ത്യാഗസന്നദ്ധതയുടെ മഹാഘോഷം

ദൈവിക സ്മരണയില്‍ വിലയം പ്രാപിച്ച് അവന്റെ ആജ്ഞകള്‍ക്കുമുന്നില്‍ വൈയക്തികചോദനകളെ മാറ്റിവെച്ച് സമ്പൂര്‍ണ സമര്‍പ്പണത്തിന് സന്നദ്ധരായ ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും പാവനമായ സ്മരണകളിലൂടെയാണ് ഓരോ ബലിപെരുന്നാളും കടന്നുവരുന്നത്

വീണ്ടുമൊരു ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. മുസ്‌ലിം വിശ്വാസികളുടെയും വേദ മതസ്ഥരുടെയും പിതാമഹാനായ ഇബ്രാഹീം നബി (അ)യുടെ ത്യാഗനിര്‍ഭരവും മാതൃകാപരവുമായ ജീവിതത്തെ അനശ്വരമാക്കുന്ന ആഘോഷമാണ് ഈ പെരുന്നാള്‍. അദ്ഹാ എന്ന വാക്കിനു അറബിയില്‍ ബലി എന്നാണർഥം. ഈദുല്‍ അദ്ഹാ എന്നാല്‍ ബലിപെരുന്നാള്‍. റമദാന്‍ വ്രതാനുഷ്ഠാന ശേഷമുള്ള പെരുന്നാള്‍ ഒരു ദിവസമാണെങ്കില്‍ ഇത് നാലുദിവസമാണ്. അങ്ങനെയാണ് ബലിപെരുന്നാള്‍ വലിയ പെരുന്നാളായത്. ലോകത്തെ വിവിധയിടങ്ങളിലുള്ള മുസ്‌ലിം ജനകോടികളും വിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തിയ ദശലക്ഷങ്ങളും ഈ ദിനങ്ങള്‍ ആഘോഷഭരിതമാക്കുന്നു.

സാമൂഹിക ഉദ്ഗ്രഥനത്തില്‍ ആഘോഷങ്ങള്‍ക്ക് ചരിത്രാതീതകാലം തൊട്ടേ നിര്‍ണായക സ്വാധീനമുണ്ട്. വ്യത്യസ്ത മതാനുയായികള്‍, പ്രദേശവാസികള്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ വിവിധയിനം ആഘോഷങ്ങളുണ്ട്. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ ദൈവസ്മരണാബദ്ധവും പ്രാർഥനാ നിര്‍ഭരത ഉദ്‌ഘോഷിക്കുന്നവയുമായിരിക്കും. പ്രസ്തുത ദിവസങ്ങളില്‍ ദൈവിക നാമം സദാ ഉരുവിടാനും സമസൃഷ്ടികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും സന്തോഷങ്ങള്‍ പരസ്പരം പങ്കിടാനും മതം നിര്‍ദേശിക്കുന്നു.

ദൈവിക സ്മരണയില്‍ വിലയം പ്രാപിച്ച് അവന്റെ ആജ്ഞകള്‍ക്കുമുന്നില്‍ വൈയക്തിക ചോദനകളെ മാറ്റിവെച്ച് സമ്പൂര്‍ണ സമര്‍പ്പണത്തിന് സന്നദ്ധരായ ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും പാവനമായ സ്മരണകളിലൂടെയാണ് ഓരോ ബലിപെരുന്നാളും കടന്നുവരുന്നത്. ഇബ്രാഹീം നബിക്ക് സര്‍വസ്വവും അല്ലാഹുവായിരുന്നു. വിശ്വാസ ദാര്‍ഢ്യത്തിന്റെ കവചമണിഞ്ഞ അദ്ദേഹം വിശാലവും വിസ്തൃതവുമായ മക്കയുടെ വരണ്ട മരുഭൂമിയില്‍ ഭാര്യ ഹാജറിനെയും പിഞ്ചുമകന്‍ ഇസ്മാഈല്‍ നബിയെയും തനിച്ചാക്കി സ്വദേശമായ കന്‍ആനിലേക്കു മടങ്ങി. ദൈവികമായ സ്വപ്നദര്‍ശനം മൂലം ഇസ്മാഈലിനെ ബലിനല്‍കാനും സന്നദ്ധനായി.

ത്യാഗത്തിന്റെയും സന്നദ്ധതയുടെയും അര്‍പ്പണ ബോധത്തിന്റെയും ആള്‍രൂപമായിരുന്നു ഇബ്രാഹീം നബി. വ്യക്തി ഒരു സമൂഹമായി മാറിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. വലിയൊരു ജനക്കൂട്ടത്തിനുമാത്രം ചെയ്തുതീര്‍ക്കാവുന്നത്ര വിശാലമായ വലിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മാനുഷ്യകത്തിനു സമ്മാനിച്ചു. വിശുദ്ധ ഖുര്‍ആന്റെ വിശേഷണവും അങ്ങനെത്തന്നെ: നിശ്ചയം, ഇബ്രാഹീം നബി അല്ലാഹുവിന്റെ സര്‍വാത്മനാ വിധേയനും സന്മാര്‍ഗാവലംബിയുമായ സമുദായ സമാനനായിരുന്നു. ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നിട്ടില്ല; ദിവ്യാനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞനായിരുന്നു.

അദ്ദേഹത്തെയവന്‍ പ്രത്യേകം തിരഞ്ഞെടുക്കുകയും സല്‍പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയുമുണ്ടായി (വി.ഖു 16: 120-123). അനീതികളോടും അസത്യങ്ങളോടും സമരസപ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അരുതായ്മകളോട് നിരന്തരം കലഹിച്ചു. തന്റെ പിതാവിന്റെയും സമൂഹത്തിന്റെയും ഭരണകര്‍ത്താക്കളുടെയും മുന്നില്‍ ധിക്കാരിയായി ചിത്രീകരിക്കപ്പെട്ടുവെങ്കിലും ദൈവികമാര്‍ഗത്തില്‍ അതൊന്നും ഗൗനിക്കാതെ സധൈര്യം പോരാടാന്‍ തയാറായി.

യുക്തിഭദ്രവും തന്ത്രപൂര്‍വവുമായ ഇടപെടലുകള്‍ നടത്തി സമൂഹത്തെ നേരിന്റെ വഴി നടത്താന്‍ ആവതു ശ്രമിച്ചു. പക്ഷേ, പിതാവടക്കം എല്ലാവരും അദ്ദേഹത്തെ ബഹിഷ്‌കരിച്ചു. ഇല്ലായ്മചെയ്യാനും ചാരമാക്കാനും മെസപ്പൊട്ടോമിയന്‍ ചക്രവര്‍ത്തി നംറൂദിന്റെ നേതൃത്വത്തില്‍ പ്രവിശാലമായൊരു അഗ്നികുണ്ഠംവരെ സജ്ജീകരിച്ചു. എന്നാല്‍, സര്‍വശ്രമങ്ങളെയും നിഷ്പ്രഭമാക്കി ദൈവിക കവചത്തില്‍ തീജ്വാലകളെയെല്ലാം വകഞ്ഞുമാറ്റി അദ്ദേഹം പുറത്തേക്കുവന്നു. സഹായ വാഗ്ദാനവുമായി ജിബ്രീല്‍ മാലാഖ വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമിതായിരുന്നു: താങ്കളുടെ സഹായമോ, അതുവേണ്ട ! നാഥന്‍ എന്റെ അവസ്ഥയെക്കുറിച്ച് സമ്പൂര്‍ണ ജ്ഞാനിയത്രേ!. അല്ലാഹുവിന്റെ അപാരമായ പരിരക്ഷയും അനുഗ്രവും തിരിച്ചറിയുന്നവര്‍ക്ക് പ്രതിസന്ധികളും പ്രയാസങ്ങളും നിഷ്പ്രയാസം തരണം ചെയ്യാന്‍ സാധിക്കുമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ആ ഐതിഹാസിക ജീവിതം എന്നും സ്മരിക്കപ്പെടണമെന്നതിനാലാണ് ദിനേനയുള്ള നമസ്‌കാരങ്ങളിലും ആഴ്ചകളിലെ ജുമുഅയിലും വര്‍ഷം തോറുമുള്ള ഹജ്ജ് കര്‍മങ്ങളിലും ഇബ്രാഹീം നബിയുടെ പ്രാർഥന വിശ്വാസികള്‍ ഉരുവിടണമെന്ന് ഇസ്‌ലാം പഠിപ്പിച്ചത്. അദ്ദേഹത്തെ സ്രഷ്ടാവ് ആത്മമിത്രമായി സ്വീകരിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആനിക സാക്ഷ്യം.

അചഞ്ചലമായ ദൈവിക വിശ്വാസത്തിനുമുന്നില്‍ എല്ലാം തൃണവത്ഗണിക്കണമെന്ന ദൃഢപ്രതിജ്ഞ ഇബ്രാഹീം നബിക്കുണ്ടായിരുന്നു. സന്താനലബ്ധിയില്ലാതെ കാലങ്ങളോളം ജീവിച്ച അദ്ദേഹത്തിനു തന്റെ 102ാം വയസ്സിലാണ് ഇസ്മാഈല്‍ എന്ന മകന്‍ ജനിക്കുന്നത്. വാര്‍ധക്യ കാലത്തുപോലും പ്രതീക്ഷ കൈവിടാതെ അദ്ദേഹം പ്രാർഥിച്ചിരുന്നു: അല്ലാഹുവേ എനിക്ക് സദ്‌വൃത്തരായ സന്താനങ്ങളെ നല്‍കണേ... എന്നാല്‍, ജീവിതാന്ത്യത്തില്‍ ലഭിച്ച മകനെ ബലിയറുക്കണമെന്ന് അല്ലാഹു കൽപിച്ചപ്പോള്‍ അതിനും ഒരുങ്ങി. മകന്റെ മൃദുലകണ്ഠത്തില്‍ കത്തിവെക്കുക വരെ ചെയ്തു. സ്രഷ്ടാവിലുള്ള രൂഢവിശ്വാസം മൂലം അല്ലാഹു സ്വര്‍ഗത്തില്‍നിന്ന് ഒരാടിനെ നല്‍കുകയും പുത്രനുപകരം അതിനെ ബലിയറുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ആ ത്യാഗസന്നദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ പെരുന്നാളില്‍ ബലിയറുക്കുന്നു.

ഇബ്രാഹീം നബിയും കുടുംബവും അനുവര്‍ത്തിച്ച ത്യാഗോജ്ജ്വല ജീവിതത്തിന്റെ പുനരാവിഷ്‌കാരങ്ങളാണ് ഹജ്ജ് കര്‍മത്തിലൂടെ വിശ്വാസി ചെയ്തുകൊണ്ടിരിക്കുന്നത്. കഅ്ബയും അതിന്റെ പ്രദക്ഷിണവും സഫായും മര്‍വയും മിനായും അറഫാത്തും ജംറകളും സംസവുമെല്ലാം വിശ്വാസിക്ക് പകര്‍ന്നുനല്‍കുന്നത് ത്യാഗനിര്‍ഭര ജീവിതത്തിന്റെ വലിയപാഠങ്ങളാണ്. ദൈവിക സമര്‍പ്പണത്തിന്റെ എല്ലാ ഭാഗങ്ങളും സമ്മേളിച്ച അനുഷ്ഠാനമാണല്ലോ ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് കര്‍മം. ഭൗതികമായ ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും എല്ലാ മേഖലകളും ഹാജിമാര്‍ക്കുമുന്നില്‍ അപ്രസക്തമാകുന്നു.

ധാര്‍മികതക്കും മാനുഷിക മൂല്യങ്ങള്‍ക്കും മേല്‍വിലാസം നഷ്ടപ്പെടുന്ന പുതിയ കാലത്ത് മാനവികതയുടെ പുനരുദ്ധാരണത്തിന് അവിശ്രമം യത്‌നിക്കണമെന്ന വലിയ പാഠം ഓരോ ബലിപെരുന്നാളും വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. വിനയവും സഹനശീലവുമായിരുന്നു ഇബ്രാഹീം നബിയുടെ സ്വഭാവ സൗന്ദര്യം. പുതിയ കാലത്തെ വിശ്വാസി തന്റെ ജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സകല പ്രതിസന്ധികളെയും പ്രയാസങ്ങളെയും സഹനം കൊണ്ടും വിനയം വരിച്ചും അതിജയിക്കേണ്ടതുണ്ട്. ഭൗതികമായ പ്രതിസന്ധികളില്‍ വ്യഥപൂണ്ടിരിക്കാതെ പരിഹാര മാര്‍ഗങ്ങള്‍ക്കുവേണ്ടി വഴികള്‍ തേടിക്കൊണ്ടിരിക്കണം.

അപരവത്കരണത്തിനും അരികുവത്കരണത്തിനും ഇരയായി ജീവിതം പ്രതിസന്ധിയിലായ നിരവധിയാളുകള്‍ നമ്മുടെ മുന്നിലുണ്ട്. അവര്‍ക്ക് അതിജീവനത്തിന്റെ വലിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ നമുക്ക് സാധിക്കണം. നശ്വരമായ ലൗകിക ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സകല പ്രതിസന്ധികളും അവഗണിക്കപ്പെടേണ്ടതാണെന്ന ചിന്തയും നമുക്കുണ്ടാകണം. പിറന്ന ഭൂമി തന്നെ നരകമായി അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഫലസ്തീനിലെ ജനതയോട് ഐക്യപ്പെടാനും കഴിയണം.

ബഹളമയമായ ആഘോഷങ്ങള്‍ക്കു പകരം ആത്മാർഥത നിറഞ്ഞ സ്‌നേഹപങ്കിടലുകള്‍ ഉണ്ടാകുമ്പോഴാണ് ഓരോ പെരുന്നാളും അർഥപൂര്‍ണമാകുന്നത്. സുനിശ്ചിതമായ മരണമുണ്ടെന്നറിഞ്ഞിട്ടും അപരന്റെ ജീവനെടുക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നവര്‍, കുടുംബബന്ധങ്ങള്‍ നിഷ്‌കരുണം ചീന്തിയെറിയുന്നവര്‍, നൊന്തുപെറ്റ മാതാക്കളുടെ ഹൃദയങ്ങള്‍ക്ക് ആജീവനാന്ത മനോവേദന സമ്മാനിക്കുന്നവര്‍ തുടങ്ങി ഒരുപറ്റം ഭീതിപ്പെടുത്തുന്ന അധാര്‍മികതയുടെ ഇരുണ്ട മനുഷ്യരൂപങ്ങള്‍ക്കും ഭീഷണ ചിത്രങ്ങള്‍ക്കും മുന്നിലാണ് പെരുന്നാളിന്റെ സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നത്. അല്ലാഹുവിനോടുള്ള വിധേയത്വം ഉദ്‌ഘോഷിക്കുന്ന തക്ബീറുകളുടെയും ത്യാഗസ്മരണകള്‍ ഉണര്‍ത്തുന്ന ബലികർമങ്ങളുടെയും അനുവദനീയമായ വിനോദങ്ങളുടെയും ചേരുവകള്‍ കലര്‍ന്നതായിരിക്കണം നമ്മുടെ ആഘോഷങ്ങള്‍. പെരുന്നാളുകള്‍ എല്ലാവരുടേതുമാക്കാന്‍ ശ്രമങ്ങളുണ്ടാകണം. ദരിദ്രർക്കും ധനികർക്കും ഏകോദര സഹോദങ്ങളെപ്പോലെ ആഹ്ലാദിക്കാന്‍ സാധിക്കണം. മറ്റുള്ളവരുടെ വസ്ത്രാലങ്കാരങ്ങള്‍ കണ്ട് മനംനൊന്ത് കരയുന്ന പാവങ്ങള്‍ നമുക്കിടയിലുണ്ടാകരുത്.

അതിദാരുണമായ നിരവധി ദുരന്തവര്‍ത്തകള്‍ ഇടക്കിടെ നാം കേട്ടുകൊണ്ടിരിക്കുന്നു. നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ, കുവൈത്ത് മൻഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിലെ കഴിഞ്ഞ ദിവസത്തെ തീപിടിത്തം നമ്മുടെയൊക്കെ ഹൃദയം വേദനിപ്പിച്ച ദുരന്ത വാര്‍ത്തയായിരുന്നു. ദുര്‍ബലരായ മനുഷ്യര്‍ സര്‍വശക്തന്റെ അലംഘനീയ വിധികള്‍ക്കുമുന്നില്‍ പകച്ചിരിക്കാതെ ക്ഷമാപൂര്‍വം അതിനെ സ്വീകരിക്കുകയും സദാ പ്രാർഥനാനിരതരാവുകയും ചെയ്യണമെന്നാണ് പ്രവാചകന്‍ തിരുനബി (സ്വ) നമ്മെ പഠിപ്പിച്ചത്. ദൈവിക പരീക്ഷണങ്ങളില്‍ തളരാതെ സമര്‍പ്പണബോധത്തെ ത്യാഗ സന്നദ്ധരാകാന്‍ നമുക്ക് കഴിയണം. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.

Tags:    
News Summary - Eid al-Adha 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.