മങ്ങിപ്പോയ ഓർമകളിൽ ഏറെ നോമ്പുകാലങ്ങളും കടന്നുപോയിരിക്കുന്നു. പലതും വ്യക്തമല്ലാതായി മാറിയിട്ടുമുണ്ട്. വ്യത്യസ്തമായത് സംഭവിക്കുമ്പോഴാണല്ലോ ഓർമകളിൽ അത് ഒട്ടിപ്പിടിക്കുക. ഞാൻ കുറേ സാധാരണക്കാരിൽ ഒരാൾ മാത്രമായിരുന്നു. ഞങ്ങളുടെ ഹരക്കള ദേശത്ത് ഒരുപോലെ ജീവിതം അനുഭവിച്ചവരിൽ ഒരാൾ. അതുകൊണ്ട് 1960കളിലെ എന്റെ ബാല്യകാലത്തിലെ നോമ്പ് പൊടിപ്പും തൊങ്ങലുമിട്ട് ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്നല്ലാതെ മറ്റുള്ളതെല്ലാം ദാരിദ്ര്യം അനുഭവിച്ച എല്ലാവരുടെയും നോമ്പുകാലം പോലെതന്നെയായിരുന്നു. ഉപ്പ മീൻപിടിത്തവും ഉമ്മ കൃഷിയുമായും ജീവിച്ച കാലം. 15 വയസ്സുള്ള ഞാൻ. വിദ്യാഭ്യാസവും നേടാനായിട്ടില്ല. ഓരോ ദിവസവും അന്നത്തെ അധ്വാനത്തിൽനിന്ന് കിട്ടുന്ന പങ്കിൽ ജീവിതം മുന്നോട്ടു കടന്നുപോകും.
1974ൽ ഇവിടെ ഒരു വെള്ളപ്പൊക്കം വന്നുപോയി. ആകെയുണ്ടായിരുന്ന ചെറ്റക്കുടിൽ അതിൽ ഒഴുകി. അതിനുശേഷം മറ്റൊരാളുടെ വീട്ടിൽ അഭയാർഥിയായി കഴിഞ്ഞു. പിന്നെ ഉണ്ടാക്കിയെടുത്ത കൂരയിലായിരുന്നു ഉപ്പയും ഉമ്മയും ഞങ്ങൾ ആറുപേരും താമസിച്ചത്. ബീഡി തെറുത്തു ജീവിക്കാൻ തുടങ്ങിയ കാലം. ബീഡി തെറുത്തു കിട്ടുന്ന കാശുകൊണ്ട് അന്നന്നേക്ക് വേണ്ട ചായപ്പൊടിയും മുളകും, നോമ്പുകാലമാണെങ്കിൽ റവ- ഞങ്ങളുടെ ഭാഷയിൽ സോജിയും വാങ്ങി വരും. സോജി കൊണ്ടുവന്ന് എല്ലാവരുംകൂടി ഉണ്ടാക്കി ഒന്നിച്ചു നോമ്പുതുറക്കും. 'ഉപ്പും മുളകും വെള്ളം' ഇവിടത്തുകാർ കറിയില്ലാത്ത നേരങ്ങളിൽ ആശ്രയിക്കുന്ന വിഭവമാണ്. പുളി പിഴിഞ്ഞ് ഉപ്പും മുളകും ചേർത്ത് വെള്ളമുണ്ടാക്കി ചോറിൽ കൂട്ടി കഴിക്കും. അത്താഴത്തിന് ഉപ്പും മുളകുമാണെങ്കിൽ പലപ്പോഴും അതിലിടാൻ പുളിയുണ്ടാകാറില്ല. പുളിയില്ലാത്ത ഉപ്പും മുളകും വെള്ളം. അതും ഇല്ലാതിരുന്ന നോമ്പുകാലവും അനവധിയാണ്. ഉമ്മയുടെ മുഖം കണ്ട് നോമ്പുപിടിക്കുന്നതാണ് ആ കാലത്തെ ഏറ്റവും വലിയ സന്തോഷം. ഉമ്മ നെല്ലുകുത്തി കഞ്ഞിയാക്കി എല്ലാവർക്കും നൽകും. ഇന്ന് എല്ലാവരുമുണ്ടെങ്കിലും ഉമ്മയുള്ള നോമ്പുകാലത്തോളം വരില്ല.
ശേഷമാണ് ഓറഞ്ച് വിൽക്കാൻ തുടങ്ങിയത്. മംഗളൂരു സെൻട്രലിൽ പോകണം എന്ന ആഗ്രഹത്തിൽനിന്നാണ് കടമെടുത്ത കുട്ടയും മറ്റുമായി ഓറഞ്ച് വിറ്റുതുടങ്ങുന്നത്. അത്താഴസമയമാണ് നോമ്പുകാലത്തിന്റെ ആഴം മനസ്സിലാവുക. പലപ്പോഴും ചക്കയോ ഉപ്പും മുളകും വെള്ളമോ കഞ്ഞിയും ചുട്ട പപ്പടമോ ആവും അത്താഴം. കൂടുതലും ചക്ക. ചക്ക പൊളിച്ച് എല്ലാവരും കൂടെ കഴിക്കും. പാലും മോരുമൊന്നും വാങ്ങാൻ കഴിയാറില്ല. വിശപ്പും ഇല്ലായ്മയുമുണ്ടെങ്കിലും ഇതോർത്ത് വല്ലാത്ത സങ്കടമൊന്നും അന്ന് തോന്നിയിട്ടില്ല. കാരണം ചുറ്റുവീടുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. അന്നെനിക്ക് 15 വയസ്സ്. അത്താഴം കഴിച്ച് പുലർച്ച ഓറഞ്ച് വിൽക്കാൻ പോകും. നോമ്പും നോറ്റ് പുലർച്ച കുറെ നടക്കും പുണ്യനാളിന്റെ ശക്തികൊണ്ടാവും ആ വിശപ്പ് എന്നെ തളർത്തിയിട്ടില്ല.
പുണ്യനാളിന്റെ അനുഗ്രഹം
2015ൽ മംഗളൂരു കലക്ടർ എ.ബി. ഇബ്രാഹിം സാർ ആയിരുന്നു. അന്നൊരു നോമ്പുകാലം. നോമ്പും നോറ്റു ഞാൻ എ.ബി. ഇബ്രാഹിം സാറിന്റെ ഓഫിസ് മുറിയിലിരിക്കുന്നു. എനിക്കുവേണ്ടി പത്മശ്രീ അവാർഡിനായുള്ള കേന്ദ്ര ഗവൺമെന്റിലേക്കുള്ള നിർദേശപത്രിക നൽകാനായി പേപ്പറുകളും മറ്റും തയാറാക്കുകയാണ് അദ്ദേഹം. ഇബ്രാഹിം സാറിനും നോമ്പുണ്ട്. ജോലിക്കിടയിൽ അതിന്റേതായ ഒരു ക്ഷീണവും അദ്ദേഹം കാട്ടിയില്ല. മണിക്കൂറുകൾ ആ മുറിയിൽ ഞങ്ങളിരുന്നു. അന്നത് ഒരുങ്ങുമ്പോൾ പത്മശ്രീ ലഭിക്കുമെന്നൊന്നും കരുതിയിരുന്നില്ല.
2020 ജനുവരി 25ന് 11 മണിക്ക് ഒരു റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് ഒരു ഫോൺകാൾ വന്നത്. എടുത്തപ്പോൾ ഹിന്ദിയിൽ സംസാരിക്കുന്നു. ഹിന്ദിയറിയാത്ത ഞാൻ ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്നു നോക്കി. അടുത്തുള്ള ഒരു ഓട്ടോക്കാരന്റെ കൈയിൽ ഫോൺ കൊടുത്തു. അവരാണ് പറഞ്ഞത് എനിക്ക് പത്മശ്രീ ലഭിച്ചുവെന്ന്. അന്ന് ഒരുപാടു പേർ വന്ന് എന്നെ കെട്ടിപ്പിടിച്ചു. വീട്ടിലും ആളുകൾ നിറഞ്ഞു, പ്രമുഖരും സാധാരണക്കാരും ഒരുപോലെ. കുറെ പേർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പത്മശ്രീ ലഭിച്ച അന്ന് ഒരുപാട് പേരെ കാണാനും സംസാരിക്കാനും സാധിച്ചു, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങി നിരവധി പേർ. ഹാജബ്ബക്ക് അല്ലാഹുവുണ്ടെന്ന് അന്ന് എല്ലാവരും പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു. സന്തോഷംകൊണ്ടാണ്. വിശുദ്ധനാളിന്റെ അനുഗ്രഹമുള്ള നിർദേശപത്രിക.
ആഗ്രഹത്തിലെ ഇഫ്താർ വിരുന്ന്
കുറച്ചു വർഷങ്ങൾക്കു മുമ്പേ വരെ ഞങ്ങൾ ആരും ആരെയും നോമ്പുകാലത്ത് നോമ്പുതുറക്കൊന്നും വിളിച്ചിരുന്നില്ല. ഞങ്ങൾ താമസിച്ചിരുന്നത് മറ്റു മതസ്ഥർ കൂടുതലായുള്ള സ്ഥലങ്ങളിലായിരുന്നു. ദാരിദ്ര്യം നിറഞ്ഞ അക്കാലത്ത് ആർക്കും ആരെയും വിരുന്നു വിളിക്കാനൊന്നും സാധിക്കുമായിരുന്നില്ല. കൊടുക്കാനും ആവില്ല. അവനവന്റെ ഇല്ലായ്മകളിൽ വീട്ടുകാരോടൊത്തുള്ള നോമ്പുതുറ, അത്രമാത്രം. 20 വർഷങ്ങൾക്കു മുമ്പു വരെ സഹായങ്ങളും ലഭിച്ചിരുന്നില്ല. 1979ലായിരുന്നു കല്യാണം. ഭാര്യയും ഞാനും മൂന്നു കുട്ടികളും ചേർന്നുള്ള ജീവിതം. പെരുന്നാളിനുള്ള വസ്ത്രമെടുക്കാനുള്ള പണം തികയാൻ നോമ്പ് ഇരുപത്തേഴൊക്കെയാവും. വിൽപനക്കുള്ള ഓറഞ്ച് എടുക്കുന്ന ഇടത്തിലെ ഉടമസ്ഥൻ ഇസ്ഹാക്ക് ഹാജി എന്തെങ്കിലും കൂടുതൽ സഹായം ചെയ്യും. ഇസ്ഹാക്ക് ഹാജിയാണ് ആദ്യമായി പെരുന്നാളിന് ഉടുപ്പിനുള്ള തുണി സമ്മാനിക്കുന്നത്. ഓറഞ്ച് വാങ്ങാൻ വരുന്നവരും പത്തും ഇരുപതും കൂടുതലായി തരും. വസ്ത്രത്തിനുള്ള പണം കിട്ടി നോമ്പിന്റെ ആ അവസാന നാളുകളിൽ തുണി തുന്നാൻ കൊടുത്ത് അത് തിരിച്ചുകിട്ടുന്നത് പലപ്പോഴും പെരുന്നാൾ ദിവസമായിരിക്കും. കഴിഞ്ഞ 20 വർഷങ്ങൾ പക്ഷേ, മാറ്റങ്ങളുടേതായിരുന്നു. ഒരുപാട് സഹായങ്ങളെത്തും, ജീവിതത്തിനും സ്‌കൂളിനും വേണ്ടി. അഷ്‌റഫലി കുഞ്ഞബ്ദുല്ല എന്നയാൾ തന്ന നോമ്പുതുറ ഓർമയിലുണ്ട്. വലിയ ഇടങ്ങളിൽനിന്ന് ആളുകൾ നോമ്പുതുറക്ക് ക്ഷണിക്കും. മേശ നിറയെ വിഭവങ്ങളുണ്ടാകും. പക്ഷേ, ഒന്നും കഴിക്കാൻ തോന്നില്ല. ശീലംകൊണ്ടാവും. വളരെ കുറച്ചു മതിയെനിക്ക്. എങ്കിലും വിളിച്ച സന്തോഷത്തിൽ എന്തെങ്കിലും കഴിച്ച് മടങ്ങും. ഏതു വിരുന്നിന് വിളിക്കുന്നവരോടും അതു പറയാറുണ്ട്, എനിക്കിത്രയൊന്നും വേണ്ട എന്ന്. പിന്നെ അവരുടെ സന്തോഷത്തിന് പോയി വരും. ഒന്നും കഴിക്കാൻ കഴിയാറുമില്ല. നോമ്പുതുറകളിൽ പങ്കെടുക്കുന്നത് വളരെ കുറവുമാണ്. ഇന്ന് കുറവില്ലാത്ത കാലമാണ്. നന്നായി ജീവിക്കാം. പക്ഷേ, ആഡംബരമില്ലാത്ത ജീവിതംതന്നെയാണ് ഇന്നും ഇഷ്ടം. സ്‌കൂളിന് വേണ്ടിയാണ് ഞാൻ എല്ലാം നൽകിയത്. എങ്കിലും സ്‌കൂളിൽ ഒരു ഇഫ്താർ വിരുന്ന് ഒരുക്കണം എന്ന ആഗ്രഹമുണ്ട്. വിദ്യാർഥികളോടൊപ്പം ഒരു നോമ്പുതുറ. അതു നടത്തണം.
മുമ്പ് അത്താഴമില്ലാതെ നോമ്പു നോൽക്കുമായിരുന്നു. ഇപ്പോൾ ശരീരത്തെ പല അസുഖങ്ങളും ബാധിച്ചു തുടങ്ങി. അത്താഴമില്ലാതെ നോമ്പെടുക്കാൻ കഴിയില്ല എന്നായിരിക്കുന്നു. ശ്വാസം മാത്രമേ ഇപ്പോഴുള്ളൂ. അതുംകൂടി നിൽക്കും വരെ മാത്രമേയുള്ളൂ ഈ ജീവിതം. എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. കഴിഞ്ഞുപോയ എല്ലാ സുഖവും ദുഃഖവും സുഖംതന്നെയായിരുന്നു. പട്ടിണിയാണെങ്കിലും ആ കാലം എനിക്കിഷ്ടമാണ്. ഇന്നും നല്ലതുതന്നെയാണ്. എല്ലാം നല്ലതിനാണ്. ഞാൻ പലതിനും നിമിത്തം മാത്രമാണ്. ഇനിയും ചെയ്യാൻ കുറെ കാര്യങ്ങളുണ്ട്. ഒരു നോമ്പുകാലംകൂടി വരുകയല്ലേ.
തയാറാക്കിയത്: നജ്‍ല മറിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.