ശബരിമലയിൽ ഇനി സോളാർ വൈദ്യുതി; വൈദ്യുതി ഉൽപാദനവുമായി ദേവസ്വം ബോർഡ്

ശബരിമല: ശബരിമലയിൽ അടക്കം വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ പ്രതിവർഷം 2.5 ലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. ഇതിനായി കെ.എസ്.ഇ.ബിക്ക് ഭീമമായ തുകയാണ് ബിൽ ഇനത്തിൽ നൽകുന്നത്.

ഇത് ഒഴിവാക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് ദേവസ്വം ബോർഡ് നടപടി ആരംഭിച്ചത്. ഇതിൻറെ ഭാഗമായി സിയാൽ എം.ഡിയുമായി ആദ്യഘട്ട ചർച്ച പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായ സിയാലിന്റെ ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മകരവിളക്കിന് മുമ്പായി സിയാലിന്റെ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം ഇതു സംബന്ധിച്ച വിശദമായ രൂപരേഖ തയാറാക്കാൻ ശബരിമലയിൽ എത്തും. 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്പോൺസർ ചെയ്യാനുള്ള സന്നദ്ധത ഫെഡറൽ ബാങ്ക് അടക്കമുള്ളവർ ബോർഡിനെ അറിയിച്ചിട്ടുണ്ട്.

വൈദ്യുതി ഇനത്തിൽ ലഭിക്കുന്ന തുക ഭക്തരുടെ സേവനത്തിനായി ചെലവഴിക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. ശബരിമലക്ക് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 26 മേജർ ക്ഷേത്രങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പി.എസ് പ്രശാന്ത് അറിയിച്ചു.

Tags:    
News Summary - Solar Power now in Sabarimala; Devaswom Board with power generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.