ഓരോ ഇസ്ലാം മതവിശ്വാസിയുടെയും നിത്യജീവിതത്തിൽ ഏറെ പ്രധാനമാണ് വിശുദ്ധ ഖുർആൻ. അച്ചടി പുസ്തകങ്ങളായും പുതിയ കാലത്ത് മൊബൈൽ ഫോണിലെ ആപ്ലിക്കേഷനുകളായുമെല്ലാം വിശുദ്ധ ഖുർആൻ ലഭ്യമാണ്. എന്നാൽ, ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ (മിയ) ഒരു അപൂർവ ഖുർആൻ കാത്തിരിപ്പുണ്ട്.
നൂറും അഞ്ഞൂറും അല്ല അതിന്റെ പ്രായം. 1000ത്തിൽ ഏറെ വർഷം പഴക്കമുള്ള അപൂർവങ്ങളിൽ അപൂർവമായൊരു വിശുദ്ധ ഗ്രന്ഥം. ‘ബ്ലൂ ഖുർആൻ’ എന്ന പേരിൽ അറിയപ്പെടുന്ന നീല പ്രതലത്തിൽ രചിക്കപ്പെട്ട ഖുർആൻ. പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് അവതരിക്കപ്പെട്ട ദൈവിക ഗ്രന്ഥം ആ കാലത്ത്, ഈന്തപ്പനപ്പട്ടകളിലും കല്ലുകളിലും മരങ്ങളിലും കൊത്തിവെക്കപ്പെട്ടാണ് സംരക്ഷിക്കപ്പെട്ടതെന്നാണ് ചരിത്രഗവേഷകർ പറയുന്നത്. ഹൃദിസ്ഥമാക്കിയ മനുഷ്യരിലൂടെയും കൈമാറപ്പെട്ടു.
പിന്നീട് അച്ചടി ആരംഭിക്കുന്നതിനും മുമ്പേ ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലോ പത്താം നൂറ്റാണ്ടിലോ എഴുതപ്പെട്ട ‘ബ്ലൂ ഖുർആൻ’ ആണ് കൺനിറയെ കാണാൻ ഇപ്പോൾ ഖത്തറിലെ മ്യൂസിയത്തിലുള്ളത്. ഇസ്ലാമിക ലോകത്തെ ഈ അപൂർവങ്ങളിൽ ഒന്നായ ഈ രചന ഇസ്ലാമിക് മ്യൂസിയത്തിലാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. മ്യൂസിയത്തിലെ ലെവൽ ഒന്നിലെ ഫസ്റ്റ് ഗാലറിയിൽ ഇത് പ്രദർശിപ്പിച്ചിരിക്കുന്നു.
വിശുദ്ധ ഖൂർആൻ ഇന്നുകാണുന്ന അച്ചടിയുടെയും ഡിജിറ്റൽ ഫോർമാറ്റിന്റെയും മുൻകാലങ്ങളിലെ ചരിത്രമന്വേഷിക്കുന്നവർക്കുള്ള അപൂർവ കാഴ്ചയാണ് ബ്ലൂ ഖൂർആൻ. കൂഫി ലിപിയിൽ സ്വർണത്തിലും വെള്ളിയിലും തീർത്ത അക്ഷരങ്ങളാൽ രചിക്കപ്പെട്ട ഖുർആൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലും പ്രദർശിപ്പിക്കുന്നുണ്ട്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് തുനീഷ്യയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ആർക്കിയോളജി എന്നിവിടങ്ങളിലുൾപ്പെടെ ആഗോളതലത്തിലും ചരിത്രാന്വേഷികളുടെയും വിശ്വാസികളുടെയുമെല്ലാം ശ്രദ്ധനേടി.
പുരാതന കാലത്തെ ഇസ്ലാമിക് കലാമികവിനെ അതുല്യമായ കരവിരുതിൽ ചാർത്തപ്പെട്ട ഈ ചരിത്രലിപി ഇന്നും ഗവേഷകർക്ക് വിസ്മയമാണ്. 600 താളുകളിലായി പ്രത്യേക ആകർഷണത്തോടെയുള്ള രചന. അവയിലെ ലിപികൾക്കുമുണ്ട് അപൂർവമായൊരു ചന്തം. ഏതു കാലത്ത്, ആര് എഴുതപ്പെട്ടു എന്നതിലെല്ലാം ചരിത്രകാരന്മാർക്കുള്ള അവ്യക്ത ഇന്നും തുടരുന്നുവെങ്കിലും ആയിരം വർഷത്തിനിപ്പുറവും കാലത്തെയും വെല്ലുവിളിക്കുന്നതാണ് ഇത്. നീലനിറത്തിലുള്ള പേജുകളിലെ സിൽവർകൊണ്ടുള്ള അലങ്കാരം വടക്കേ ആഫ്രിക്കയിൽനിന്ന് പകർത്തിയതാകാം എന്നാണ് ന്യൂയോർക് മ്യൂസിയം വിലയിരുത്തുന്നത്.
നീളമേറിയതാണ് ഓരോ എഴുത്തുകളും. വടക്കൻ ആഫ്രിക്കയിലെയോ, ഇറ്റലിയിലെയോ ഇന്ന് സ്പെയിനിന്റെ ഭാഗമായി മേഖലയിൽനിന്നോ ഉള്ള രചനാവൈഭവം ആണ് ബ്ലൂ ഖുർആനിലേക്ക് പകർത്തപ്പെട്ടതെന്നും പറയുന്നു. ഓരോ പേജിലുമുള്ളത് 15 വരികൾ. ഓരോ വരികൾക്കുമിടയിലും അക്ഷരങ്ങൾക്കിടയിലുമെല്ലാം അകലമുണ്ട്. ചെമ്മരിയാടിന്റെ തോലുകളിൽനിന്നും പ്രത്യേകം സംസ്കരിച്ചെടുത്ത ലെതറിലാണ് ഓരോ ആയത്തുകളും എഴുതി ചേർത്തത്. അവക്ക് നീല നിറം പകരാനായി നീല അമരിച്ചെടികളുടെ ചാറും ഉപയോഗിച്ചുവെന്ന് ഗവേഷകർ പറയുന്നു.
എങ്കിലും ഈ കണ്ടെത്തലുകളിലൊന്നും കൃത്യമായ തീർപ്പുകളില്ല. സ്വർണത്തിലും വെള്ളിയിലുമുള്ള അക്ഷരങ്ങളെ എങ്ങനെ ഈ പ്രതലത്തിലേക്ക് എഴുത്തുകളാക്കി പകർത്തിയെന്നതും അത്ഭുതകരമാണ്. 600 താളുകളായുള്ള രചനകൾ പലകാലങ്ങളിലായി പലയിടങ്ങളിലായി മാറി. ഇവയിൽ പലതും കണ്ടെത്തിയെങ്കിലും ഇന്നും അപൂർവമാണ്. 100ഓളം താളുകൾ തുനീഷ്യയിലെ കൈറൂവാനിൽ തുടരുന്നു. ഇവയിൽ നിന്നും ചെറുതും വലുതുമായ ശേഖരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലെത്തിയതിൽ ഒന്നാണ് ദോഹയിലുമുള്ളത്.
മിയയുടെ ഗാലറികളിലെ അപൂർവ ശേഖരങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കേവർ വേസ്, വാരാണസി നെക്ലസ്, ഹമിദ ബാനു ബീഗം തയാറാക്കിയ രാമായണത്തിന്റെ കൈയെഴുത്തു പ്രതി എന്നിവയുമുണ്ട്. ഗാലറികളിലെ അപൂർവ ശേഖരം നേരിട്ടോ അല്ലെങ്കിൽ മ്യൂസിയത്തിന്റെ ഓൺലൈൻ വഴിയോ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.