കളിപ്പാട്ടങ്ങൾൾ ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല ലോകത്ത്. പക്ഷെ, വിശപ്പകറ്റാൻ പോലും പ്രയാസപ്പെടുന്ന ജീവിതത്തിൽ കളിപ്പാട്ടങ്ങളുടെ സുന്ദര ലോകം പല കുട്ടികൾക്ക് മുമ്പിലും ഒരു സ്വപ്നം മാത്രമായി അവശേഷിക്കാറാണ് പതിവ്. ലോകത്തിന്റെ പല കേണുകളിലും തങ്ങളുടെ ഇഷ്ടങ്ങളെ ഉള്ളിലൊതുക്കി കഴിയുന്ന ലക്ഷക്കണക്കിന് കുട്ടികളുണ്ട്. അവരിൽ ചിലർക്കെങ്കിലും തങ്ങളുടെ പ്രവൃത്തി മൂലം സന്തോഷം നൽകാൻ കഴിയുമെന്ന് ആഗ്രഹിക്കുകയാണ് യു.എ.ഇയിലെ ഒരു കൂട്ടം സ്കൂൾ വിദ്യാർഥികൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടപ്പെടുന്ന ദരിദ്ര കുടുംബത്തിലെ കുട്ടികൾ അടക്കമുള്ള ജനവിഭാഗങ്ങൾക്ക് ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കൈത്താങ്ങുമായി അൽഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഇരുപത് വിവിധ രാജ്യങ്ങളിലേക്ക് പത്തിലധികം കാർട്ടൺ ബോക്സ് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും 10,000 ദിർഹത്തിലധികം വരുന്ന സഹായ ധന വിതരണവും നടത്തിയിരിക്കുകയാണ് ഈ കുട്ടികൾ.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള സ്കൂൾ പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കാളികളായി. വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച കളിപ്പാട്ടങ്ങളും തുകയും റെഡ് ക്രസന്റിന് സ്കൂളിലെ വെൽ ബീയിങ് ഡിപ്പാർട്ട്മെന്റ് സഹായം കൈമാറി.
അടിയന്തിര സഹായമായി ശാരീരിക പരിമിതികളുള്ള കുട്ടികൾക്കുള്ള ഉപകരണങ്ങൾ, അനാഥർക്കുള്ള വസ്ത്രങ്ങൾ, വീൽ ചെയറുകൾ, വീടുകളിലേക്കുള്ള വൈദ്യുത വിളക്കുകൾ എന്നിവയുടെ വിതരണവും നടത്തി. സ്കൂളിന്റെ ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ഹെയർ ഡോണേഷൻ ക്യാമ്പയിനിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും മുടി മുറിച്ച് നൽകിയതും കഴിഞ്ഞ ആഴ്ചയിലാണ്. അർബുദ രോഗികൾക്ക് കീമോ ചികിത്സ നൽകുമ്പോൾ കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരമായി വിഗ് തയാറാക്കി നൽകാനാണ് മുടി മുറിച്ചു നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.