പഠിച്ചു മികവിലേറുന്നതിനൊപ്പം എങ്ങനെ സന്തോഷകരമായി ജീവിക്കാമെന്നു കൂടി കുട്ടികളെ പഠിപ്പിക്കാനൊരുങ്ങുകയാണ് ദുബൈയിലെ ഒരു സ്കൂൾ. സെപ്തംബർ മാസത്തോടെ മാനസികാരോഗ്യ പഠനം കരിക്കുലത്തിൽ ഉൾപെടുത്തിയാണ് മാനസികവും വൈകാരികവുമായ കഴിവുകൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കാനൊരുങ്ങുന്നത്.
ദുബൈയിലെ ബൈട്രൺ കോളജാണ് പരീക്ഷണാടിസ്ഥാനത്തിൽ സന്തോഷ പാഠമൊരുക്കുന്നത്. കോളേജിലെ ആറാം ഫോം വിദ്യാർത്ഥികൾ ഓരോ ആഴ്ചയും ഒരു മണിക്കൂർ മാനസികാരോഗ്യ പഠനത്തിനായി നീക്കിവയ്ക്കും. 12-13, 16-18 വയസ്സ് ഗ്രൂപ്പിലുള്ള വിദ്യാർത്ഥികളെയാണ് ലക്ഷ്യം വെക്കുന്നത്.
പുതിയ മാനസികാരോഗ്യ പാഠ്യപദ്ധതിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാമെന്നും കൂടുതൽ പോസിറ്റീവായിരിക്കാമെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കും. മാനസികാരോഗ്യവും ക്ഷേമപഠനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനൊപ്പം ഭക്ഷണം, പോഷണം, വ്യായാമം, ആശയവിനിമയം, നേതൃത്വം, ഉന്മേഷം, പോസിറ്റീവ് ബന്ധങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചും കൗമാരക്കാരെ പഠിപ്പിക്കും.എല്ലാ കുട്ടികൾക്കും പ്രത്യേക സന്തോഷവും വളരെ സന്തുഷ്ടരായിരിക്കാനുള്ള കഴിവുകളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടി.
നിർദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അതേപടി അനുസരിക്കുന്നതിന് പകരം അവരുടെ ശക്തി ആഘോഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളെ അവരുടെ മാനസികവും വൈകാരികവുമായ കഴിവുകൾ തിരിച്ചറിയുന്നതിനായി പ്രാപ്തരാക്കും. അവരുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും ചർച്ച ചെയ്യും -ബ്രൈടൺ കോളേജിലെ ആറാമത്തെ ഫോം മേധാവി ജോ ഹാൾ വ്യക്താമക്കി.
മിക്ക സ്കൂളുകളിലും മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ബൈട്രൺ കോളജിലെ പരീക്ഷണം വിജയകരമാകുന്ന പക്ഷം എമിറേറ്റിലുടനീളം പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാൻ അധികൃതർ തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.