅ്ഖൂബ് ആവെട്ട നല്ലവരും ചീത്തവരുമായ മക്കളുടെ പിതാവായിരുന്നു. ജീവിച്ചുപോയവരിൽ ഏറ്റവും സ്വഭാവ ശുദ്ധിയുള്ളവരാണ് പ്രവാചകന്മാർ. അവർ മക്കളെ ദുഷിച്ച രീതിയിൽ വളർത്തിയെന്നു സങ്കൽപിക്കാൻ കഴിയുമോ? അവർ ഒരിക്കലും അങ്ങനെ ചെയ്യാൻ സാധ്യതയില്ല. പിന്നെ എങ്ങനെ അവരുടെ മക്കൾ വഴിപിഴച്ചവരായി?
ഇവിടെയാണ് ഒട്ടുമിക്ക മാതാപിതാക്കളും പരാജയപ്പെടുന്നത്. മക്കൾ കൈയിൽ നിന്നു വഴുതുന്നുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം അവർ പരിഭ്രാന്തരാകുന്നു. പിന്നെ അവരെ ചുറ്റിപ്പറ്റിയാണ് എല്ലാ പ്രവർത്തനങ്ങളും. കണ്ണീരു കാണിച്ചും ദേഷ്യപ്പെട്ടും പ്രാകിയുമാണ് മാതാപിതാക്കളും ഇൗ അവസ്ഥയിൽ മക്കളെ നേരിടുന്നത്. കാണുന്ന മാത്രയിൽ അവരെ ഉപദേശിച്ചുതുടങ്ങും. നിരന്തരം അവരെ നന്നാക്കാൻ ശ്രമിക്കുന്നു. ഫലമോ, വീട്ടിൽ നിലക്കാത്ത കലഹം. വാക്തർക്കവും കൈയാങ്കളിയും. ചിലർ മക്കളെ ഉപദ്രവിക്കുന്നു. പലപ്പോഴും മക്കൾ തിരിച്ചും. ഇതൊരിക്കലും മക്കളെ അടുപ്പിക്കുകയില്ല, കൂടുതൽ അകറ്റുകയേ ഉള്ളൂ.
ഒരു കാര്യം മനസ്സിലാക്കുക. നമുക്ക് ബാധ്യതകളുണ്ട്. പക്ഷേ, ബലപ്രയോഗത്തിനുള്ള അവകാശം ഒട്ടുമില്ല. കാരണം, അവർ മുതിർന്നു കഴിഞ്ഞു. സ്വന്തം പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾക്ക് ഉത്തരവാദി അവർ മാത്രമാണ്. അവർ തെറ്റു ചെയ്യും. തിരുത്താനുള്ള സാഹചര്യങ്ങൾ അവർക്കു നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉപദേശത്തിെൻറ വഴിയിലൂടെയല്ല എന്നു മനസ്സിലാക്കുക. അറിഞ്ഞിട്ടും, നിങ്ങൾ ബാല്യം മുഴുവൻ നന്മ പകർന്നോതിയിട്ടും സ്വയം െതരഞ്ഞെടുത്തതാണ് അവർ ആ വഴി. പിന്നെ നിങ്ങളുടെ സുവിശേഷ പ്രസംഗം കേട്ട് അവർ നന്നാകുമെന്ന് ധരിക്കുന്നുണ്ടോ? പിന്നെ ഒരു കാര്യം, ഉപദേശങ്ങളിൽ ആളുകൾക്ക് ഏറ്റവും അസഹനീയം സ്വന്തം മാതാപിതാക്കളുടേതാണ്. ചെറുപ്പം മുതൽ കേൾക്കുന്നതല്ലേ എന്ന മുൻധാരണയിൽ അവർ കേൾക്കാൻപോലും തയാറാവില്ല. എന്നിട്ടും നന്നാക്കാനുള്ള കഠിനശ്രമം തുടരുകയാണെങ്കിൽ അവർ വീട്ടിലേക്കു പോലും വരാതായിത്തീരും. ഇതിെൻറ അർഥം അവരെ പറ്റെ കൈയൊഴിഞ്ഞ് അവർ നശിച്ചുപോകുന്നത് കൈയും കെട്ടി നോക്കി നിൽക്കണമെന്നാണോ? ഒരിക്കലുമല്ല.
മക്കൾ എത്തരക്കാരാെണങ്കിലും അവരുടെ ഉള്ളിൽ മാതാപിതാക്കളോട് അൽപമെങ്കിലും സ്നേഹം കാണും. പ്രത്യേകിച്ചും മാതാവിനോട്. ഏതൊരു മനുഷ്യനും മാതാവിെൻറ കലർപ്പില്ലാത്ത സ്നേഹം ഏതു കാലത്തും ആഗ്രഹിക്കും. മാനസികമായ ഒരു പിന്തുണ മാതാവിൽ നിന്ന് ലഭിച്ചാണ് ഒാരോരുത്തരും വലുതാകുന്നത്. ആ മാതാവ് കാലം ചെല്ലുേമ്പാൾ നിബന്ധനകൾക്കു വിധേയമായാലേ തന്നെ സ്നേഹിക്കൂ എന്ന് അവർ മനസ്സിലാക്കിവെക്കരുത്. വെറുമൊരു മാതാവാകാൻ കഷ്ടപ്പെട്ടു ശ്രമിക്കേണ്ടതുണ്ട്. ഉപദേശം ആവുകയേ വേണ്ട. പിതാവും ചെയ്യേണ്ടത് അതുതന്നെ. അങ്ങനെയാകുേമ്പാൾ അവർ വീട്ടിലേക്ക് വന്നെന്നിരിക്കും, സംസാരിച്ചെന്നിരിക്കും, അവരുടെ പ്രയാസങ്ങൾ പങ്കുവെച്ചെന്നിരിക്കും. സാധ്യതകൾ അവിടെയേ ഉള്ളൂ. നമ്മെ വിശ്വസിക്കാമെന്നും എന്തുണ്ടെങ്കിലും കൂടെയുണ്ടാകുമെന്നും തോന്നിക്കഴിഞ്ഞാൽ നന്മയുടെ ചില വേരുകൾ അറ്റുപോവാതെ അവശേഷിക്കുന്നുണ്ടെന്ന് ധൈര്യമായി പറയാം. മറ്റാളുകളുമായി അവരെ സംസാരിപ്പിക്കാം. മറ്റാളുകളിലൂടെ ശരിതെറ്റുകൾ പകർന്നു നൽകാം. ഫലമുണ്ടാകണമെന്നു പ്രാർഥിക്കാം. ഏറ്റവും കഠിനമായ ഒരു പരിശ്രമവും താഴ്ചയുമാണിത്. പക്ഷേ, ചെറുതെങ്കിലുമായ മാറ്റങ്ങൾ വരുത്തണമെങ്കിലും സുന്ദരമായി ക്ഷമിച്ചേ തീരൂ.
തയാറാക്കിയത്: നുഅ്മാന് അലി ഖാന്, ബയ്യിന ഇൻസ്റ്റിറ്റ്യൂട്ട്, ടെക്സസ്, യു.എസ്.എ. (സ്വതന്ത്ര പുനരാഖ്യാനം: മലിക മര്യം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.