‘ഞാനെന്തിനാ സ്കൂളിൽ പോകുന്നത്?. അവർ അവരുടെ ആളെക്കൊണ്ട് പരീക്ഷ എഴുതിച്ചോളും. ഞാൻ ജയിക്കുകയും ചെയ്യും’. പത്താം ക്ലാസിൽ പഠിക്കുന്ന ആദിവാസി വിദ്യാർഥി വിദ്യാലയത്തിൽ പോകാത്തത് ചോദിക്കാൻ ചെന്ന പ്രമോട്ടറോട് ഒരു കുട്ടി പറഞ്ഞതാണിത്.
ഏറ്റവും കൂടുതൽ ലേർണിങ് ഡിസബിലിറ്റിയുള്ള ആദിവാസി വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ജില്ലയാണ് വയനാട്. ബുദ്ധിപരമായി ഒരു കുറവുമില്ലാത്ത വിദ്യാർഥികളെ പോലും പരീക്ഷക്കിരുത്താതെ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതുന്ന രീതി ജില്ലയിൽ അടുത്തകാലത്തായി വ്യാപകമായുണ്ട്.
വിദ്യാലയത്തിന്റെ റിസൽട്ട് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ. ഇതിനെക്കുറിച്ചുള്ള പരാതികൾ നിരവധി ഉയർന്നിട്ടുണ്ട് . എന്നാൽ, കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം.
പഠിക്കാൻ ബുദ്ധിപരമായി കഴിവില്ലാത്ത കുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നതിന് മറ്റൊരു കുട്ടിയെ ചുമതലപ്പെടുത്താം എന്ന ചട്ടം ദുരുപയോഗം ചെയ്യുകയാണ് പല വിദ്യാലയങ്ങളും. കഴിഞ്ഞ തവണ കൽപറ്റയിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ 45 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 41 പേരും ഇത്തരത്തിലാണ് എഴുതിയത് എന്നത് ഈ രംഗത്തെ വലിയ ക്രമക്കേടിന്റെ ഉദാഹരണമാണ്.
ഇത് ആദിവാസി സമൂഹത്തിന്റെ വളർച്ചയെയും വിദ്യാഭ്യാസ മുന്നേറ്റത്തെയും ഇല്ലാതാക്കുന്ന നടപടിയാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാലയത്തിൽ കൃത്യമായി വരുന്ന ആദിവാസി കുട്ടികളെ പോലും പരീക്ഷയെഴുതിക്കാതെ പകരം സംവിധാനം കാണുന്നത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
വിദ്യാർഥികളുടെ പഠന കാര്യങ്ങളിൽ കാര്യമായ ശ്രദ്ധയില്ലാതാവുകയും ഇതിലൂടെ വിദ്യാർഥികളുടെ പഠനം അവതാളത്തിലാവുകയുമാണ് ചെയ്യുന്നത്. എയ്ഡഡ് വിദ്യാലയങ്ങളിൽ ചിലയിടങ്ങളിലാണ് കൂടുതലായും അക്കാദമിക നിലവാരമുയർത്തുകയെന്ന മറവിൽ വഴിവിട്ട നീക്കം നടക്കുന്നത്. റസിഡൻഷ്യൽ വിദ്യാലയങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കണക്കുകൾ ഒപ്പിക്കാൻ ഒരു സമൂഹത്തോട് കാണിക്കുന്ന ക്രൂരത ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്കൂൾ രജിസ്ട്രറിലെ കണക്കിൽ മാത്രമുള്ള ആദിവാസി കുട്ടികളുണ്ട് പല വിദ്യാലയത്തിലും. അവരിൽ പലരെയും അധ്യാപകർ കാണാറുപോലുമില്ല.
അധ്യയനം തുടങ്ങുന്നതിനു മുമ്പ് കോളനികളിലെത്തി വിദ്യാർഥികളുടെ കണക്കെടുക്കുന്ന അധ്യാപകർ തിരിച്ചറിയൽ രേഖ വാങ്ങിയും അല്ലാതെയും ചേർക്കുന്ന കുട്ടികളിൽ പലരെയും പിന്നീട് വിദ്യാലയം തുറന്നാൽ കാണാറില്ല.
വെള്ളമുണ്ട, തിരുനെല്ലി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുന്നത്. ഇവിടങ്ങളിലെ കണക്കു പ്രകാരം ഇരുന്നൂറിലധികം ആദിവാസി കുട്ടികളുണ്ടായിരുന്ന വിദ്യാലയങ്ങളിൽ അധ്യയനം തുടങ്ങി മൂന്നു മാസം പൂർത്തിയാകുമ്പോൾ പകുതി പേർ പോലും ക്ലാസുകളിൽ എത്തിയിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഒരു ദിവസം പോലും ക്ലാസ് മുറി കാണാത്ത കുട്ടികളും നിരവധിയാണ്. കൃത്യമായി ഹാജർ എടുക്കാറുണ്ടെങ്കിലും കുട്ടികൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. സ്കൂൾ മാന്വൽ പ്രകാരം 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലുള്ള ഹാജർ കുറവ് പ്രധാനാധ്യാപകന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാവുന്നതാണ്.
25 ശതമാനത്തിൽ കൂടുതലും 40 ശതമനം വരെയും ഹാജർ കുറവ് വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെയും സാധൂകരിക്കാവുന്നതാണ്. ഈ ഇളവ് മറയാക്കി അധികൃതരുടെ മൗനാനുവാദത്തോടെയാണ് കുട്ടികളെ വെച്ച് കണക്കൊപ്പിക്കുന്നത്.
ആദിവാസി വിരുദ്ധമായ ഇത്തരം നടപടികളാണ് പലരെയും മക്കളുടെ വിദ്യാഭ്യാസത്തിന് ചുരം ഇറങ്ങുന്നതിനും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിലേക്കും നയിക്കുന്നത്. ആദിവാസി വിദ്യാർഥികളുടെ മുഴുവൻ ചെലവും സ്വകാര്യ സ്ഥാപനങ്ങൾ വഹിക്കാനും തയാറാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.