ലോകത്തിലെ അതിസമ്പന്നരുടെയും വലിയ വിജയങ്ങള്‍ നേടിയിട്ടുള്ളവരുടെയും ഒരു ദിവസം എങ്ങനെയായിരിക്കും എന്നറിയാന്‍ നിങ്ങള്‍ക്ക് കൗതുകം തോന്നാറില്ലേ? എല്ലാദിവസത്തിനും അവര്‍ക്ക് ഒരു ചിട്ടയുണ്ടായും. ഓരോ ദിവസവും തുടര്‍ന്നുപോരുന്ന ശീലങ്ങളാണ് വിജയവഴിയില്‍ അവര്‍ക്കുള്ള ഇന്ധനമാകുന്നത്. വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്ത്തിയവരുടെയും ചരിത്രത്തില്‍ ഇടംപിടിച്ച പ്രമുഖരുടെയും ദിനചര്യകള്‍ സാധാരണക്കാരുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഇവരെല്ലാം അവരുടെ ദിവസം ആരംഭിക്കുന്നത് അതിരാവിലെയാണ്. ലോകത്തെ വിജയികളായവരില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് അവരില്‍ 90 ശതമാനം പേരും ആറുമണിക്ക് മുമ്പേ എഴുന്നേല്‍ക്കുന്നവരാണ്. അതില്‍ തന്നെ കുറേപ്പേര് നാലുമണിക്ക് മുമ്പ് എഴുന്നേല്ക്കും. ഇത്രനേരത്തെ ദിവസം ആരംഭിക്കുകയാണെങ്കില്‍ അവര്‍ക്ക് മറ്റുളളവരേക്കാള്‍ വളരെ മുന്നിലെത്താന്‍ സാധിക്കും.
എഴുന്നേറ്റശേഷം വ്യായാമം ചെയ്യുന്നതാണ് ശീലം. വിജയിച്ച എല്ലാവരും തന്നെ എതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവരാണ്. അത് ചിലപ്പോള്‍ നടക്കലാവാം, നീന്തലാവാം, ജോഗിങ്ങോ, ഫുട്ബാള്‍ പോലുള്ള കളികളോ ആവാം. തുടര്‍ന്ന് അവര്‍ അൽപസമയം ശരീരത്തിന് വിശ്രമം നല്‍കിക്കൊണ്ട് മനസിനെ സ്വസ്ഥമാക്കി ധ്യാനത്തിലിരിക്കുകയോ നിശബ്ദരായിരിക്കുകയോ ചെയ്യും. വിജയിച്ച വ്യക്തികളില്‍ കാണുന്ന മറ്റൊരു ശീലമാണ് വായന. വിജയിച്ച വ്യക്തികളെല്ലാം തന്നെ ഒരു ദിവസം ഇരുപതോ അതിലധികമോ പേജുകള്‍ വായിച്ചിട്ടുളളതായി പറയുന്നു. മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ബില്‍ഗേറ്റ്സ് തുടങ്ങിയ ലോകശ്രദ്ധ നേടിയവരെല്ലാം തന്നെ നിശ്ചിതസമയം വായനക്കായി മാറ്റിവെക്കുന്ന ശീലമുള്ളവരാണ്. ഓരോരുത്തരും അവരവരുടെ മേഖലയിലെ കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനാണ് വായനയെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഒരു ദിവസം 30മിനിറ്റെങ്കിലും വായനക്കായി മാറ്റിവെക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിച്ച ഒരുശതമാനം ആളുകളുടെ കൂട്ടത്തില്‍ എത്താന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
ആരോഗ്യകരമായ പ്രഭാതഭക്ഷണം ആണ് അടുത്ത ശീലം. രുചികരവും ആരോഗ്യത്തിന് ഗുണമുള്ളതുമായ ആഹാരം രാവിലെ കഴിക്കാന്‍ ഇവരെല്ലാം ശ്രദ്ധിച്ചിരുന്നു. അത് അന്നത്തെ ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം കൂടിയാണ്. വിജയിച്ച എല്ലാ ആളുകളും തന്നെ എട്ടുമണിക്കുതന്നെ ജോലി തുടങ്ങുന്നവരായിരുന്നു. ബഹുഭൂരിപക്ഷം വിജയികളും തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ ഓഫീസുകളില്‍ എത്തുന്നതിന് മുമ്പുതന്നെ തൊഴിലിടങ്ങളില്‍ എത്തുകയും അന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തുടങ്ങുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സമയബന്ധിതമായി ജോലികള്‍ തീര്‍ത്ത് ജോലിക്കായി മാറ്റിവെച്ച സമയം അവസാനിക്കുമ്പോള്‍ തന്നെ അവിടെ നിന്നും ഇറങ്ങി സോഷ്യലൈസേഷന് പോലെ, എന്റര്‍ടൈന്‍മെന്റ് പോലെ ജീവിതത്തിലെ മറ്റുകാര്യങ്ങള്‍ക്കായി സമയം ചെലവഴിച്ചിരുന്നു.
വിജയിച്ചവരെല്ലാം തന്നെ അവരുടെ കുടുംബ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എല്ലാം വളരെ വിലപ്പെട്ടതായി സൂക്ഷിച്ചിരുന്നു. അവര്‍ക്കുവേണ്ടി സമയം ചിലവഴിച്ചിരുന്നുവെന്നതും സത്യമാണ്. പുസ്തക വായനയല്ലാതെ പഠനത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ കാലത്തിനും അനുസരിച്ച് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുക, പരിശീലന പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിരുന്നു. അറിവും, സ്കില്ലും എല്ലാം സമയാസമയങ്ങളില്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഓരോ ദിവസവും എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് അവര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരിക്കും. ആ ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ക്ലാരിറ്റി അവരുടെ ഉള്ളിലുണ്ടാകും. ഇക്കാരണത്താല്‍ ഒരു നിമിഷംപോലും അവര്‍ നഷ്ടപ്പെടുത്തേണ്ടിവരില്ല. വളരെ അര്‍ത്ഥവത്തായി ഓരോ മിനിറ്റും നൂറും ശതമാനം ഉപയോഗപ്പെടുത്തി പൂര്‍ണമായും ഫലം ലഭിക്കുന്ന തരത്തില്‍ ആ ദിവസത്തെ അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും.
എല്ലാ ദിവസവും ലക്ഷ്യങ്ങളെക്കുറിച്ച് ബോധമുണ്ടാവകയും അതിനെക്കുറിച്ച് എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും പറയുന്നു. ഓരോ ദിവസവും ഉല്പാദനക്ഷമമാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എപ്പോഴും കയ്യിലുണ്ടാകും. കാര്യങ്ങളെല്ലാം തന്നെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അതിനനുസരിച്ച് മുമ്പോട്ട് പോകുന്നതിനാല്‍ അനാവശ്യമായ സ്ട്രസോ അവസാന സമയങ്ങളിലെ പരക്കംപാച്ചിലോ ഒന്നും അവരുടെ ജീവിതത്തിലുണ്ടാവാറില്ല. ഈ തരത്തില്‍ നിങ്ങളുടെ ദിവസം ചിട്ടപ്പെടുത്തി പോകുകയാണെങ്കില്‍ നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയം എത്തിപ്പിടിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.