സീതയെ അന്വേഷിച്ച് കാട്ടിലൂടെ അലയുന്ന രാമലക്ഷ്മണന്മാർ ഭയാനകമായൊരു കാഴ്ച കണ്ടു. കണ്ണുകളും കൈകാലുകളൊന്നുമില്ലാത്ത സ്വന്തം വയറിൽ മുഖവും നീളംകൂടിയ കൈകളുമുള്ള ഭീകരസത്വം. രാമലക്ഷ്മണന്മാർ ആ രൂപത്തിെൻറ കൈകൾ മുറിച്ചു കളഞ്ഞു. ഭയപ്പെട്ട ആ രൂപം അവരാരെന്ന് തിരക്കിയപ്പോൾ തങ്ങൾ രാമനും ലക്ഷ്മണനുമാണെന്ന് പരിചയപ്പെടുത്തി. അപ്പോൾ കബന്ധനെന്ന ആ സത്വം തെൻറ കഥ വിവരിക്കാൻ തുടങ്ങി.
ശ്രീ എന്ന ഗന്ധർവരാജെൻറ ദനു (വിശ്വാവസു) എന്ന പുത്രനായ താൻ തപസ്സ് ചെയ്ത് ബ്രഹ്മാവിൽനിന്ന് അമരത്വത്തിനുള്ള വരം നേടിയത്, ഇന്ദ്രനുമായി നടന്ന യുദ്ധത്തിൽ വജ്രപ്രഹരമേറ്റ് തലയും തുടകളും ശരീരത്തിനകത്ത് കയറിപ്പോയത്, ആഹാരം കഴിക്കുന്നതിന് ഇന്ദ്രൻ മൂന്നുയോജന നീളമുള്ള കൈകളും വയറ്റിൽ വായും സൃഷ്ടിച്ചുകൊടുത്തത്, ലക്ഷ്മണസമേതനായ ശ്രീരാമൻവന്ന് കൈകൾ വെട്ടുമ്പോൾ സ്വദേഹമെടുത്ത് സ്വർഗത്തിൽ വന്നുചേരാമെന്ന് അറിയിച്ചത്-എല്ലാം വെളിപ്പെടുത്തി.
മറ്റൊരിക്കൽ കാട്ടിൽ ഫലമൂലങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന സ്ഥൂലശിരസ്സ് എന്ന മുനിയെ രൂപംകാണിച്ച് ഭയപ്പെടുത്തിയപ്പോൾ ക്രൂരവും നിന്ദ്യവുമായ തെൻറ ശരീരം എന്നെന്നും നിലനിൽക്കട്ടെയെന്ന് ശപിച്ചു. ഇത്രയും പറഞ്ഞ് മൃതിയടഞ്ഞ കബന്ധെൻറ ശരീരം രാമലക്ഷ്മണന്മാർ ദഹിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പഴയ രൂപം കിട്ടി. സീതാന്വേഷണത്തിന് സുഗ്രീവെൻറ സമീപത്തേക്ക് ചെല്ലണമെന്ന് ഉപദേശിച്ച് അദ്ദേഹം സ്വർഗലോകത്തേക്ക് മടങ്ങി.
കബന്ധൻ വലിയൊരു പ്രതീകമാണ്. ഇന്ദ്രിയ ഭോഗപരതയുടെ പ്രതിനിധിയായ ഇന്ദ്രൻ വജ്രായുധംകൊണ്ട് പ്രഹരിച്ച് തല വയറ്റിലാക്കി എന്നതിെൻറ അർഥം വിചാരശേഷിയുൾപ്പെടെയുള്ള അനന്തസാധ്യതകളെ ഭോഗവിഷയങ്ങൾ ആഹരിക്കുന്ന തലത്തിലേക്ക് പരിമിതപ്പെടുത്തി എന്നാണ്.
എല്ലാം പിടിച്ചെടുത്ത് തിന്നുന്നതിനാണ് ആ നീണ്ട കൈകൾ. യാഥാർഥ്യങ്ങളെ കാണാതെ, മറ്റാരെയും കേൾക്കാതെ അറിയേണ്ടതൊന്നും അറിയാതെ കടന്നുപോകുന്ന കണ്ണും കാതും കരളുമില്ലാത്ത പാഴ്ജന്മം! രാമലക്ഷ്മണന്മാർ കൈകളറുത്തപ്പോൾ, ഉടലെരിച്ചപ്പോൾ ആണ് സത്യാവലോകനം നടത്താൻ കഴിവുള്ള, ചോതോഹരമായ പഴയ ഗന്ധർവരൂപം കബന്ധന് വീണ്ടെടുക്കാനായത്.
ഈ പ്രകൃതിയിലുള്ള വിഭവങ്ങളെ വിവേചനരഹിതമായി പിടിച്ചു തിന്ന് തെൻറ അസംസ്കൃതവാസനകളെ, കാമനകളെ, ആസക്തികളെ തൃപ്തിപ്പെടുത്താൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആധുനിക മനുഷ്യൻ. വിചാരങ്ങൾക്ക് മുകളിൽ വികാരങ്ങളെയും മനസ്സിന് മുകളിൽ ശരീരത്തെയും അവൻ പ്രതിഷ്ഠിച്ചു.
പരിധികളില്ലാത്തതും മൃഗീയവുമായ വിഷയഭോഗം കണ്ണും കാതും ഉൾപ്പെടെയുള്ള ഇന്ദ്രിയശേഷികൾ നശിപ്പിച്ചു. ദേഹംപോലും ദാഹത്തിെൻറ നേർക്കാഴ്ചയാകുന്ന, ഉടൽവട്ടത്തിെൻറ ഉന്മാദങ്ങൾ കത്തിപ്പടരുന്ന പുതിയ കാലത്ത് ഉയിർവെട്ടത്തിലേക്കും ഉയിരിലേക്കും ഉയർന്നാളുന്നതിനുള്ള ഉൗർജം ജീവിതാനുഭവങ്ങളുടെ സമഗ്രതയിൽനിന്ന് സമാഹരിക്കേണ്ട മനുഷ്യവംശത്തിെൻറ മുഴുവൻ ബാധ്യതയാണ് കബന്ധചരിതത്തിലൂടെ ആദികവി വരച്ചുകാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.