മുക്കൂട്: ‘കമോൺ..കമോൺ , ടെയ്സ്റ്റീ ഫുഡ് ..’ഭരണികളിൽ നിറച്ചു വെച്ച നിലക്കടലയും മണിക്കടലയും മസാലക്കടലയും ചൂണ്ടി തമീമും കൂട്ടുകാരും വിളിച്ചു പറഞ്ഞപ്പോൾ ‘ഹൗ മച്ച് ഈസ് ദ പ്രൈസ്?’ എന്ന ചോദ്യവുമായി ആദ്യം മുന്നിലെത്തിയത് ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുരേശനായിരുന്നു.
‘ഓൺലി ടു റുപ്പീസ് സർ’ പരിഭ്രമവുമില്ലാതെ കുട്ടികളുടെ മറുപടി. ഇതുകേട്ടതോടെ വിദ്യാഭ്യാസ ഓഫിസർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നിറഞ്ഞ സംതൃപ്തി.
സമഗ്രശിക്ഷ കേരള ആവിഷ്കരിച്ച ‘എൻഹാൻസിങ് ലേണിങ് ആംബിയൻസ്’ (ഇല) പ്രോഗ്രാമിന്റെ ഭാഗമായി ബേക്കൽ ബി.ആർ.സിയുടെ സഹകരണത്തോടെ മുക്കൂട് ഗവ.എൽ.പി സ്കൂളിൽ ഒരുക്കിയ ഇംഗ്ലീഷ് കാർണിവൽ ആണ് കുട്ടികളുടെ പഠനമികവിന്റെ പ്രകടന വേദിയായത്.
കോവിഡ് കാലം കുട്ടികളിലുണ്ടാക്കിയ പഠനപ്രയാസങ്ങൾ മറികടക്കാനും പിന്തുണ നൽകാനും വേണ്ടിയാണ് ‘ഇല’ പദ്ധതിക്ക് എസ്.എസ്.കെ രൂപം നൽകിയത്. ഭാഷ, ഗണിതം, പരിസര പഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇംഗ്ലീഷിൽ ‘ദ ലോസ്റ്റ് ചൈൽഡ്’ എന്ന യൂനിറ്റിനെ അടിസ്ഥാനമാക്കി മുക്കൂട് സ്കൂളിൽ സംഘടിപ്പിച്ച ‘ഇംഗ്ലീഷ് കാർണിവൽ’ അക്ഷരാർഥത്തിൽ മുക്കൂട് ഫെസ്റ്റ് ആയി മാറി. ബാൾ ഗെയിം, റിങ് ഗെയിം, ടംബ്ലർ ഗെയിം എന്നിവക്കൊപ്പം, ടോയ്സ്, ബുക്സ്, ഫുഡ് കോർട്ട് തുടങ്ങിയവയും മിതമായ നിരക്കിൽ വ്യത്യസ്ത സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്നു.
ഓപൺ ഓഡിറ്റോറിയത്തിൽ പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കാവശ്യമായ പലഹാരങ്ങളും പുസ്തകങ്ങളും പിശുക്കുമില്ലാതെ അവർ വാങ്ങിക്കൊടുത്തപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ ബുക്സ്റ്റാളും ഫുഡ് കോർട്ടും കാലി.
ലളിതമായി സംഘടിപ്പിച്ച കാർണിവലിന് നല്ല സ്വീകാര്യത ലഭിച്ചതോടെ, വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിനു പുറത്ത് പൊതുവേദിയിൽ മെഗാ കാർണിവൽ സംഘടിപ്പിച്ച് വിദ്യാലയ മികവ് സമൂഹത്തെ ബോധ്യപ്പെടുത്താനുളള ആലോചനയിലാണ് മുക്കൂട് സ്കൂൾ പി.ടി.എയും വിദ്യാലയ വികസന സമിതിയും.
അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗവും മുക്കൂട് സ്കൂൾ വികസന സമിതി ചെയർമാനുമായ എം. ബാലകൃഷ്ണൻ ഇംഗ്ലീഷ് കാർണിവലും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. സുരേശൻ മുഖ്യഭാഷണം നടത്തി.
പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. പുഷ്പ, ഒയോളം നാരായണൻ, സുനിത പ്രകാശൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക കെ. ജയന്തി സ്വാഗതവും വിജിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.