ദോഹ: അന്താരാഷ്ട്ര ഹോർടികൾചറൽ എക്സ്പോയുടെ സന്ദേശം പുതു തലമുറയിലേക്കും പകരുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിൽ സന്ദർശനം നടത്തി ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി അധികൃതർ.
സർക്കാർ, സ്വകാര്യ മേഖലകളിലെ 154ഓളം സ്കൂളുകളിലാണ് എക്സ്പോയുടെ വിദഗ്ധ ടീം സന്ദർശനം നടത്തിയത്. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പരിശീലന പരിപാടികൾ, കൃഷിരീതികൾ, പരിസ്ഥിതി സംരക്ഷണ പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുന്നത്. പൂന്തോട്ട നിർമാണങ്ങൾ, ചെടികളും വൃക്ഷങ്ങളും നടുന്നതിന്റെ ശാസ്ത്രീയ രീതികൾ, തോട്ടങ്ങളുടെ പരിപാലനം, ഇൻഡോർ-ഔട്ട്ഡോർ ഇടങ്ങളിലെ കാലാവസ്ഥ നിരീക്ഷണം തുടങ്ങി വിവിധ മേഖലകളിലായി കുട്ടികൾക്ക് സംഘം പരിശീലനം നൽകുന്നുണ്ട്.
ഹോർട്ടികൾചറൽ എക്സ്പോ കമ്മിറ്റിയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചാണ് സ്കൂൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. പുതു തലമുറയിലേക്ക് പരിസ്ഥിതി, സംരക്ഷണ സന്ദേശം പകരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആറുമാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയുടെ ഭാഗമായ ഏറ്റവും സുപ്രധാനമായ നടപടികളിൽ ഒന്നാണ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണങ്ങൾ.
മുനിസിപ്പാലിറ്റി മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പൂന്തോട്ട മാതൃകാ നിർമാണ മത്സരത്തിൽ പങ്കെടുക്കുന്നവർ
ഖത്തറിലെ മുഴുവൻ സ്കൂളുകളിലുമെത്തി കുട്ടികളുമായി ആശയവിനിമയം നടത്തി സന്ദേശം കൈമാറാൻ കഴിയുന്നതോടെ വലിയൊരു വിഭാഗം കമ്യൂണിറ്റികളിലേക്ക് എക്സ്പോയുടെ ലക്ഷ്യമെത്തിക്കാൻ കഴിയുമെന്ന് പ്രോഗ്രാം മാനേജ്മെൻറ് ഡയറക്ടർ ലുൽവ അൽ മുഹന്നദി പറഞ്ഞു. ഇതോടൊപ്പം മുനിസിപ്പാലിറ്റി മന്ത്രാലയവുമായി കൈകോർത്തും സ്കൂൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ നടക്കുന്നുണ്ട്. സെപ്റ്റംബർ 28നാണ് എക്സ്പോ അധികൃതരുടെ സ്കൂൾ കാമ്പയിന് തുടക്കം കുറിച്ചത്.
ദോഹ എക്സ്പോ വേദിയിലെ നൈജർ പവിലിയനിൽ നിന്ന് ആഫ്രിക്കയുടെ സംസ്കാരമറിയാൻ നൈജർ പവിലിയൻ
ദോഹ: ആദ്യ ദിനങ്ങളിലേതിനേക്കാൾ നിറപ്പകിട്ടും വിഭവസമൃദ്ധവുമായി മാറുകയാണ് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. പുതിയ പവിലിയനുകളും സവിശേഷമായ പ്രദർശനങ്ങളുമായി മുന്നേറുന്ന എക്സ്പോ വേദിയിൽ ശ്രദ്ധേയമായ ഒന്നാണ് പശ്ചിമാഫ്രിക്കയുടെ വിശേഷങ്ങളുമായി കാത്തിരിക്കുന്ന നൈജർ പവിലിയൻ.
നൈജർ പവിലിയൻ രാജ്യത്തിന്റെ ധാതുവിഭവങ്ങളിൽ മാത്രം ഒതുങ്ങാതെ നിയോലിത്തിക്ക് കാലഘട്ടത്തിലെ റോക്ക് ആർട്ട് ഉൾപ്പെടെയുള്ള രാജ്യത്തെ സവിശേഷമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ടെനെർ മരുഭൂമിയിലെ മണൽക്കാടുകൾക്കടിയിൽ കണ്ടെത്തിയ ദിനോസറുകളുടെ അവശിഷ്ടങ്ങളുടെ കഥയും പവിലിയൻ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു.
പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, വിനോദസഞ്ചാരം എന്നിവക്കൊപ്പം സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിനുള്ള ഉപാധിയായി വിവര സാങ്കേതികവിദ്യയുടെ വളർച്ചയിലും വികാസത്തിലും നൈജർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പവിലിയൻ പറയുന്നു. തുണിത്തരങ്ങൾ, ഫാഷൻ, ആദിമ നിവാസികളുടെ സംഗീതം, കരകൗശലവസ്തുക്കൾ എന്നിങ്ങനെ നൈജറിന്റെ സാംസ്കാരിക വൈവിധ്യത്തെ എടുത്തുകാണിക്കുന്ന ഘടകങ്ങളും പവിലിയനിൽ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.