മ​ദീ​ന​യി​ലെ മ​സ്ജി​ദു​ൽ ഖു​ബ​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ 

മസ്‌ജിദുൽ ഖുബയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

മദീന: വിഖ്യാതമായ മദീനയിലെ മസ്ജിദുൽ ഖുബയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. 1440 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ് മദീനയിലെത്തിയപ്പോൾ ആദ്യമായി നിർമിച്ചതാണ് ഈ മസ്ജിദ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള പദ്ധതിയുടെ ഭാഗമായി പള്ളിയുടെ വലുപ്പം പതിന്മടങ്ങ് വർധിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ റമദാനിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുൽ ഖുബയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ നടക്കുന്നത്.

അരലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പള്ളിയിലെ പ്രാർഥനയിടം വിപുലപ്പെടുത്തുന്നത്. ഇതോടെ 66,000ത്തിലധികം വിശ്വാസികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും. നിലവിൽ 13,500 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പള്ളി കെട്ടിടത്തിനുള്ളിലുള്ളത്. അതിനുള്ളിൽ പരമാവധി 20,000 ആരാധകരെ ഉൾക്കൊള്ളുന്ന 5,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പ്രാർഥന ഇടത്തിനുള്ളത്. നാലു വശത്തും വരാന്തകളുള്ള മുറ്റങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് വിപുലീകരണ പദ്ധതി. എല്ലായിടത്തും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.

എന്നാൽ, പ്രധാന കെട്ടിടവുമായി പുതിയ വികസന പദ്ധതികൾ ബന്ധപ്പെടുത്താത്ത വിധത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. മസ്ജിദിനു ചുറ്റുമുള്ള റോഡ് ഗതാഗതവും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും. പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും സന്ദർശകരുടെ സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനും പദ്ധതി വഴി ജനത്തിരക്കുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

പള്ളിയുടെയും സമീപത്തുള്ള മറ്റു സ്മാരകങ്ങളുടെയും വാസ്തുവിദ്യകളുടെ തനിമ ചോർന്നുപോകാതെ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ കൊടുക്കും. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ലെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ് ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും എന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ കാലാകാലങ്ങളായി ഇടംപിടിച്ച സൗദിയിലെ 130 ചരിത്ര പള്ളികൾ പുനരുദ്ധാരണം നടത്താനും വേണ്ട വികസന പ്രവർത്തനങ്ങൾ ചെയ്യാനും കിരീടാവകാശി നാലു വർഷങ്ങൾക്കു മുമ്പുതന്നെ ഉത്തരവിട്ടിരുന്നു. ഇതിന്റെകൂടി ഭാഗമായാണ് ഖുബാ പള്ളിയിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇസ്‍ലാമിക ചരിത്രത്തില്‍ ഹിജറക്ക് ശേഷം ആദ്യമായി നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഖുബ. പ്രവാചക പള്ളിയായി അറിയപ്പെടുന്ന മസ്ജിദുന്നബവിയിൽനിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറിയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിന് ശേഷം ഖലീഫമാരായ ഉമർ, ഉസ്മാൻ എന്നിവരുടെ കാലഘട്ടത്തിൽ മസ്ജിദുൽ ഖുബ നവീകരണത്തിന് വിധേയമായതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സൗദി ഭരണകൂടത്തിന്റെ കീഴിൽ 1968ൽ പള്ളിയുടെ വടക്കുഭാഗത്തായി വിപുലീകരണം നടത്തി. പിന്നീട് 1985ൽ പള്ളിയുടെ ചരിത്രപരമായി പ്രാധാന്യമുള്ള വാസ്തുവിദ്യ പൈതൃകങ്ങളും ശേഷിപ്പുകളും നിലനിർത്തി ഫഹദ് രാജാവിന്റെ നിർദേശപ്രകാരം വലിയ പരിഷ്‌കരണങ്ങൾ വരുത്തിയിരുന്നു.

മസ്ജിദുൽ ഖുബയിൽ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്ന പ്രവാചക വചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മദീനയിലെത്തുന്ന വിശ്വാസികൾ ഇവിടെയും പ്രാർഥനക്കെത്തുന്നത്. മദീനയില്‍ മസ്ജിദു നബവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന പള്ളിയും മസ്ജിദുൽ ഖുബയാണ്.

Tags:    
News Summary - Commencement of the expansion of the Masjid al-Quba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.