നന്നേ തിരക്കുപിടിച്ച ഒരു ഒ.പി ദിവസമായിരുന്നു ആരൊക്കെയോ താങ്ങിപ്പിടിച്ച് സുബൈദയെ കൊണ്ടുവന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ണീരു വറ്റിയ കണ്ണുകളിൽ ആധിയും ദൈന്യതയും ഒരുമിച്ച് പടരുന്നതു കാണാം. രക്തസമ്മർദം കൂടി ശരീരത്തിന്റെ ഒരുവശം കുറച്ചു നേരത്തേക്ക് തളർന്നു പോവുന്ന അവസ്ഥ (Transient Ischaemic Attack)യിലാണ് കക്ഷി. നാലുദിനം മുമ്പാണ് തന്റെ പൊന്നോമന പുത്രി അടുത്ത ബന്ധുവിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കവയ്യാതായപ്പോൾ ഒരുതുണ്ടു കയറിൽ ജീവിതം അവസാനിപ്പിച്ചു മാഞ്ഞുപോയത്, പറയാനുള്ളതൊക്കെ ഒരു ആത്മഹത്യാ കുറിപ്പിൽ എഴുതിെവച്ചു പോയൊരു പതിനേഴുകാരി.
മലമുകളിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലത്തെ സ്ഥിരം സന്ദർശകയായിരുന്നു സദാ വലിവിെൻറ അസുഖമുള്ള നബീസുമ്മ. ഒരിക്കൽ പതിമൂന്നുകാരിയായ പേരക്കുട്ടിയും ഒപ്പമുണ്ടായിരുന്നു, റാഹിന -മഞ്ഞപ്പുള്ളിത്തട്ടമിട്ട ഒരു മൊഞ്ചത്തിക്കുട്ടി. അവരുടെ സങ്കടങ്ങൾ എന്നോടു മാത്രമായി പങ്കുവെക്കപ്പെട്ടപ്പോൾ ആ പ്രളയത്തിൽ ഞാനും മുങ്ങിത്താഴുകയായിരുന്നു. പൂക്കളോടും പൂമ്പാറ്റകളോടും കൂട്ടുകൂടി വെള്ളച്ചാലുകൾ കീറി മുറിച്ചു നടന്ന റാഹിന. ജന്മം നൽകിയ പിതാവിന്റെ തലോടലുകൾക്ക് മറ്റൊരു വശമുണ്ടെന്നറിഞ്ഞ് തകർന്നുപോയവൾ. തക്കവും തഞ്ചവും നോക്കി മകളെ പ്രാപിക്കാൻ നടക്കുന്ന സ്വന്തം പിതാവ്. വീടിനുള്ളിലെ നിമിഷങ്ങളോരോന്നിനെയും പേടിയായി തുടങ്ങിയപ്പോൾ ഭയമാണ് വിശപ്പിനെക്കാൾ അസഹനീയമെന്ന് റാഹിന പറഞ്ഞു കൊണ്ടേയിരുന്നു. കിനാവുകൾ വിരിയേണ്ട ആ കണ്ണുകളിൽ ഭയമല്ലാതെ മറ്റൊന്നും എനിക്ക് കാണാനായില്ല.
ഗായത്രിക്ക് ഭംഗിയുള്ള കണ്ണുകളും നീളൻ മുടിയും ഉണ്ടായിരുന്നു. പക്ഷേ, പറഞ്ഞറിയിക്കാനാവാത്ത വിധം നാനാതരം വയ്യായ്കകളുമായി നിത്യേനയെന്നോണം എന്റെയടുത്ത് ചികിത്സക്ക് വരാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് എന്നോടു മാത്രമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ഞാൻ ആവർത്തിച്ച് ചോദിച്ചത്. അപ്പോഴാണ് അയൽവാസിയുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ കാര്യം വല്ലാത്തൊരു വിങ്ങിപ്പൊട്ടലോടെ എന്നോടു പറഞ്ഞത്.
ഇവർ മൂന്നുപേരും, പെൺകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന സമൂഹത്തിനു മുന്നിൽ ഇപ്പോഴും നിഴലിച്ചുനിൽക്കുന്ന ചോദ്യചിഹ്നമാണ്. സ്ത്രീസമൂഹം ഇത്തരം അതിക്രമങ്ങളെ മാനസികമായും ശാരീരികമായും നേരിടാനുള്ള കരുത്ത് ആർജിച്ചെടുക്കണം. സ്വയം സംരക്ഷണത്തിന്റെ പാഠങ്ങൾ പ്രാവർത്തികമാക്കൽ അനിവാര്യമാണ്. ലിംഗഭേദം എന്നത് ഒരു സമൂഹസൃഷ്ടി ആണെന്ന് അവർ മനസ്സിലാക്കട്ടെ. സ്വന്തം കഴിവും കരുത്തും തിരിച്ചറിയാനുള്ള പരിശീലനം കുഞ്ഞിലേ മുതൽ അവർക്ക് കൊടുക്കാം. മോശമായ നോട്ടങ്ങളോട്, മോശമായ വാക്കുകളോട്, മോശമായ സ്പർശനങ്ങളോട് 'പറ്റില്ലാ' എന്നു പറയാൻ തന്നെയാണ് അവർ ആദ്യം പഠിക്കേണ്ടത്. നല്ല രീതിയിലുള്ള ആശയ വിനിമയത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വയം സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കാം.
നൂതന ആശയ വിനിമയ ഉപാധികൾകൂടി പ്രയോഗിച്ചാൽ ഇത് കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാം. ഉദാഹരണത്തിന് Bad Touch പോലുള്ള യു ട്യൂബ് വിഡിയോകൾ. ലൈംഗിക അതിക്രമങ്ങൾ കൂടുതലും അനുഭവിക്കേണ്ടി വരുന്നത് ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ തുടങ്ങി അടുത്തിടപഴകുന്നവരിൽ നിന്നാണെന്നാണ് വസ്തുത. ഇതു കാരണംതന്നെ ഇരകൾ അത് മൂടിവെക്കാനാണ് കൂടുതലും മുതിരുന്നത്. അതുകൊണ്ട് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമേ ലോകം അറിയുന്നുള്ളൂ.
ലൈംഗിക വൈകല്യങ്ങൾ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലും കാണപ്പെടാറുണ്ടെങ്കിലും പുരുഷ മേൽക്കോയ്മയിലൂടെ കടന്നുപോവുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതു കൊണ്ട് ഇത്തരം വൈകല്യങ്ങളുടെ ഇരകൾ എപ്പോഴും സ്ത്രീകളാണ്. ഭവിഷ്യത്തുകൾ അനുഭവിക്കാൻ വിധിക്കപ്പെടുന്നതും ഇക്കൂട്ടർതന്നെ. ലൈംഗിക വൈകല്യങ്ങളെ മാനസികാരോഗ്യ വിദഗ്ധർ വളരെ ബുദ്ധിമുട്ടിയാണ് നിർവചിച്ചിട്ടുള്ളത്. എങ്കിലും സഹജീവികൾക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള ലൈംഗിക വൈകല്യങ്ങൾ തീർച്ചയായും ചികിത്സിക്കപ്പെടേണ്ടതു തന്നെയാണ്. ലൈംഗിക വൈകല്യങ്ങൾ വേരോടെ പിഴുതെറിയാൻ പറ്റില്ലെങ്കിലും ഒരു പരിധിവരെ മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിച്ചുനിർത്താനാവും. മാത്രമല്ല കൗൺസിലിങ്ങിനു (കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി പോലുള്ളവ) വിധേയരായവരിൽ നല്ല തോതിൽ ശമനം കണ്ടുവരുന്നു.
ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരിൽ ഭൂരിഭാഗം പേരും പിന്നീട് കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോവുന്നു. വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ കാരണം ജീവിതം ദുഷ്കരമാവുന്നു. നിർലോഭമായ മാനസിക പിന്തുണ കൊടുത്ത് ഇക്കൂട്ടരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
ലോകം മനോഹരമാണ്. ആണിനെ സഹജീവിയായി കണ്ട് പരസ്പരം സഹകരിച്ചും ഇടകലർന്നും മുന്നേറുമ്പോൾതന്നെ ഇടക്ക് സംഭവിച്ചേക്കാവുന്ന ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വ്യക്തിയും അതിലുപരി സമൂഹവും പഠിച്ചു കഴിഞ്ഞാൽ ലോകം വീണ്ടും അതിമനോഹരമാകും. നിസ്സഹായതയും ഭയവും അടിയറവിന്റെ വേദനയും നിഴലിക്കുന്ന മുഖങ്ങൾ ഇനിയും കാണാതിരിക്കണമെങ്കിൽ നാം ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷയെ പറ്റി നാം വാചാലരാവുമ്പോൾ തന്നെ മറുവശത്ത് പീഡനകഥകൾ പത്രത്താളുകൾ നിറക്കുന്നു. മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഈ വിഷയത്തിൽ ഇനിയെങ്കിലും കണ്ണു തുറക്കണം. ബോധവത്കരണം വ്യാപിപ്പിക്കൽ, പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ശക്തമായ ലൈംഗിക അതിക്രമ പ്രതിരോധ വിങ്ങുകളുടെ രൂപവത്കരണം, നിലവിലെ നിയമങ്ങളെ പഴുതുകളടച്ചു ശക്തിപ്പെടുത്തൽ തുടങ്ങിയ നടപടികളെങ്കിലും സർക്കാർ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
(പിൻകുറി: ചൈൽഡ് ലൈൻ, നിർഭയ തുടങ്ങിയ സർക്കാർ സേവനങ്ങൾ ലൈംഗികാതിക്രമങ്ങൾക്കെതിരായി നിലവിലുണ്ട്.)
തയാറാക്കിയത്: ഡോ. ഹസനത്ത് സൈബിൻ, അസിസ്റ്റൻറ് സർജൻ, സി.എച്ച്.സി ഓമാനൂർ, മലപ്പുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.