ദോഹ: നോമ്പുകാലമായാൽ വീട്ടുകാരുടെ അലസതയും കൂടും. രാത്രികാലങ്ങളിൽ പ്രാർഥനകളും ഭക്ഷണങ്ങളുമായി സജീവമാകുമ്പോൾ ജോലിയില്ലെങ്കിൽ പകൽ ഉറക്കവും മറ്റുമായി മാറും. എന്നാൽ, ഈ സമയം വീട്ടിലെ കുട്ടികളുടെ കാര്യത്തിൽ വീഴ്ചവരുത്തരുതെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ. റമദാൻ മാസത്തിൽ വീടുകൾക്കുള്ളിലെ അപകടങ്ങളും പരിക്കുകളും കുറക്കാനും ഒഴിവാക്കാനും വീടകങ്ങളിൽ മതിയായ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനു (എച്ച്.എം.സി) കീഴിലെ ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം നിർദേശിച്ചു.
കുടുംബങ്ങൾ, പ്രത്യേകിച്ച് കുട്ടികളുള്ള കുടുംബങ്ങൾ വീട്ടിലായിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. പരിക്ക്, മുറിവ്, പൊള്ളൽ, വീഴ്ചകൾ, മുങ്ങിമരണം എന്നിവ ഒഴിവാക്കാൻ കുട്ടികൾക്ക് സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഹമദ് ട്രോമ സെന്ററിലെ ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം അസി. ഡയറക്ടർ ഡോ. ഐഷ ഉബൈദ് ഓർമപ്പെടുത്തുന്നു. കൊച്ചുകുട്ടികളിൽ എപ്പോഴും ശ്രദ്ധയുണ്ടാവണം.
വീടുകളിൽ തിരക്കിലാകുമ്പോഴുണ്ടാകുന്ന അനാവശ്യ പരിക്കുകൾ ഒഴിവാക്കാനും അവർക്ക് സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കും. വീടുകളിലെ അപകടസാധ്യതയുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് മറ്റൊരു വഴി. പലപ്പോഴും മുതിർന്നവരുടെ ശ്രദ്ധക്കുറവാണ് വീഴ്ച, വിഷബാധ, മുങ്ങിമരണം, ശ്വാസംമുട്ടൽ, പൊള്ളൽ തുടങ്ങിയ അപകടങ്ങൾക്ക് പ്രധാന കാരണമാവുന്നത്. ബഹുനില ഫ്ലാറ്റുകളിൽ താമസിക്കുന്നവർ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.
വിഷാംശമുള്ള വീട്ടുപകരണങ്ങൾ, ഡിറ്റർജന്റുകൾ, സ്റ്റെറിലൈസറുകൾ, മരുന്നുകൾ, ക്ലീനിങ് ഉൽപന്നങ്ങൾ തുടങ്ങിയവ നാലുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഭ്യമല്ലാത്ത ഇടങ്ങളിൽ പൂട്ടിയ കാബിനുകൾക്കുള്ളിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇഞ്ചുറി പ്രിവൻഷൻ വിഭാഗം ഓർമിപ്പിച്ചു. കുട്ടികൾ കാറിനുള്ളിൽ ഒറ്റക്കിരിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാറിനുള്ളിൽ ശ്വാസതടസ്സമുണ്ടായി മരണം വരെ സംഭവിക്കാമെന്നും അവർ പറഞ്ഞു.ഇഫ്താറും സുഹൂറും തയാറാക്കുമ്പോൾ അടുക്കളയിൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണം. പൊള്ളലേൽക്കുക പോലെയുള്ള അപകടങ്ങളും പരിക്കുകളും തിരക്കുമൂലമാണ് പ്രധാനമായും സംഭവിക്കുന്നത്. അതിനാൽ ഇഫ്താർ പോലെയുള്ളവ നേരത്തെ തയാറാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.