ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും അടക്കം വിപുലമായ ചികിത്സ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്. സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളിൽ വിദഗ്ധ ചികിത്സ അടക്കമുള്ള സൗകര്യമുണ്ട്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയാക് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ചരൽമേട്, കരിമല എന്നിവിടങ്ങളിൽ താൽക്കാലിക ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നു. നിലക്കലിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെല്ലാം 24 മണിക്കൂറും ചികിത്സ ലഭിക്കും. പമ്പ, സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ വെന്റിലേറ്റർ സൗകര്യം അടക്കമുള്ള അത്യാഹിത വിഭാഗവുമുണ്ട്. ലബോറട്ടറി സൗകര്യവും ഇവിടങ്ങളിലുണ്ട്. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ മിനി ഓപറേഷൻ തിയറ്ററും എക്സ് റേ സൗകര്യവുമുണ്ട്. ആശുപത്രികളിൽ പാമ്പുവിഷബാധക്ക് നൽകുന്ന ആന്റീവനവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലായിടത്തും സ്പെഷലിസ്റ്റ് ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നും സ്റ്റോക്കുണ്ട്. ഡിവോട്ടീസ് ഡോക്ടേഴ്സ് ഓഫ് അയ്യപ്പ എന്ന പേരിലുള്ള സന്നദ്ധ കൂട്ടായ്മയിലെ 125 ഡോക്ടർമാരും ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഐ.സി.യു ആംബുലൻസ് അടക്കം 14 ആംബുലൻസുകൾ പമ്പയിലും അഞ്ചെണ്ണം നിലക്കലിലും സജ്ജമാക്കിയിട്ടുണ്ട്. വടശ്ശേരിക്കര, പന്തളം ഇടത്താവളം എന്നിവിടങ്ങളിൽ ഓരോന്നും റാന്നി പെരുന്നാട്ട് രണ്ടും ആംബുലൻസുകൾ തയാറാണ്.
ഇതുകൂടാതെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെയും ചരൽമേട്ടിൽ വനം വകുപ്പിന്റെയും അപ്പാച്ചിമേട്ടിൽ ആരോഗ്യ വകുപ്പിന്റെയും ഓരോ ടെറൈൻ ആംബുലൻസുകളും സജ്ജമായിട്ടുണ്ട്. പമ്പയിൽ ഒരു ബൈക്ക് ഫീഡർ ആംബുലൻസുമുണ്ട്.
15 എമർജൻസി മെഡിക്കൽ സെന്ററുകൾ (ഇ.എം.സി) പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാട പതയിൽ പ്രവർത്തിക്കുന്നു. നാലെണ്ണം കരിമല റൂട്ടിലുമുണ്ട്. എല്ലാ ഇ.എം.സികളിലും ഹൃദയ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണുള്ളത്.
നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കമുള്ള കൊതുകുനിവാരണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
ഹോട്ടലുകളിലെ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇടപെടേണ്ട രീതികൾ സംബന്ധിച്ച് നിരന്തരമായ പരിശീലനവും നടന്നുവരുന്നതായി ആരോഗ്യ വകുപ്പ് നോഡൽ ഓഫിസർ ഡോ. കെ.കെ. ശ്യാംകുമാർ പറഞ്ഞു.
ഇടത്താവളം തുടങ്ങി
തിരുവല്ല: നഗരസഭയുടെ നിയന്ത്രണത്തില്‍ അഖിലഭാരത അയ്യപ്പ സേവ സംഘവും ശ്രീ അയ്യപ്പധര്‍മ പരിഷത്തും തിരുവല്ലയില്‍ ശബരിമല ഇടത്താവളം തുടങ്ങി. രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തിലെ മണിമണ്ഡപം അയ്യപ്പസേവ സംഘം ദേശീയ സെക്രട്ടറി അഡ്വ. ഡി. വിജയകുമാര്‍ സമര്‍പ്പിച്ചു. പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് നിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ അനു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ. രാജേഷ് ചാത്തങ്കരി, എന്‍.എസ്.എസ് യൂനിയന്‍ പ്രസിഡന്റ് ആര്. മോഹന്‍കുമാര്‍, മാര്‍ത്തോമ സഭ അല്മായ ട്രസ്റ്റി അഡ്വ. അന്‍സില്‍ സക്കറിയ, ലാല്‍ നന്ദാവനം, ജയകുമാര്‍ വള്ളംകുളം, തോമസ് കോശി, കെ.പി. രഘുകുമാര്‍, രാജന് തോമസ്, ശശിധരന് പിള്ള, ജയദേവന്, ശശി സ്വാമി, ശശികുമാര്‍, സോമനാഥനാചാരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.