ശബരിമല: പൊലീസ് സംവിധാനം പാടേ പാളിയതിന് പിന്നാലെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തീർഥാടകരെ പടി കയറ്റുന്നതിൽ അടക്കം പൊലീസിന് സംഭവിച്ച വീഴ്ചയാണ് തിരക്ക് വർധിക്കാൻ ഇടയാക്കിയത്. മണ്ഡലപൂജ കാലയളവിൽ 80 മുതൽ 85 തീർഥാടകരെ വരെ ഒരു മിനിറ്റിൽ പടി കയറ്റിയിരുന്നു. എന്നാൽ, നട തുറന്ന തിങ്കൾ മുതൽ ചൊവ്വാഴ്ച ഉച്ചവരെ ഒരു മിനിറ്റിൽ പടികയറുന്ന തീർഥാടകർ 50ൽ താഴെയായി കുറഞ്ഞു. ഇതോടെ തീർഥാടകനിര മരക്കൂട്ടം വരെ നീണ്ടത്.
ചൊവ്വാഴ്ച സന്നിധാനത്ത് എത്തിയ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഇടപെട്ട് ഉച്ചക്കുശേഷം പടികയറ്റം വേഗത്തിലാക്കിയിട്ടുണ്ട്. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് എത്താൻ തീർഥാടകർ എട്ടുമണിക്കൂറിലധികം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. മരക്കൂട്ടം മുതൽ ശരംകുത്തി വരെ കുത്തനെയുള്ള കയറ്റത്തിലും ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെയുള്ള കുത്തിറക്കത്തിലും അഞ്ചുമണിക്കൂറോളം വരി നിൽക്കേണ്ട അവസ്ഥയും ഉണ്ടായി.
ഇതോടെ വയോധികരും കുട്ടികളും അടക്കം നൂറുകണക്കിന് തീർഥാടകർ വലഞ്ഞു. തീർഥാടകർക്ക് ദാഹജലമോ ലഘുഭക്ഷണമോ എത്തിക്കുന്നതിലും വലിയ വീഴ്ച സംഭവിച്ചു. സന്നിധാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ക്യൂവിൽനിന്ന് പുറത്തിറങ്ങാൻപോലും പൊലീസ് അനുവദിക്കാതെ വന്നതോടെ നിരവധി തീർഥാടകർ തലചുറ്റി വീണു. മകരവിളക്ക് ഡ്യൂട്ടിക്ക് ചുമതലയേറ്റ പുതിയ പൊലീസ് ബാച്ചിലെ ഉദ്യോഗസ്ഥരുടെ തിരക്ക് നിയന്ത്രണത്തിലെ പരിചയ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.