ഉള്ളം നനയുന്നുണ്ട് നോമ്പോർമകളിൽ

'നോമ്പ് തൊറക്ക്ണ നേരാവുമ്പള്ക്ക് ജ്ജ് അത് മുയ്മന്‍ തിന്ന് തീര്‍ക്കോ ജോര്‍ജേ.....ഇപ്പഴും കാതിലങ്ങനെ നിറഞ്ഞു കേള്‍ക്കുന്നുണ്ട് ഉമ്മാന്റെ സ്വരം. പത്തിരി ചുടുമ്പോ അടുത്തിരുന്ന് ചൂടോടെ അകത്താക്ക്ണ എന്നോട് പറയുന്നതാണ്' മഞ്ചേരി ഉള്ളാട്ടില്‍ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന്‍ ജോർജ്.

'അബൂബക്കറിന്റെ മകന്‍ ജോർജ്. ഒരതിശയം തോന്നുന്നുണ്ടാവും ഈ പേര് കേള്‍ക്കുമ്പോള്‍. ഇതിനു പിന്നില്‍ ഒരുകഥയുണ്ട്. വഴക്കും വക്കാണവും നിറഞ്ഞ വീട്ടില്‍നിന്ന് സമാധാനം തേടി നാടുവിട്ട എട്ടും പൊട്ടും തിരിയാത്ത പത്തുവയസ്സുകാരന്റെ കഥ. ലോകമറിയാതെ പുറപ്പെട്ട് നട്ടംതിരിഞ്ഞ് വിശന്നുപൊള്ളി തളര്‍ന്നു കരുവാളിച്ചുനില്‍ക്കുന്ന ഒരു സമയത്താണ് ഉപ്പ എന്നെ കണ്ടെത്തുന്നത്. അപ്പോഴേക്കും കഷ്ടപ്പാടിന്റെ കുറെയേറെ തീരങ്ങള്‍ താണ്ടിക്കഴിഞ്ഞിരുന്നു ഞാന്‍. ഗൂഡല്ലൂരിലെ വീടുവിട്ടിറങ്ങി പത്താം ദിവസമാണ് മഞ്ചേരിയില്‍ എത്തിയത്. കൂടെ കൂട്ടുകാരന്‍ സണ്ണിയുമുണ്ടായിരുന്നു. ഒരു വെള്ളിയാഴ്ചയായിരുന്നു അത്.

വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. എന്തെങ്കിലും കഴിക്കണം എന്നുണ്ട്. പക്ഷേ, കൈയിലുള്ളതെല്ലാം തീര്‍ന്നിരിക്കുന്നു. ആരോടെങ്കിലും ചോദിക്കാനും മടി. ഒടുവില്‍ നെല്ലിപറമ്പില്‍ നിന്ന് നിലമ്പൂരിലേക്കുള്ള റോഡരികിലെ മരച്ചോട്ടില്‍ ഇരുന്നു. മേലാക്കം പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരെല്ലാം ഞങ്ങളെ നോക്കി വട്ടംകൂടി നിന്നു. ഓരോരുത്തരായി വിവരം തിരക്കി. കൂടുതല്‍ ക്ഷേമാന്വേഷണത്തിന് ആര്‍ക്കും വിട്ടുകൊടുക്കാതെ സൈക്കിളിന്റെ മുന്നിലും പിന്നിലും ഇരുത്തി അവറാന്‍ക്ക അദ്ദേഹത്തിന്റെ പലചരക്കുകടയിലേക്ക് കൊണ്ടുപോയി. ജീവിതത്തില്‍ ആദ്യമായി ഞങ്ങളൊരു മനുഷ്യനെ കാണുകയായിരുന്നു. ചെരണിയിലെ കിണറില്‍നിന്ന് വെള്ളം മുക്കിയെടുത്ത് കുളിപ്പിച്ചു. തൊട്ടടുത്തുള്ള ചെട്ടിയാരുടെ ചായക്കടയില്‍ കൊണ്ടുപോയി വയറ് നിറയുവോളം ഭക്ഷണം തന്നു. ഞങ്ങള്‍ ആര്‍ത്തിയോടെ കഴിച്ചു. വയറ് നിറഞ്ഞതോടെ സണ്ണിക്ക് ഗൂഡല്ലൂരിലേക്ക് തിരിച്ചുപോകണം. അച്ഛനേയും അമ്മയേയും കാണണമെന്നുപറഞ്ഞ് കരച്ചില്‍ തുടങ്ങി. ഞാന്‍ നാടുവിട്ടപ്പോള്‍ എന്നെ തനിച്ചുവിടാന്‍ മനസ്സില്ലാത്തതുകൊണ്ട് കൂടെക്കൂടിയതാണവന്‍. ഇനി നാട്ടിലേക്ക് ഇല്ലെന്ന് ഞാന്‍ ഉറപ്പിച്ചു. സണ്ണിയെ മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്കുള്ള ബസില്‍ കയറ്റിവിട്ടു. എനിക്ക് ആവശ്യം ജോലിയായിരുന്നു. ചെട്ടിയാരുടെ കടയില്‍ സഹായിയായി കൂടാന്‍ തീരുമാനിച്ചു.

ഒരു ദിവസം ഒരു ലോറിക്കാരന്‍ ചായ കുടിക്കാനെത്തി. ചായ കൊടുത്ത എന്നെ നോക്കി ചോദ്യം തുടങ്ങി. ഇത് ഏതാ ചെട്ട്യാരേ പുതിയൊരു ചെക്കന്‍? ഞമ്മക്കാണെങ്കില്‍ ഒരു ആണ്‍തരിയില്ല. സുഹറാന്റെ മംഗല്യം കഴിഞ്ഞതോടെ കെട്ട്യോള്‍ ഒറ്റക്കാ... ഈ ചെര്‍ക്കന്‍ ന്റെ പൊരേല്‍ക്ക് പോരോ..?. ഓനെ അനക്ക് പറ്റൂല അബോ.. ചെക്കന്‍ ക്രിസ്ത്യാനിയാണ്, ചെട്ട്യാരെ മറുപടി. ജാതി ഏതായാലും ഓന്‍ മനുഷ്യക്കുട്ടിയല്ലേ. കച്ചറ കൂടൂലെങ്കില്‍ ഓന് പാത്തുമ്മാന്റെ അട്ത്ത് നില്‍ക്കാം. സുഹറാക്കൊരു ആങ്ങള ആവൊല്ലൊ. അന്നുമുതല്‍ എനിക്കൊരു പുതിയ വിലാസം ലഭിക്കുകയായിരുന്നു. മഞ്ചേരി ഉള്ളാട്ടില്‍ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന്‍ ജോർജ് എന്ന വിലാസം.

ജീവിതത്തില്‍ ആ രണ്ടുപേര്‍ എന്നെ സ്‌നേഹിച്ച പോലെ ആരും എന്നെ സ്‌നേഹിച്ചിട്ടില്ല. ന്റെ ഓരോ ആശയും കണ്ടറിഞ്ഞ് നിറവേറ്റി. പത്തു സെന്റ് ഭൂമി വിറ്റ് എനിക്കൊരു ഓട്ടോ വാങ്ങിത്തന്നു. ഡ്രൈവറാവുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. അവിടന്നങ്ങോട്ട് വാഹനങ്ങള്‍ മാറിമാറി കൈയില്‍ വന്നു. ഓട്ടോക്കു പകരം കാര്‍ ആയി. ന്റെ മനസ്സിനിഷ്ടപ്പെട്ട പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിപ്പിച്ചു. ഉമ്മാക്കും ഉപ്പാക്കും പുഷ്പ മകളായിരുന്നു. സുഹറയെപോലൊരുത്തി. പുഷ്പ ആദ്യ കണ്‍മണി പ്രജിനക്ക് ജന്മം നല്‍കിയപ്പോഴും പരിചരണത്തിന് ഉണ്ടായിരുന്നത് ഈ കുടുംബം തന്നെ.

ഉപ്പയും ഉമ്മയും ദൈവത്തിന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. കൂടപ്പിറപ്പായി സുഹറ കൂടെയുണ്ട്. അളിയന്‍ പാണായി ബീരാന്‍ കുട്ടി ഉപ്പാക്ക് ബദലായി കാരണവര്‍ സ്ഥാനത്തും. സുഹറയുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒരേഒരു മാമനാണ് ഞാന്‍. പെരുന്നാളമ്പിളിയും ക്രിസ്മസ് നക്ഷത്രവും ഒരുപോലെ മിന്നും ഈ വീട്ടുമുറ്റത്ത്. നോമ്പിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഉമ്മാന്റെ നിസ്‌ക്കാരപ്പായയും ഉപ്പാന്റെ തറാവീഹ് കഴിഞ്ഞുള്ള മടക്കവും നിറയും മനസ്സില്‍. പത്തിരി ചുടാനും അത്താഴമൊരുക്കാനും ഉമ്മക്കൊപ്പം കൂടാറുണ്ടായിരുന്നു. ഉമ്മാന്റെ ചെറുപ്പകാലത്തെ നോമ്പനുഭവങ്ങളും പറയും അതിനിടയില്‍. എനിക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കിത്തരും.

തയാറാക്കിയത്: ഫര്‍സാന. കെ

Tags:    
News Summary - The soul is wet in Ramadan Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.