മനസ്സിൽ എപ്പോഴും ഓടിയെത്തുന്നത് കുട്ടിക്കാലത്തെ നോമ്പ് തന്നെയാണ്. ബറാഅത്ത് രാവ് മുതൽ തുടങ്ങും നോമ്പിന്റെ ആരവം. ബറാഅത്തിന്റെ അന്ന് വീടും മുറ്റവും മൊത്തം വൃത്തിയാക്കൽ ആണ്. അതിനു മുന്നിട്ടിറങ്ങുന്നത് കുട്ടികൾ ആണ്. അന്ന് കൂട്ടുകുടുംബം ആണല്ലോ ഒരുപാട് കുട്ടികളും കാണും. കുട്ടികളായ ഞങ്ങൾക്ക് ഒരു മത്സരം നോമ്പ് പോലെയായിരുന്നു. ഏറ്റവും കൂടുതൽ നോമ്പ് ആര് എടുക്കും എന്ന മത്സരം. അവർക്ക് അല്ലാഹുവിൽ നിന്നും കൂലി കൂടും എന്ന ഒരുറപ്പും. കുട്ടികളുടെ ആഗ്രഹം പറഞ്ഞാൽ ആ പലഹാരം എന്തായാലും ഉണ്ടാവും. കുട്ടികളും മുതിർന്നവരും ഒരുമിച്ചുള്ള നമസ്കാരവും ഒക്കെ ഒരു ദറജ തന്നെയായിരുന്നു. കുട്ടികളായ നമ്മൾ ഒന്നും അറിയേണ്ടതില്ല. നിസ്കരിക്കുക, ഓതുക, കളിക്കുക. അന്നൊക്കെ നോമ്പ് കാലത്തെ സ്പെഷൽ കളികൾ ആണ് ഏണിയും പാമ്പും, ലുടോ, കള്ളനും പൊലീസും എല്ലാം അടങ്ങിയിരുന്നുള്ള കളികൾ ആണ്.
അന്നൊക്കെ നോമ്പ് സമയത്തിന് ദൈർഘ്യമേറെയാണ്. മഗ്രിബിന്റെ നേരം അടുക്കാറായാൽ നാരങ്ങ വെള്ളം ഉണ്ടാക്കുന്നതിന്റെ കൊതിയൂറും മണം ഉണ്ടാവും. വെള്ളം കലക്കുന്ന ശബ്ദവും ഒരു രസം തന്നെയാണ്. അത്താഴത്തിന് നേരത്തേ എഴുന്നേൽക്കും, കുട്ടികൾ ഒരുപാടുള്ളതുകൊണ്ട് നാരങ്ങ സോഡ കുടിച്ചും കുറെ കഥകളും പറഞ്ഞും സുബ്ഹ് ബാങ്ക് വരെ കോലായിൽ ഇരിക്കും. ബാങ്ക് കൊടുത്താൽ എല്ലാരും നമസ്കാരത്തിലേക്ക് കടക്കും. ശേഷം ഓതിയിട്ട് ഉറങ്ങും. പിന്നെ എഴുന്നേൽക്കാൻ 10 മണിയൊക്കെ ആവും. വെള്ളിയാഴ്ച രാവിലെ ളുഹാ നിസ്കാരം ഉണ്ടാവും. മൂത്തമ്മയാണ് ഇമാം. തൗബയും ഉണ്ടാകും.
അതൊക്കെ നല്ലൊരു ഉണർവ് ആയിരുന്നു. അന്നൊക്കെ കുട്ടികളായ ഞങ്ങളുടെ ലക്ഷ്യം പെരുന്നാൾ ആണ്. അന്നത്തെ ഒരുക്കത്തെ കുറിച്ചുള്ള സ്വപ്നങ്ങളാവും കുഞ്ഞു മനസ്സുകളിൽ. പെൺകുട്ടികൾ ഡ്രസ്, വളകൾ, മാല, കമ്മൽ, ചെരിപ്പ്, എല്ലാം ഒപ്പിക്കും. ആൺകുട്ടികൾ പടക്കം പൊട്ടിക്കൽ, നില ചക്രം, പൂക്കുറ്റി, ഇതിലൊക്കെയാവും സ്വപ്നങ്ങൾ. പിന്നെ കറക്കം. നോമ്പ് 20 കഴിഞ്ഞാൽ തുടങ്ങും എല്ലാരും കൂടെ ഒരുമിച്ച് ഓട്ടോറിക്ഷയിൽ ഫാൻസിയും ഡ്രസും ചെരിപ്പും ഒക്കെ വാങ്ങാൻ പോകൽ.
കാരണവൻമാരും മൂത്തമ്മമാരും ഉപ്പീതമാരും ഒക്കെ സകാത്തിന്റെ കാശ് തരും. അതായിരിക്കും ഒരുമിച്ച് കുറെ കിട്ടുന്ന കാശ്. പക്ഷേ ഒക്കേം ഉമ്മാക്ക് കൊടുക്കണം. പെരുന്നാൾ തലേന്ന് മൈലാഞ്ചിയിടലൊക്കെ നിർബന്ധമാണ്. ഉമ്മാമയൊക്കെ ഉള്ള ആ കാലം ശരിക്കും ഒരു സുവർണ കാലം തന്നെയാണ്. അതുകൊണ്ടാവാം പഴയ കഥകൾ എത്ര പറഞ്ഞാലും പറഞ്ഞാലും തീരാത്തതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.