ചെങ്ങന്നൂർ: പരമ്പരാഗത കൈത്തൊഴിലായ മൺപാത്ര നിർമാണം നിലക്കില്ല. സർക്കാറിന്റെ കൈത്താങ്ങിൽ പുനരുജ്ജീവനം നേടുകയാണ് മൺപാത്ര നിർമാണ വ്യവസായം. ചെങ്ങന്നൂരിനു സമീപം തിരുവൻവണ്ടൂർ കല്ലിശ്ശേരി മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 18 കുടുംബത്തിലെ 18 വനിതകളും രണ്ടു പുരുഷന്മാരും മൺപാത്ര നിർമാണത്തിൽ വ്യാപൃതരാണ്.
സ്റ്റൈപൻഡോടെ ഒരു പരിശീലകന്റെ ശിക്ഷണത്തിൽ മേയ് 22 മുതൽ ഒക്ടോബർവരെയുള്ള 90 ദിവസങ്ങളിൽ കളിമൺപാത്ര നിർമാണത്തിൽ ഇവർ വൈദഗ്ധ്യം നേടി. കൂജകൾ, ഭരണികൾ, ഗ്ലാസ്, കപ്പ്, പൂജാപാത്രങ്ങൾ, ആമ്പൽവിളക്ക്, റാന്തൽ, വഞ്ചികൾ, ചിരാത്, അലങ്കാരവസ്തുക്കൾ, ചെടിച്ചട്ടികൾ തുടങ്ങിയവയെല്ലാം പെൺകരുത്തിൽ രൂപപ്പെടുത്തുന്നു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെ കേരളീയത്തിൽ ഏഴുദിവസവും നൂറനാട് പടനിലത്ത് 12ദിവസവും പ്രദർശന-വിപണന മേളകളിൽ ഇവിടുത്തെ ഉൽപന്നങ്ങൾ ഇടംപിടിച്ചു. താലൂക്കിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര, ഇരമല്ലിക്കര, ബുധനൂർ, മിത്രക്കരി, ചക്കുളത്തുകാവ്, തിരുവല്ലയിലെ ആലുംതുരുത്തി എന്നിവിടങ്ങളിലെ 250ഓളം കുടുംബങ്ങളായിരുന്നു കൈത്തൊഴിലായ മൺപാത്ര നിർമാണത്തിൽ ഉണ്ടായിരുന്നത്.
പുതുതലമുറയിലുള്ളവരൊന്നും ഈതൊഴിൽ ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെ കല്ലിശ്ശേരി, ഇരമല്ലിക്കര, മഴുക്കീർ പ്രാവിൻകൂട്ടിലുമായി മൂന്നു കുടുംബം മാത്രമാണ് അവശേഷിച്ചത്. 72കാരനായ കല്ലിശ്ശേരി ഉമയാറ്റുകര വല്യവീട്ടിൽ വടക്കേതിൽ വി.കെ. ഉണ്ണിയും ഭാര്യ വി.കെ. ലളിതമ്മയും വല്യവീട്ടിൽ വടക്കേതിൽ ശിവശങ്കര അയ്യരും ഭാര്യ പൊന്നമ്മയും പ്രാവിൻകൂട് അമൽഭവനിൽ വി.കെ. വിജയനും ഭാര്യ ഗീതയുമാണ് നഷ്ടം സഹിച്ചും തൊഴിലിൽ തുടർന്നു വന്നത്.
ഇപ്പോഴുള്ളവരുടെ കാലശേഷം മൺപാത്ര നിർമാണ വ്യവസായത്തിന്റെ കണ്ണിയറ്റു പോകുമെന്ന നിലയായിരുന്നു. ഇതറിഞ്ഞ് എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. മുത്താരമ്മ ഗ്രാമീണകലാകേന്ദ്രമെന്ന നാമധേയത്തിൽ സൊസൈറ്റി രൂപവത്കരിക്കുകയും സാംസ്കാരിക വകുപ്പും ആറന്മുള വാസ്തുവിദ്യാ ഗുരുകുലവും സംയുക്തമായി ഒമ്പതുലക്ഷം രൂപ നൽകുകയും ചെയ്തു. ബംഗളൂരുവിൽനിന്നുമാണ് മണ്ണിറക്കിയത്. മണ്ണ് അരയ്ക്കുന്നതുൾപ്പടെയുള്ള യന്ത്രസാമഗ്രികളും വാങ്ങിനൽകി.
തുടർന്ന് ഇവരുടെ സൊസൈറ്റി കെട്ടിടത്തിൽ ചൂളകൂട്ടി കളിമൺപാത്രങ്ങളും അലങ്കാര വസ്തുക്കളും നിർമിക്കാനാരംഭിച്ചു. തടിയിൽ നിർമിച്ച ചട്ടക്കൂട്ടിൽ അതിനുചുറ്റും കോൺക്രീറ്റ്ചെയ്ത് ബയറിങ്ങിൽ തീർത്ത(വീൽ)ചക്രമാണ് നിർമാണത്തിനു ഉപയോഗിക്കുന്ന പരമ്പരാഗതരീതി. ഇപ്പോൾ ആധുനികയന്ത്രങ്ങൾ ഉപയോഗിച്ചാണ് കളിമണ്ണ് മെനഞ്ഞെടുക്കുന്നത്. ഒന്നര മാസംകൊണ്ടാണ് ഒരു ചൂളക്കുവേണ്ട പാത്രങ്ങൾ ചുട്ടെടുക്കാൻ തയാറാകുന്നത്. അതിനുശേഷം വില്പനയ്ക്കു തയാറാകും. 40,000 മുതൽ 45,000 രൂപ വരെയാണ് ഒരുചൂളയ്ക്കുള്ള മൺപാത്രങ്ങൾ ചുട്ടെടുക്കുമ്പോഴുള്ള ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.