കേളകം: ബെല്ലടിച്ചാൽ വിദ്യാർഥികൾ ചിരിക്കുന്ന ഒരു വിദ്യാലയമുണ്ട് കൊട്ടിയൂരിൽ. തലക്കാണി ഗവ. യു.പി സ്കൂൾ. രാവിലെ സ്കൂളിലെ പ്രാർഥന കഴിഞ്ഞാൽ ഉടൻ ഒരു ബെല്ല് മുഴങ്ങും ‘ലാഫിങ് ബെൽ’. അത് കേട്ടാൽ ഒരു മിനിറ്റ് നേരം വിദ്യാർഥികളും അധ്യാപകരും കൈ ഉയർത്തി മതിമറന്ന് പൊട്ടിച്ചിരിക്കും. തുടർന്ന് എല്ലാ സമ്മർദങ്ങളും മറന്ന് പഠനത്തിലേക്ക്.
കഴിഞ്ഞ നവംബർ മാസത്തിലാണ് ലാഫിങ് ബെൽ ആരംഭിക്കുന്നത്. കുടുംബ സാഹചര്യങ്ങൾ, പഠനത്തോടുള്ള പേടി തുടങ്ങി പല കാരണങ്ങൾ കുട്ടികളെ മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിനാണ് ലാഫിങ് ബെൽ.
വിദ്യാർഥികളുടെ പഠനനിലവാരം എങ്ങനെയൊക്കെ മെച്ചപ്പെടുത്താം എന്ന അധ്യാപക തല ചർച്ചയിൽ ഉയർന്നു വന്ന വ്യത്യസ്തമായ ആശയമാണ് ഇത്. കുട്ടികൾ ഇപ്പോൾ ഉത്സാഹത്തോടെയാണ് ലാഫിങ് ബെല്ലിനായി കാത്തിരിക്കുന്നത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ലാഫിങ് ക്ലബുകൾ പലതും ഉണ്ടെങ്കിലും സ്കൂളുകളിൽ ഇത്തരമൊന്ന് പുതിയതാണ്.
കുട്ടികളും അധ്യാപകരും ഒരുപോലെ സന്തോഷത്തിലാണെന്നും കുട്ടികളുടെ മാനസിക - ശാരീരിക ഉന്മേഷത്തിന് ലാഫിങ് ബെൽ ഗുണകരമാണെന്നും സ്കൂൾ പ്രധാനാധ്യാപിക എൻ. സാറ പറയുന്നു. മറ്റ് സ്കൂളുകൾക്കും മാതൃകയാക്കാവുന്നതാണ് ലാഫിങ് ബെൽ എന്ന് തലക്കാണി സ്കൂളിലെ അധ്യാപകർ ഒന്നടങ്കം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.