അബൂദബി: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെയും സി.എസ്.ഐ ചർച്ചിന്റെയും നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരിയിൽ വിശ്വാസികൾക്ക് തുറന്നു കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വൃക്തമാക്കി. ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ കല്ലിടൽ ചടങ്ങിനിടെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇയിൽ പൂർണമായും കല്ലുകൾ അടുക്കിവെച്ച് പരമ്പരാഗത ക്ഷേത്ര നിരമാണ രീതിയിൽ നിർമിക്കുന്ന ആദ്യ ക്ഷേത്രം കൂടിയാണ് അബൂദബിയിലേത്. ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പൂജ്യ ബ്രഹ്മവൃഷി സ്വാമി നേതൃത്വം നൽകി.
അബൂദബിയിലെ ഹിന്ദു ക്ഷേത്രത്തോടനുബന്ധിച്ച നിർമിക്കുന്ന അബൂദബിയിലെ ആദ്യ സി.എസ്.ഐ ചർച്ചും താമസിയാതെ വിശ്വാസികൾക്ക് തുറന്നുകൊടുക്കും. പള്ളിക്കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. വൈദ്യുതി കണക്ഷനും മറ്റു അടിസ്ഥാന സൗകര്യങ്ങൾക്കും കാത്തുനിൽക്കുകയാണെന്ന് വികാരി ലാൽജി എം. ഫിലിപ്പ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് ക്ഷേത്രത്തിനൊപ്പം ചർച്ചിനും ഭൂമി അനുവദിച്ചത്.
ക്ഷേത്രത്തിനു സമീപം തന്നെയാണ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. 760 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ചര്‍ച്ചിനുള്ളത്. അബൂദബിയില്‍ 750 അംഗങ്ങളാണ് സി.എസ്.ഐ ചര്‍ച്ചിനുള്ളത്. യു.എ.ഇയില്‍ ആകെ അയ്യായിരത്തിലേറെ വിശ്വാസികളുമുണ്ട്. യു.എ.ഇ ഭരണാധികാരികള്‍ മുന്നോട്ടു വെക്കുന്ന സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് ചര്‍ച്ചിന്റെ ലോഗോയെന്ന് വികാരി പറഞ്ഞു. ബി.എ.പി.എസ് ഹിന്ദു മന്ദിറില്‍ നിന്നുള്ള പൂജ്യ ബ്രഹ്മ വിഹാരി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തെ വികാരി പള്ളിവളപ്പില്‍ സ്വീകരിച്ചു.
നാം സഹോദരങ്ങളാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ നിന്നു വന്ന നമുക്ക് യു.എ.ഇയുടെ തലസ്ഥാനത്ത് സാഹോദര്യം പങ്കുവയ്ക്കാന്‍ അവസരം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയുന്നതായും വികാരി ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.