പന്തളം: സൂര്യൻ ധനു രാശിയിൽ നിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.
അതേസമയം, പന്തളം കൊട്ടാരത്തിലെ അംഗം മരണപ്പെട്ട സാഹചര്യത്തിൽ തിരുവാഭരണവുമായി ബന്ധപ്പെട്ട് മുഴുവൻ ചടങ്ങുകളും വേണ്ടെന്ന് വെച്ചു. അതിനാൽ, തിരുവാഭരണത്തോടൊപ്പം രാജപ്രതിനിധി ശബരിമലയിലേക്ക് പോകില്ല. തിരുവാഭരണം പുറപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് മരണവാർത്ത അറിഞ്ഞത്. പന്തളം കൈപ്പുഴ മാളികകൊട്ടാരത്തിൽ രേവതി നാൾ രുക്‌മിനി തമ്പുരാട്ടി (പൊന്മണി) (95) ആണ് മരിച്ചത്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നു മുതൽ ദർശനത്തിന് വെച്ചിരുന്ന തിരുവാഭരണങ്ങൾ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങിയത്. പുലർച്ചെ 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് വെച്ചു.
വ്യാഴാഴ്ച വൈകീട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി ഘോഷയാത്ര വിശ്രമിക്കും. വെള്ളിയാഴ്ച മൂന്നിന് രാത്രി ളാഹ വനം വകുപ്പ് സത്രത്തിൽ ക്യാമ്പ് ചെയ്യും. ശനിയാഴ്ച പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.