ദുബൈ: റമദാനിൽ നാം വെക്കുന്ന ഓരോ ചുവടുകളും ജീവകാരുണ്യ മേഖലക്കുള്ള സംഭാവനകളാക്കി മാറ്റാം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും (ഐകാഡ്) ദുബൈ സ്പോർട്സ് കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്നാണ് ‘എ സ്റ്റെപ് ഫോർ ലൈഫ്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്ലാമിക കാര്യ വകുപ്പ് ജലീലിയ ഫൗണ്ടേഷന് നൽകുന്നതാണ് പദ്ധതി.
ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന് സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യരംഗത്തെ ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരംകൂടിയാണ് സംഘാടകർ ഒരുക്കുന്നത്. ഓേരാ ദിവസവും 10,000 സ്റ്റെപ്പെങ്കിലും പൂർത്തീകരിക്കുന്നവർക്ക് റാഫിൾ ഡ്രോയിലേക്ക് അവസരം ലഭിക്കും.
റമദാന്റെ അവസാനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആപ്പിൾ വാച്ച് സമ്മാനമായി ലഭിക്കും. കൂടുതൽ ദിവസം ലക്ഷ്യം പൂർത്തീകരിക്കുന്നവർക്ക് വിജയസാധ്യതയേറും. ഓരോ മിനിറ്റിലും എത്ര പേർ എത്ര ദൂരം നടന്നു എന്ന് ആപ്പിലൂടെ മനസ്സിലാക്കാൻ കഴിയും. ഏറ്റവും കൂടുതൽ ചുവടുകൾ വെച്ചവരുടെ പേരും ചിത്രവും ഇവിടെ കാണാം. ഇത് മിനിറ്റുകളുടെ ഇടവേളയിൽ മാറിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.