ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകി. സൽമാൻ രാജാവിനുവേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താന്റെ മേൽനോട്ടത്തിൽ ബുധനാഴ്ച രാവിലെയാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. മന്ത്രിമാർ, അമീറുമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, കഅ്ബയുടെ പരിചാരകൻ, പണ്ഡിതസഭാംഗങ്ങൾ, ഇരുഹറം കാര്യാലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു. മസ്ജിദുൽ ഹറാമിലെത്തിയ മക്ക ഡെപ്യൂട്ടി ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ സുദൈസ്, കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഡെപ്യൂട്ടി ഗവർണർ കഅ്ബയുടെ അകത്ത് പ്രവേശിച്ച് ചുവരുകൾ പനിനീർ കലർന്ന സംസം വെള്ളം കൊണ്ട് കഴുകി. നേരത്തെ തയാറാക്കിയ മിശ്രിതം നനച്ച തുണിക്കഷണങ്ങൾ കൊണ്ട് ഭിത്തികൾ തുടച്ചു. കഴുകലിന്റെ മുന്നോടിയായി കഅ്ബയുടെ പുടവ (കിസ്വ) അടിഭാഗം അൽപം ഉയർത്തിക്കെട്ടിയിരുന്നു. ഹറമിലെത്തിയ തീർഥാടകർക്ക് കഅ്ബ കഴുകൽ കാണുന്നതിനായും അതിനുള്ള ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായും വെർച്വൽ പ്രദർശനം ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നു.
കഴുകുന്നതിനുള്ള എല്ലാ ഒരുക്കവും നേരത്തെ ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. മേത്തരം ഊദ് എണ്ണ, റോസാപ്പൂ വെള്ളം എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്. ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിരുന്നു.
അബ്ദുൽ അസീസ് രാജാവിന്റെ കൈകളാൽ രാജ്യം ഏകീകരിക്കപ്പെട്ടതിന് ശേഷം ഇപ്പോൾ സൽമാൻ രാജാവിന്റെ കാലം വരെയും ഇസ്‌ലാം, മുസ്‌ലിംകൾ, ഇരുഹറമുകൾ, കഅബ തുടങ്ങിയവരുടെ എല്ലാ കാര്യങ്ങളിലും വലിയ ശ്രദ്ധയും താൽപര്യവുമാണ് പുലർത്തി വരുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കഅബയെ പരിപാലിക്കുക എന്നത് ഈ അനുഗൃഹീത രാജ്യത്തിന്റെ നേതാക്കളുടെ ഒരു സവിശേഷതയാണ്. അതിനെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ആരാധനയുടെ ഭാഗമാണ്. സച്ചരിതരായ സ്വഹാബികളും അവർക്ക് ശേഷം ഖലീഫമാരും പിന്തുടരുന്ന ഒരു ചര്യയാണെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.