ജീവകാരുണ്യത്തിലേക്ക് ചുവടുവെക്കാം...
text_fieldsദുബൈ: റമദാനിൽ നാം വെക്കുന്ന ഓരോ ചുവടുകളും ജീവകാരുണ്യ മേഖലക്കുള്ള സംഭാവനകളാക്കി മാറ്റാം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും (ഐകാഡ്) ദുബൈ സ്പോർട്സ് കൗൺസിലും പ്ലാൻ ബി ഗ്രൂപ്പും ചേർന്നാണ് ‘എ സ്റ്റെപ് ഫോർ ലൈഫ്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ഓരാളുടെ ഒരോ 1000 ചുവടുകൾക്കും 10 ദിർഹം വീതം ഇസ്ലാമിക കാര്യ വകുപ്പ് ജലീലിയ ഫൗണ്ടേഷന് നൽകുന്നതാണ് പദ്ധതി.
ജീവകാരുണ്യ-കായിക മേഖലകളെ സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 100 കോടി ചുവടുകൾ പൂർത്തിയാക്കുക വഴി 10 ലക്ഷം ദിർഹം അൽ ജലീലിയ ഫൗണ്ടേഷന് സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. ഈ തുക രോഗികളുടെ ചികിത്സക്കും ആരോഗ്യരംഗത്തെ ഗവേഷണത്തിനും ഉപയോഗിക്കും. ആരോഗ്യ സംരക്ഷണവും ജീവകാരുണ്യ പ്രവർത്തനവും ഒരേസമയം ചെയ്യാനുള്ള അവസരംകൂടിയാണ് സംഘാടകർ ഒരുക്കുന്നത്. ഓേരാ ദിവസവും 10,000 സ്റ്റെപ്പെങ്കിലും പൂർത്തീകരിക്കുന്നവർക്ക് റാഫിൾ ഡ്രോയിലേക്ക് അവസരം ലഭിക്കും.
റമദാന്റെ അവസാനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആപ്പിൾ വാച്ച് സമ്മാനമായി ലഭിക്കും. കൂടുതൽ ദിവസം ലക്ഷ്യം പൂർത്തീകരിക്കുന്നവർക്ക് വിജയസാധ്യതയേറും. ഓരോ മിനിറ്റിലും എത്ര പേർ എത്ര ദൂരം നടന്നു എന്ന് ആപ്പിലൂടെ മനസ്സിലാക്കാൻ കഴിയും. ഏറ്റവും കൂടുതൽ ചുവടുകൾ വെച്ചവരുടെ പേരും ചിത്രവും ഇവിടെ കാണാം. ഇത് മിനിറ്റുകളുടെ ഇടവേളയിൽ മാറിക്കൊണ്ടിരിക്കും.
എങ്ങനെ പങ്കെടുക്കാം
- സ്റ്റെപ്പി (Steppi) എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ആർക്കും ഈ ഉദ്യമത്തിൽ പങ്കാളിയാവാം
- ഫോൺ നമ്പറും ഇ-മെയിലും നൽകി സൈൻ അപ്പ് ചെയ്യണം
- ആപ്പ് തുറന്ന ശേഷം ചലഞ്ച് എന്ന ഭാഗം തെരഞ്ഞെടുക്കണം
- ഇവിടെ ‘സ്റ്റെപ് ഫോർ ലൈഫ്’ എന്ന ഭാഗം കാണാം. ഇത് വഴി ചലഞ്ചിൽ പങ്കെടുക്കാം
- 10,000 സ്റ്റെപ്പ് പൂർത്തിയാക്കുന്നവർ പൊയന്റ് റെഡീം ചെയ്യണം. എങ്കിലേ സമ്മാനത്തിനായി പരിഗണിക്കൂ
- വിജയികളെ ഇ-മെയിൽ വഴി വിവരം അറിയിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.