അൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷതിന്റെ ആരംഭമാണ് നാളെ. എന്നാൽ, ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. ജൂലൈ രണ്ടുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്.
ഏഷ്യൻ സ്കൂളുകളിൽ ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠന യാത്രകളും നടക്കാറുള്ളത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം പരിപാടികൾ ഒന്നും പൂർണതോതിൽ നടന്നിരുന്നില്ല. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും എടുത്തുകളഞ്ഞതോടെ ഈ വർഷം കലാകായിക പരിപാടികളും വിനോദയാത്രകളും നടക്കുമെന്ന സന്തോഷത്തലാണ് വിദ്യാർത്ഥികളും അധ്യാപകരും.
വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങികഴിഞ്ഞു. അധ്യാപകരും ഇതര ജീവനക്കാരും അവധി കഴിഞ്ഞ് ഒരാഴ്ച മുന്നേ സ്കൂളുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. രണ്ടുമാസമായി അടച്ചിട്ട ക്ലാസ് മുറികൾ വൃത്തിയാക്കുകയും സ്കൂൾ ബസുകൾ യാത്രാസജ്ജമാക്കുകയുമാണ് ഡ്രൈവർമാരും മറ്റു ജീവനക്കാരും.
സ്കൂൾ ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളും ആദ്യദിനം സ്കൂളിലെത്തുമ്പോൾ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. എന്നാൽ, ദുബൈയിലെ സ്കൂളുകൾ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ അടച്ചിട്ട മുറികളിൽ മാസ്ക് നിർബന്ധമാണ്. ചെറിയ കുട്ടികൾക്കും കലാ കായിക ഇനങ്ങളിൽ ഏർപ്പെടുന്നവർക്കും മാസ്ക് ധരിക്കുന്നതിൽ ഇളവുണ്ട്. തുടർച്ചയായ കോവിഡ് പരിശോധന, സ്കൂളിൽ പ്രവേശിക്കുമ്പോഴുള്ള ശാരീരിക ഊഷ്മാവ് പരിശോധന തുടങ്ങിയ മുൻകരുതൽ നടപടികളും ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകളുടെ പ്രവർത്തനം കോവിഡ് മഹാമാരിക്കുമുന്നേയുള്ള അവസ്ഥയിലേക്ക് മാറുന്നുവെന്നതിന്റെ തെളിവാണിത്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷമായി അവധിക്ക്നാട്ടിൽ പോകാൻ കഴിയാത്തവരായിരുന്നു കുടുബങ്ങളിൽ അധികവും. കോവിഡിനെ തുടർന്നുള്ള യാത്ര നിയന്ത്രണങ്ങൾ പൂർണമായി എടുത്തു കളഞ്ഞതോടെ നല്ലൊരു ശതമാനം കുടുംബങ്ങളും ഈ വർഷം അവധിക്ക് നാട്ടിൽ പോയവരാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷതേടി കുടുംബസമേതം നാട്ടിൽ പോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും മഴകാലം ആസ്വദിക്കാനും കുടുബ സമേതം വിനോദയാത്ര പോയതിന്റെയുമൊക്കെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.
യു.എ.ഇയിലെ ചൂടിൽ കുറവ് വന്നതും ഏറെ ആശ്വാസമാണ്. അവധിക്കാലത്തിനുശേഷം കേരളത്തിൽ നിന്നും യു.എ.ഇയിലേക്ക് വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ യാത്ര മാറ്റിവെച്ച പല കുടുംബങ്ങളുമുണ്ട്. 1500 ദിർഹമാണ് കേരളത്തിൽ നിന്നും യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക്. പലരും വൺ സ്റ്റോപ്പ് ടിക്കറ്റെടുത്ത് മറ്റ് രാജ്യങ്ങൾ വഴിയാണ് യു.എ.ഇയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.