വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധി പകരുന്ന റമദാനിന്‍റെ രാപകലുകളിലേക്ക് മണിക്കൂറുകൾ മാത്രം. ബുധനാഴ്ച മുതൽ യു.എ.ഇയിൽ ഇത്തവണ റമദാൻ ആരംഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ നാലു വർഷമായി കോവിഡ് മഹമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിലായിരുന്നു വ്രതക്കാലം വിശ്വാസികൾ ചിലവഴിച്ചത്. എന്നാൽ ഇത്തവണ മാസ്ക് അടക്കമുള്ള നിയന്ത്രണങ്ങളൊന്നും പള്ളികളിൽ നിർബന്ധമല്ല. ഇഫ്താർ ഒത്തുചേരലിനും പ്രത്യേകിച്ച് തടസങ്ങളുണ്ടാകില്ല.
റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്ളികളിലും അനുബന്ധ സംവിധാനങ്ങളിലും അറ്റകുറ്റപണികളും മറ്റു പ്രവൃത്തികളും പൂർത്തിയായിക്കഴിഞ്ഞു. റസ്റ്ററൻറുകളിലും ഹോട്ടലുകളിലും പ്രത്യേക സൗകര്യങ്ങളും മറ്റും ഒരുക്കാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ ഇഫ്താർ ടെൻറുകളും ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതാണ്. ലേബർ ക്യാമ്പുകളിലടക്കം നോമ്പുതുറപ്പിക്കുന്നതിന് സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവാസി സംഘടനകളും രംഗത്തുവരും.
റമദാനിൽ ജോലി സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും പ്രവൃത്തി സമയം വെട്ടിക്കുറച്ചിട്ടുണ്ട്. റമദാനിൽ യു.എ.ഇ ഫെഡറൽ സർക്കാറിന് കീഴിലെ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഇളവ് അനുവദിച്ചത്. ഉത്തരവ് പ്രകാരം ജീവനക്കാരിൽ 70ശതമാനത്തിനും ഇളവ് ലഭിക്കും. എന്നാൽ ബാക്കിലുള്ളവർ ഓഫീസിലെത്തി തന്നെ ജോലി നിർവഹിക്കേണ്ടിവരും. അതോടൊപ്പം പൊതുവിദ്യാലയങ്ങളിലെയും സർവകലാശാലകളിലെയും
വിദ്യാർഥികൾക്കും സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദൂര പഠനമായിരിക്കും വെള്ളിയാഴ്ചകളിൽ ഇവർക്ക് ഏർപ്പെടുത്തുക. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകളെ ഇത് ബാധിക്കില്ല. റമദാനിൽ ഫെഡറൽ മന്ത്രാലയങ്ങളും അതോറിറ്റികളും പ്രയാസരഹിതമായ പ്രവൃത്തിസമയ ക്രമീകരണം കൊണ്ടുവരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ്(എഫ്.എ.എച്ച്.ആർ) നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവൃത്തിസമയം രാവിലെ ഒമ്പതു മുതൽ ഉച്ച 2.30വരെ ആയിരിക്കുമെന്നും എഫ്.എ.എച്ച്.ആർ സർകുലർ വഴി അറിയിച്ചിരുന്നു. എന്നാൽ ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും സർകുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് പ്രവൃത്തി സമയം നിയമാനുസൃതമായി മാറ്റം വരുത്താനുള്ള അനുമതിയുമുണ്ട്.
വിശുദ്ധ മാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളൊരുക്കി ദുബൈ എക്സ്പോ സിറ്റിയും ഗ്ലോബൽ വില്ലേജും വിപുലമായ പരിപാടികൾ ഒരുങ്ങിയിട്ടുണ്ട്. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ എക്സപോയിലെ ചടങ്ങുകൾ ‘ഹയ്യ് റമാദാൻ’ എന്നതലക്കെട്ടിൽ മാർച്ച് മൂന്ന് മുതൽ ഏപ്രിൽ 25വരെയാണ് നടത്തപ്പെടുന്നത്. കാമ്പയിൻ കാലയളവിൽ അൽ വസ്ൽ പ്ലാസയിലെ പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കും സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും.
നോമ്പുകാലത്തിന് യോജിച്ച വിവിധ പരിപാടികളും ഓഫറുകളുമാണ് ഗ്ലോബൽ വില്ലേജ് ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്ലിസും ഇത്തവണ തയ്യാറാക്കുന്നുണ്ട്. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് മജ്ലിസിൽ വെച്ച് കഴിക്കാനും സൗകര്യമുണ്ടാകും.
അതിനിടെ റമദാനിന് മുന്നോടിയായി മക്കയിലേക്ക് പോകുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നിരവധി പേരാണ് കരമാർഗം ബസിൽ യാത്ര ചെയ്ത് ഉംറ നിർവഹിക്കാൻ റമാദാനിലേക്ക് ബുക് ചെയ്തിട്ടുള്ളത്. വ്രതമാസത്തിലെ അവസാന പത്തുദിവസങ്ങളിലാണ് ഉംറ തീർഥാടകർ ഏറ്റവും വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.