'അഞ്ചു വര്‍ഷം ലാളിക്കുക, പത്തുവര്‍ഷം ചുട്ട അടി കൊടുക്കുക, 16 വയസ്സിലേക്ക് എത്തുമ്പോള്‍ കുട്ടിയെ മിത്രത്തെ പോലെ കൈകാര്യം ചെയ്യുക'-, ഇതായിരുന്നു നമ്മുടെ രാജ്യത്തില്‍ കുട്ടികളോട് പുലര്‍ത്തിയിരുന്ന പരമ്പരാഗത സങ്കല്പം. അതിനെ മറികടക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതേസമയം, പുതിയ പഠനക്രമങ്ങളും രീതികളും ലോകത്ത് ആകമാനം ഇന്ന് വ്യാപിക്കുന്നു. ശരവേഗത്തിലാണ് അതിെൻറ വികാസം. കുട്ടികളുടെ ബുദ്ധിയും വൈകാരികാവസ്ഥയും മുതിര്‍ന്നവരെ അപേക്ഷിച്ച് ഇന്ന് വളരെ കൂടുതലാണ്. കുട്ടികളുടെ ബുദ്ധി വികാസത്തിന് ഒപ്പം മാറാന്‍ മുതിര്‍ന്ന തലമുറക്ക് കഴിയുന്നേയില്ല.
എന്നാല്‍, കേരളം പരമ്പരാഗതമായ പഠന, വളര്‍ത്തല്‍ സങ്കല്പത്തില്നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ്. അതിെൻറ പരിവര്‍ത്തനകാലമാണ് ഇപ്പോള്‍. അതിെൻറ ഫലമായി ബുദ്ധിയിലും വൈകാരികാവസ്ഥയിലും ഉയര്‍ന്നു നില്ക്കുന്ന കുട്ടികളും അവരേക്കാള്‍ താഴ്ന്ന രക്ഷിതാക്കളും അധ്യാപകരും അടക്കമുള്ള മറ്റുള്ളവരും തമ്മിലെ സംഘര്‍ഷമാണ് ഇപ്പോള്‍ കാണുന്നത്. ലോകത്തെ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് കുട്ടികളെ വഴക്കുപറഞ്ഞും അടിച്ചും കുറ്റപ്പെടുത്തിയും ഇനിയുള്ള കാലം മാറ്റാന്‍ കഴിയില്ലെന്നാണ്. ഈ വസ്തുത മനസ്സിലാക്കുന്ന തരത്തില്‍ പാഠ്യക്രമമോ അധ്യാപക പഠന കോഴ്സുകളോ മാറിയിട്ടില്ല.
മറ്റൊന്ന് പരമ്പരാഗത ബോധ്യത്തിന് അപ്പുറമുള്ള പാരന്റിങ് സമ്പ്രദായവും രക്ഷിതാക്കളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍, കുട്ടികള്‍ പരമ്പരാഗത രീതികളെയെല്ലാം അതിവേഗം അതിജീവിക്കുന്നു. ഫലത്തില്‍ ഇത് കുട്ടികളും മുതിര്‍ന്നവരുമായുള്ള സംഘര്‍ഷമായി മാറുന്നു.
അതിനെ നമ്മള് നേരിടുന്നത് അന്താരാഷ്ട്ര തലത്തില്‍ കുട്ടികള്‍ക്കായി നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ കൊണ്ടാണ്. അതായത് പശ്ചാത്യരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കുട്ടിയെന്ന സങ്കല്പത്തില് ഊന്നിയാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ഒക്കെ നിര്‍മിക്കപ്പെടുന്നത്. നമ്മുടേത് ആ പാശ്ചാത്യ കുട്ടിയെന്ന സങ്കല്പത്തില്നിന്ന് ഒരുപാട് മാറിയിട്ടുമാണ്. ഒരു കുട്ടിയെ വാക്കുകൊണ്ടോ ശാരീരികമായോ ഉപദ്രവിച്ചാല്‍ ആ സമയം കുട്ടി ആരുടെ നിയന്ത്രണത്തിലാണോ അയാള്‍ക്കുള്ള ശിക്ഷ ഇന്ത്യയിലും സ്വീഡനിലും ഒരുപോലെയാണ്.
കുട്ടികളും മുതിര്‍ന്നവരുമായുള്ള ഈ സംഘര്‍ഷം ഇല്ലാതാക്കാന്‍ പുതിയ കാലത്തിന് അനുസൃതമായ പാരന്റിങ് ഇവിടെ വ്യാപകമാകണം. വളരെ ബാല്യം മുതല്‍ തന്നെ വീട്ടില്‍ കുട്ടികളോട് കൂട്ടുകാരെപ്പോലെ പെരുമാറണം. അവരോട് സംവദിച്ച് കുറേനേരം ചെലവഴിക്കണം. 'ഫാദര്‍ ഫിഗര്‍' എന്ന ബോധ്യത്തില്‍ വീട്ടിലും സ്കൂളുകളിലും അടിച്ചും അടിച്ചമര്‍ത്തിയും പഠിപ്പിക്കുന്ന രീതി പാടെ മാറണം. അതൊന്നും ഇല്ലാതെ വേണം പഠിപ്പിക്കാന്‍. ലോകത്ത് അതിന് അനുഗുണമായി നിലനില്‍ക്കുന്ന മെത്തഡോളജി ഉപയോഗിച്ചേ മതിയാകൂ.
തയാറാക്കിയത്: കെ.കെ. സുബൈര്‍, ജില്ല ശിശു സംരക്ഷണ ഓഫിസര്‍, തിരുവനന്തപുരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.