തസീൻ സ്വാബ്രിയോടും നാജി സ്വാബ്രിയോടും അൽപനേരം സംസാരിച്ചാൽ ‘നമ്മളൊക്കെ എന്തിനാണ് സ്കൂളിൽ പോയത്’ എന്ന് തോന്നിപ്പോകും. സൈനും കോസും ടാനും തീറ്റയുമെല്ലാം കുത്തിയിരുന്ന് മനഃപാഠമാക്കിയതെന്തിനാണെന്ന് ഓർത്തുപോകും. ലസാഗുവും ഉസാഘയും പഠിക്കാത്തതിന്‍റെ പേരിൽ സ്കൂളിന്‍റെ പടിക്ക് പുറത്തുനിന്നതോർത്ത് ചിരിച്ചുപോകും. (a-b)2 = a2- 2ab + b2 എന്ന ഇനിയും പഠിക്കാത്ത കണക്കിന്‍റെ കാലത്തേക്ക് ഓർമകൾ തിരിച്ചുപോകും. ഇതെല്ലാം മോശമാണ് എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ,, ഈ സിലബസുകൾക്കെല്ലാമപ്പുറമാണ് കണ്ണൂരുകാരായ സ്വാബ്രി സഹോദരൻമാരുടെ പാഠ്യപദ്ധതി. ഇതുവരെ സ്കൂളിൽ പോയിട്ടില്ല. പക്ഷേ, 16ാം വയസ്സിൽ ഇറ്റാലിയൻ കമ്പനിയിൽ മികച്ച ശമ്പളത്തിൽ ആനിമേറ്ററായി ജോലിക്ക് കയറിയിരിക്കുകയാണ് നാജി. അനുജൻ തസീനാകട്ടെ, 12ാം വയസ്സിൽ 300 പേജുള്ള ഉഗ്രനൊരു ഇംഗ്ലീഷ് ഫിക്ഷനെഴുതി ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറക്കുകയും ചെയ്തു. ഷാർജയിൽ പ്രവാസികളായ കണ്ണൂർ സ്വദേശി അബ്ദുൽ ഖാദറിന്‍റെയും ജുബൈരിയയുടെയും മക്കൾ നടക്കുന്നതും ചിന്തിക്കുന്നതുമെല്ലാം വേറിട്ട വഴികളിലൂടെയാണ്.
ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചാൽ ഇരുവർക്കും ഉത്തരമുണ്ടാകില്ല. ഏതു പാഠ്യപദ്ധതിയാണ് പിന്തുടരുന്നതെന്നു ചോദിച്ചാൽ ബാപ്പായുടെ മുഖത്തേക്ക് നോക്കും. സ്വന്തം വീട്ടിലിരുന്ന് ഹോം സ്കൂളിങ്ങിന്‍റെ പഠനക്കളരിയിലാണ് ഇരുവരും പഠിച്ച് വളർന്നത്. സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് സ്വയം താൽപര്യത്തോടെ പഠിക്കുന്ന രീതിയാണിത്. അക്കാദമിക് സിലബസിൽനിന്ന് വ്യതിചലിച്ച് സ്വന്തം സിലബസാണ് ഈ കുട്ടികളുടെ പഠനത്തെ നയിക്കുന്നത്. ഒരേസമയം ഹിസ്റ്ററിയും ജ്യോഗ്രഫിയും ആനിമേഷനും ഗെയിമിങ്ങും ഏവിയേഷനും ആസ്ട്രോണമിയും സംഗീതവും ഭാഷാപഠനവുമെല്ലാം ഇവർ സ്വായത്തമാക്കുന്നു. സ്കൂൾ സർട്ടിഫിക്കറ്റിനേക്കാൾ മൂല്യം പരിചയസമ്പത്തിനും കഴിവിനുമുള്ള ഈ കാലത്ത് മക്കളെ സ്വയംപര്യാപ്തരാക്കാനും അവർക്കിഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനും പഠനസമ്മർദം കുറക്കാനും അബ്ദുൽഖാദർ കണ്ടെത്തിയ മാർഗമാണ് ഹോം സ്കൂളിങ്. ഇനി, സർട്ടിഫിക്കറ്റ് വേണമെന്ന് വാശിപിടിക്കുന്നവർക്കായി കേന്ദ്ര ഗവൺമെന്‍റിന്‍റെ പത്താം ക്ലാസ് പരീക്ഷ എഴുതിയെടുത്തിട്ടുണ്ട് നാജി, അതും മികച്ച മാർക്കോടെ. ക്രിയേറ്റിവ് ആനിമേഷൻ വിദഗ്ധനായ നാജി ദുബൈയിലെ ഇറ്റാലിയൻ കമ്പനിയിൽ ജോലി തുടങ്ങിക്കഴിഞ്ഞു. സ്വന്തമായി ഗെയിം വികസിപ്പിച്ചെടുത്ത അവൻ 3ഡി ആനിമേറ്റർ കൂടിയാണ്. ഹോളിവുഡ് സിനിമകളിലെ വാഹനങ്ങളുടെ മാതൃക തയാറാക്കലാണ് പ്രധാന ജോലി. ഏവിയേഷനാണ് മറ്റൊരു ഇഷ്ട മേഖല. സിനിമയെടുക്കണമെന്നും ആഗ്രഹമുണ്ട്. പിതാവ് അബ്ദുൽ ഖാദർ ‘ഡി നോവ’ എന്ന പേരിൽ മലയാള സിനിമ സംവിധാനം ചെയ്തിരുന്നു. സ്വന്തമായി പ്രൊഡക്ഷൻ കമ്പനി നടത്തുകയാണ് അബ്ദുൽ ഖാദർ.
‘ഗോഡ് ഓഫ് ഡ്രാഗൺസ്’ എന്ന പേരിലാണ് ഇളയവൻ തസീൻ പുസ്തകമെഴുതിയത്. മലയാളത്തേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന തസീൻ ഇപ്പോൾ സ്പാനിഷ്, ജർമൻ ഭാഷകളുടെ പഠനത്തിലാണ്. ഓൺലൈൻ വിഡിയോയും ഫിക്ഷൻ സീരീസുകളുമാണ് തസീനെ പുസ്തകമെഴുത്തിലേക്കെത്തിച്ചത്. ആദ്യമെഴുതിയത് ചെറുകഥ. തസീന്‍റെ എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞ് നൽകിയ പ്രോത്സാഹനമാണ് 25 ചാപ്റ്ററുള്ള 300 പേജ് പുസ്തകത്തിലേക്ക് എത്തിച്ചത്. ആറോ ഏഴോ ഭാഗമുണ്ടാവും ഈ പുസ്തകത്തിന്. ഇതിന്‍റെ രണ്ടാം പതിപ്പിന്‍റെ രചനയിലാണ് തസീൻ. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി വൈകാതെ തുടങ്ങാനുള്ള ഒരുക്കവും ഇതിനിടയിൽ നടക്കുന്നുണ്ട്. ഓൺലൈൻ പുസ്തക പ്രകാശനത്തിന്‍റെ വെബ്സൈറ്റ് രജിസ്റ്റർ ചെയ്തു. ഹിസ്റ്ററിയും ജ്യോഗ്രഫിയുമാണ് ഇഷ്ടവിഷയം. അതുമായി ബന്ധപ്പെട്ടാണ് കൂടുതൽ പഠനം. പുസ്തകങ്ങൾ ഓൺലൈൻ വഴി വാങ്ങി വായിച്ച് പഠിക്കും. ആസ്ട്രോണമിയാണ് മറ്റൊരു ഇഷ്ടവിഷയം. ദുബൈ ആസ്ട്രോണമി ഗ്രൂപ് മെംബറാണ്. ഇതിനിടയിൽ പിയാനോ പഠനവുമുണ്ട്. റോക്കറ്റ് നിർമാണം ഓൺലൈനായി പഠിക്കുന്നുണ്ട്. റോക്കറ്റ് നിർമാണം മുതൽ വിക്ഷേപണം വരെയുള്ള ഓരോ ഘട്ടവും വെർച്വലായി തസീൻ തയാറാക്കും. കോവിഡ് സമയത്ത് നിംസ് സ്കൂളിന്‍റെ ഓൺലൈൻ ക്ലാസിൽ മറ്റ് കുട്ടികളോടൊപ്പം പങ്കെടുത്തിരുന്നു. സ്ഥിരം ക്ലാസിൽ പോയിരുന്ന കുട്ടികളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത് തസീനാണ്. ദുബൈ നോർത്തേൺ എമിറേറ്റ്സ് ഹോം സ്കൂളിങ് അസോസിയേഷൻ അംഗമാണ്.
മറ്റു കുട്ടികളുമായും ലോകവുമായും ബന്ധമുണ്ടാകില്ല എന്നതാണ് ഹോം സ്കൂളിങ്ങിന്‍റെ പോരായ്മയായി പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഇത് ശരിയല്ലെന്ന് അബ്ദുൽ ഖാദറും ജുബൈരിയയും അനുഭവങ്ങളുടെ വെളിച്ചത്തിൽ ചൂണ്ടിക്കാണിക്കുന്നു.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.