പന്തളം: തൃക്കേട്ടനാൾ രാജരാജ വർമ തിരുവാഭരണത്തോടൊപ്പം രാജ പ്രതിനിധിയായി ശബരിമലയിലേക്ക് പുറപ്പെടും. പന്തളത്തു നിന്നും ശബരിമലയിലേക്ക് തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയിൽ തൃക്കേട്ടനാൾ രാജരാജ വർമ പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയാകും.
വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ രാജയുടെ നിർദേശപ്രകാരം കൊട്ടാരം നിർവാഹക സംഘമാണ് രാജപ്രതിനിധിയെ നിശ്ചയിച്ചത്. ജനുവരി 12ന് പന്തളത്തു നിന്നും തിരിക്കുന്ന ഘോഷയാത്രയെ നയിക്കുന്നത് രാജപ്രതിനിധിയാണ്. ശബരിമലയിൽ ആചാരപരമായി നടക്കുന്ന ചടങ്ങുകൾ രാജപ്രതിനിയുടെ സാന്നിധ്യത്തിലാകും നടക്കുക.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടെയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് പരേതനായ രാമൻ നമ്പൂതിരിയുടെയും മകനാണ് നിയുക്ത രാജപ്രതിനിധി. കേരള സർവകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടിയ ശേഷം പ്രീമിയർ കേബിൾസ്, പാറ്റ് സ്പിൻ എന്നീ കമ്പനികളിൽ ജോലി ചെയ്തു. എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലെ ഫൈനാൻസ് മാനേജരായി ജോലിയിൽ നിന്ന് വിരമിച്ചു.
കലാകാരനും തികഞ്ഞ കലാസ്വാദകനുമായ അദ്ദേഹം ആകാശവാണിക്കു വേണ്ടി ലളിത ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ദൂരദർശനിൽ വിവിധ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എറണാകുളം വാര്യം റോഡിൽ മംഗള ലെയിൻ കമാസിൽ താമസിക്കുന്നു. വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വർമ ഭാര്യയും രമ്യ ആർ. വർമ, സുജിത് ആർ. വർമ എന്നിവർ മക്കളും അഭിലാഷ് ജി. രാജ മരുമകനുമാണ്.
പന്തളം കൊട്ടാര നിർവാഹക സംഘം സെക്രട്ടറി സുരേഷ് വർമ സഹോദരനും സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമതി തമ്പുരാട്ടി എന്നിവർ സഹോദരിമാരുമാണ്. കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമ, മുൻ സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപാ വർമ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.