സി.എം.സി. നജ്‍ല

അതിജീവനത്തിന്റെ സ്പിൻ ബാൾ

ബാറ്റർമാർ അടിച്ചുപറത്തുന്ന പന്ത് ​എടുത്തുകൊടുക്കാൻ അവിടെത്തന്നെ ചുറ്റിപ്പറ്റിനിന്ന അവളെ ഒടുവിൽ അവർ കളിക്കാൻ കൂട്ടി. പക്ഷേ, ബാറ്റിങ് കൊടുത്തില്ല. ‘ജ്ജ് ബൗൾ ചെയ്തോ’ എന്നുപറഞ്ഞ് പന്തു നൽകി. ആ വാശിക്ക് നന്നായി പന്തെറിഞ്ഞു. ഒടുവിൽ ലോക കിരീടം നേടിയ ക്രിക്കറ്റ് ടീമിൽ വരെ എത്തി... 

നജ്‍ല മാതാപിതാക്കൾക്കൊപ്പം

തുറന്ന ജീപ്പിൽ നീലക്കുപ്പായമണിഞ്ഞ് തലയുയർത്തി അവൾ ജന്മനാട്ടിലൂടെ പാറിനടന്നപ്പോൾ ബൗണ്ടറി കടന്നത് ഒരുപ്പയുടെ മധുരപ്രതികാരംകൂടിയാണ്. ‘‘ന്താ അന്റെ പുറപ്പാട്. ജ്ജ് ഓളെ കെട്ടിച്ചയക്കണൊന്നൂല്യേ. പ്പോ ഓള് വല്യ കുട്ടിയായില്ലേ. ഞ്ഞി...കെട്ടിച്ചയച്ചാളാാ...’’ എന്ന് പറഞ്ഞവരോടൊക്കെ ആ ഉപ്പാക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഓൾക്കൊരു ലക്ഷ്യണ്ട്. ഇന്ത്യൻ കുപ്പായത്തിൽ കളിക്ക്യാന്ന്. അതോണ്ട് ഓൾടെ കൂടെ ഞാൻണ്ടാവും എപ്പഴും’’. തനിക്കുനേരെ ഉയർന്നുവന്ന ഓരോ ബീമറും ക്ഷമയോടെ നേരിട്ട ഉപ്പയുടെ ഉറച്ച ആ വാക്കുകൾ മകൾ പൊന്നാക്കുക കൂടി ചെയ്തപ്പോൾ കിരീടനേട്ടത്തേക്കാൾ വലുതായിരുന്നു അത്.

അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം അംഗമായ സി.എം.സി. നജ്‍ല നാടൊട്ടുക്കും സ്വീകരണം ഏറ്റുവാങ്ങിയപ്പോൾ മലപ്പുറം തിരൂർ പച്ചാട്ടിരി മുറിവഴിക്കലിലെ ചാത്തേരി നൗഷാദിനും മാതാവ് മുംതാസിനും അത് തങ്ങൾ നേരിട്ട പരിഹാസത്തിനും കുത്തുവാക്കുകൾക്കും കൂടിയുള്ള മറുപടിയായിരുന്നു. അല്ലെങ്കിലും നൗഷാദ് എന്ന ഉപ്പക്ക് മകളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാതെ തരമില്ലായിരുന്നു. പ്രത്യേകിച്ചും മികച്ച അത്‍ലറ്റ് കൂടിയായിരുന്ന തനിക്ക് കുടുംബത്തിൽനിന്ന് കിട്ടാത്ത പിന്തുണ താൻ മകൾക്ക് കൊടുത്തില്ലെങ്കിൽ അത് കാലത്തോട് ചെയ്യുന്ന ചതിയായിരിക്കുമെന്ന് ആ പിതാവിന് നന്നായറിയാമായിരുന്നു. 1992ൽ അമച്വർ അത്‍ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നൗഷാദിന് പക്ഷേ ആരും താങ്ങായി നിൽക്കാനില്ലാത്തതിനാൽ കൂടുതൽ ദൂരങ്ങളിലേക്ക് തന്റെ സ്വപ്നങ്ങളെ പായിക്കാനായിരുന്നില്ല. മൈലുകൾക്കപ്പുറം ദക്ഷിണാഫ്രിക്കൻ മണ്ണിൽ മകൾ കപ്പുയർത്തി നിന്നപ്പോൾ അയാൾ തനിക്ക് നേടാനാവാത്തത് മകളിലൂടെ നേടിയ സന്തോഷത്തിലായിരുന്നു.

ഷഫാലി നൽകിയ ബാറ്റുമായി നജ്‍ല

ഗെയിം ചെയ്ഞ്ചർ

മൂന്നാം ക്ലാസ് മുതൽ തൈക്വാൻഡോ പ്രഫഷനായി തെരഞ്ഞെടുത്ത് പരിശീലനം നടത്തിയിരുന്ന നജ്‍ലയുടെ ക്രിക്കറ്റിലേക്കുള്ള യാത്ര പെെട്ടന്ന് പറയാനാവില്ല. ഫുട്ബാളിലും ഒരു കൈ നോക്കിയിരുന്നു. പക്ഷേ, ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിടുന്നത് ഉപ്പ നൗഷാദാണ്. സഹോദരൻ സെയ്തു മുഹമ്മദിന്റെയും ബന്ധു അമീറിന്റെയും സുഹൃത്തുക്കൾക്കൊപ്പം കുട്ടിക്കാലത്ത് മടൽ ബാറ്റ് ഏന്തിയാണ് നജ്‍ലയുടെ ക്രിക്കറ്റ് അരങ്ങേറ്റം. കളിക്കാൻ ചിലപ്പോഴൊക്കെ അവർ കൂടെ കൂട്ടും. ബാറ്റർമാർ അടിച്ചുപറത്തുന്ന പന്ത് എടുത്തുകൊടുക്കാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന എന്നെ ഒടുവിൽ അവർ കളിക്കാൻ കൂട്ടി. പക്ഷേ, മിക്കപ്പോഴും ബാറ്റിങ് കിട്ടില്ല. ‘ജ്ജ് ബൗൾ ചെയ്തോ’ എന്നുപറഞ്ഞ് പന്തു തരും. ആ വാശിക്ക് ഞാൻ നന്നായി പന്തെറിയും. വിക്കറ്റും വീഴ്ത്തും. എനിക്ക് മുതൽക്കൂട്ടായത് ആ ചേർത്തുപിടിക്കലും മാറ്റിനിർത്തലുമാണെന്ന് പറയാം.


ഒറ്റക്കോളം വാർത്ത

പത്രവായനക്കിടെയാണ് നൗഷാദ് ആ ഒറ്റക്കോളം വാർത്ത കാണുന്നത്; ജില്ല ക്രിക്കറ്റ് ടീം സെലക്ഷൻ തിരുവാലിയിൽ. പക്ഷേ, വാർത്തയിലെ അവസാന വരി വായിച്ചതോടെ നിരാശയിലുമായി. സെലക്ഷന് വരുന്നവർ കളിക്കാനുള്ള കിറ്റ് കൊണ്ടുവരണം എന്നായിരുന്നു അത്. ഇന്റർലോക് പണിക്കുപോകുന്ന നൗഷാദ് എന്തുസഹിച്ചും മകളെ സെലക്ഷന് വിടണമെന്ന വാശിയിലായിരുന്നു. അതിനായി ആദ്യം സ്റ്റിച്ച് ബാൾ വാങ്ങി മകൾക്ക് കൊടുത്തിട്ട് പറഞ്ഞു, ഇതിൽ എറിഞ്ഞ് പഠിക്ക് എന്ന്. കടം വാങ്ങി അടുത്തടുത്ത ദിവസങ്ങളിലായി ബാറ്റും പാഡും മറ്റും വാങ്ങിക്കൊടുത്തു. കുടുംബത്തോടൊപ്പമാണ് നിലമ്പൂർ തിരുവാലിയിൽ സെലക്ഷന് പോയത്. അണ്ടർ-16 ടീമിലേക്ക് സെലക്ഷൻ കിട്ടിയതോടെ എല്ലാവർക്കും വലിയ സന്തോഷമായി. പിന്നീട് വേനലവധിക്ക് പരപ്പനങ്ങാടിയിൽ അക്ബർ എന്ന പരിശീലകനു കീഴിൽ എത്തി. അക്ബറാണ് ശരിക്കും നജ്‍ലയിലെ ഭാവിതാരത്തെ കണ്ടെത്തുന്നത്. അദ്ദേഹമാണ് കേരള ക്രിക്കറ്റ് അക്കാദമിയിലെ ഹൈദർ എന്ന പരിശീലകന്റെ അടുത്തേക്ക് അയക്കുന്നത്. പെരിന്തൽമണ്ണയിൽ ഹൈദർ നടത്തുന്ന പരിശീലന ക്യാമ്പിലേക്ക് അതിരാവിലെ ഉമ്മക്കൊപ്പം തിരൂരിൽനിന്ന് ബസിൽ പുറപ്പെടും. ആ പരിശീലനം ഏഴിൽ പഠിക്കുമ്പോൾ കോട്ടയം ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിലേക്ക് പ്രവേശനം ലഭിക്കുന്നതിൽ നിർണായകമായി.

സ്വപ്നം കണ്ട അക്കാദമി ജഴ്സി

കോട്ടയം മാന്നാനം സ്കൂളിൽചേർന്ന് അവിടെ പരിശീലനം ആരംഭിച്ചെങ്കിലും രണ്ടുമാസം മാത്രമാണ് അവിടെ നിൽക്കാനായത്. വീടും വീട്ടുകാരെയും വിട്ടുനിൽക്കാനാകാതെ വന്നതോടെ സ്കൂളിലും ഹോസ്റ്റലിലും കരച്ചിൽ മാത്രമായി കൂട്ട്. അക്കാദമിയിലുള്ളവർ അവിടെ നിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും തിരികെപോരുകയായിരുന്നു. പക്ഷേ, അവിടെയും നജ്‍ലയെ ക്രിക്കറ്റിലേക്ക് പിടിച്ചുനിർത്താനായി ഒരു മോഹം ബാക്കിവെച്ചിരുന്നു. ക്രിക്കറ്റ് അക്കാദമി എന്നെഴുതിയ ജഴ്സി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണഗിരിയിൽ കെ.സി.എയുടെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത് വഴിത്തിരിവായി. അങ്ങനെ കൃഷ്ണഗിരിയിലെ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ചു. മീനങ്ങാടി ഗവ. എച്ച്.എസ്.എസിൽ പഠനം തുടർന്നു. പ്ലസ് ടു വരെ ഇവിടെയായിരുന്നു പഠനം. വീട്ടുകാരെ കാണാത്ത സങ്കടത്തിൽ കരയുമായിരുന്നെങ്കിലും അക്കാദമി ജഴ്സി എന്ന മോഹം പിടിച്ചുനിർത്തി.

വിരൽതുമ്പിലെ സ്പിൻ മാന്ത്രികത

മീഡിയം പേസ് ബൗളറായിരുന്ന നജ്‍ലയുടെ വിരൽതുമ്പിൽ ഒളിച്ചിരിക്കുന്ന സ്പിൻ മാന്ത്രികത കണ്ടെത്തിയത് അക്കാദമി പരിശീലകരാണ്. അണ്ടർ16 മലപ്പുറം ജില്ല ടീമിലാണ് ആദ്യമായി പ്രഫഷനലായി കളിക്കുന്നത്. നജ്‍ലയുടെ കീഴിൽ അണ്ടർ16 നോർത്ത് സോൺ ടീം ജേതാക്കളായിരുന്നു. അണ്ടർ19 നോർത്ത് സോൺ ടീമിനെ നയിച്ചും തിളങ്ങി. 2020 മുതൽ കേരള സീനിയർ വനിത ടീം അംഗമാണ്. ചലഞ്ചർ ട്രോഫിയിലെ മിന്നുംപ്രകടനം സെലക്ടർമാരുടെ കണ്ണിലുടക്കിയതാണ് അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ റിസർവ് ടീമിൽ ഇടംനേടിക്കൊടുക്കുന്നത്. ചലഞ്ചർ ട്രോഫിയിൽ ക്യാപ്റ്റനാകുന്ന ആദ്യ കേരളതാരമെന്ന ചരിത്രനേട്ടം കൂടിയാണ് അന്ന് നജ്‍ലയെ തേടിയെത്തിയത്. ഡി ടീമിന്റെ ക്യാപ്റ്റനായിരുന്ന നജ്‍ല ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി.

കനലായി കോറിയിട്ട ഡയറിക്കുറിപ്പ്

അണ്ടർ19 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള ആദ്യപടിയായിരുന്നു നാഷനൽ ക്രിക്കറ്റ് അക്കാദമി പഞ്ചാബിലെ മൊഹാലിയിൽ നടത്തിയ സോണൽ ടീം സെലക്ഷൻ. നന്നായി പെർഫോം ചെയ്തിട്ടും പക്ഷേ സെലക്ഷൻ കിട്ടാതിരുന്നതോടെ നിരാശയായി. പക്ഷേ, നാട്ടിലേക്ക് വിമാനം കയറുംമുമ്പ് ഒന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു. മൊഹാലിയിലെ മുറിയിൽ അത് ഡയറിയിലേക്ക് പകർത്തിയത് ഇങ്ങനെ.-‘‘ഒരുപാട് സങ്കടവുമായാണ് നാട്ടിലേക്ക് പോകുന്നത്. നന്നായി പെർഫോം ചെയ്തതിനാൽ സെലക്ഷൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ... അണ്ടർ 19 ടീം പ്രഖ്യാപിക്കുമ്പോൾ ഞാനുമുണ്ടാകും അതിൽ ഒരാളായി. അതിനായി നാട്ടിൽപോയി നന്നായി ഹാർഡ് വർക് ചെയ്യണം. പ്രത്യേകിച്ചും ഫിറ്റ്നസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.’’

തിരൂരിലെത്തിയ നജ്‍ല രണ്ടുദിവസം മാത്രം വീട്ടിൽനിന്നശേഷം കൃഷ്ണഗിരിയിലേക്ക് പരിശീലനത്തിന് തിരിച്ചു. കഷ്ടപ്പാടിലും നൗഷാദും മുംതാസും മകളുടെ ആഗ്രഹത്തിനൊപ്പം തണലായും താങ്ങായും നിന്നു. അക്കാദമിയിലെ പരിശീലകരായ ദീപ്തി, ജസ്റ്റിൻ എന്നിവരുടെ ഉറച്ചപിന്തുണ കൂടിയായതോടെ ആവേശമായി. മൂന്നു മാസം കഠിന പരിശ്രമം. അത് അണ്ടർ-19 ട്വന്റി 20യിൽ കേരള ടീം നായികയായ നജ്‍ലക്ക് ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ തുണയായി. പിന്നീട് ചലഞ്ചർ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സെലക്ടർമാർക്ക് കണ്ണടക്കാനാകുമായിരുന്നില്ല. ഡയറിയിൽകുറിച്ച വാക്കുകൾ അന്വർഥമാക്കി നജ്‍ല നീലക്കുപ്പായമണിഞ്ഞു.

ഷഫാലിയുടെ പിറന്നാൾ സമ്മാനം

മികച്ച അനുഭവമാണ് ലോകകപ്പിനായി എത്തിയ ദക്ഷിണാഫ്രിക്കൻ മണ്ണിൽനിന്ന് ലഭിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തിൽ മൂന്ന് ഓവറിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകൾ കൊയ്ത ഇന്ത്യയുടെ വിജയശിൽപിയായി. മറ്റൊരു മത്സരത്തിൽ രണ്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് മിന്നുംപ്രകടനം കാഴ്ചവെച്ചു. ഏതു പന്തും അടിച്ചുപറത്തുന്ന ഷഫാലി വർമക്കും റിച്ച ഘോഷിനും പരിശീലനത്തിന് പന്തെറിഞ്ഞ് കൊടുക്കാനായത് ഏറെ അനുഗ്രഹമായതായി നജ്‍ല പറയുന്നു. പരിശീലന സെഷനിൽ നന്നായി ബൗൾ ചെയ്തുവെന്ന ഷഫാലിയുടെ അഭിനന്ദനവും കരുത്തായി. ‘‘മിക്ക സമയത്തും ഞാനായിരിക്കും ഷഫാലിക്ക് ബൗൾ ചെയ്തുകൊടുക്കാറ്. പിന്നെ ഏറ്റവും വലിയ സന്തോഷം പിറന്നാൾ അവർക്കൊപ്പം ആഘോഷിക്കാനായി എന്നതാണ്. ബൗളിങ് പ്രകടനത്തെ കുറിച്ച് മികച്ച പ്രതികരണം നൽകിയതിനൊപ്പം പിറന്നാൾ സമ്മാനമായി ഷഫാലി ബാറ്റ് സമ്മാനിച്ചത് മറക്കാനാവില്ല.അതോടൊപ്പം അക്കാദമിയും മലപ്പുറം, വയനാട് ക്രിക്കറ്റ് അസോസിയേഷനും നാട്ടുകാരും തരുന്ന പിന്തുണയുടെ വിജയം കൂടിയാണ് എല്ലാ നേട്ടവും. പിന്തുണയുമായ മാതാപിതാക്കൾ കൂടെയുണ്ടെങ്കിലും നല്ലൊരു സ്പോൺസറുടെ അഭാവം നജ്‍ലയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രതിസന്ധിയാകുന്നുണ്ട്.

സീനിയർ സ്വപ്നം

ഇനി സീനിയർ ടീം തന്നെയാണ് സ്വപ്നം. സ്മൃതി മന്ദാനയെ പോലെ ലോകമറിയുന്ന താരമായി മാറുക എന്നതാണ് ആഗ്രഹം. ദക്ഷിണാഫ്രിക്കയിൽ കളിക്കാനാകാതെ പോയത് നിരാശയുണ്ടാക്കിയിരുന്നു. ഇനി കളിച്ച് കപ്പടിക്കണം എന്നാണ് സുൽത്താൻ ബത്തേരി സെന്റ്മേരീസ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥി കൂടിയായ നജ്‍ലയുടെ ആഗ്രഹം. ‘‘ഓൾക്ക് അങ്ങാടിയിലെ ടെക്സ്റ്റൈൽസിൽനിന്ന് ഒരു ജഴ്സി വാങ്ങിക്കൊടുത്താളാ’’ എന്നുപറഞ്ഞ് കളിയാക്കിയവരോട് നൗഷാദ് പണ്ടേ പറഞ്ഞുവെച്ചിരുന്നു; കാൽപന്തുരുളണ നാട്ടിൽനിന്ന് ഒരിക്കൽ ഓള് ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയണിയുമെന്ന്.

Tags:    
News Summary - Spin Ball of Survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.