ആറ്റുനോറ്റ് കാത്തിരുന്ന റമദാൻ കാലം

മക്കളും പേരമക്കളും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരുമൊക്കെ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരത്തിന് പാണക്കാട് ജുമാമസ്ജിദിൽ ഒരുമിക്കുമ്പോൾ തൊട്ടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുകയാണ് ആറ്റപ്പൂ. ഖാദിമാരായി ഓരോ കാലങ്ങളിൽ ജനലക്ഷങ്ങളെ നയിച്ച തങ്ങന്മാരുമുണ്ട് അരികിൽ. 'ഞങ്ങൾക്കുള്ളതെല്ലാം ഒരുക്കിവെച്ചാണ്' ഉപ്പ പോയതെന്ന് ഹൈദരലി തങ്ങളുടെ മക്കളായ നഈമലി ശിഹാബ് തങ്ങളും മുഈനലി ശിഹാബ് തങ്ങളും പറയുന്നു. ഒന്നും ഒന്നിൽനിന്ന് തുടങ്ങേണ്ടതില്ല. പിതാവിന്റെ തുടർച്ചയാണ് എല്ലാമെന്നാണ് അപ്പറഞ്ഞതിനർഥം. 'ദാറുന്നഈമി'ലിരുന്ന് റമദാനിലെ ആറ്റപ്പൂക്കാലം ഓർത്തെടുക്കുകയാണിവർ.

മാസപ്പിറവി പ്രഖ്യാപനം ദാറുന്നഈമിൽ

റമദാൻ മാസപ്പിറവി അറിയിക്കണമെന്ന് ശഅബാൻ അവസാന വാരം ഹൈദരലി തങ്ങളുടെ പേരിൽ പത്രങ്ങളിൽ ആഹ്വാനം വരും. 29ന് വൈകുന്നേരമാകുമ്പോൾ വീട്ടുമുറ്റത്തും കോലായിലും ആളുകൾ നിറഞ്ഞിട്ടുണ്ടാകും. ഹൈദരലി തങ്ങൾ ഖാദിയായ മഹല്ല് കമ്മിറ്റികളുടെ ഭാരവാഹികളും സാധാരണക്കാരുമെല്ലാം കൂട്ടത്തിലുണ്ടാകും. മഗ് രിബ് നമസ്കരിച്ച് പള്ളിയിൽ നിന്നെത്തിയാൽ അന്വേഷണങ്ങൾ തുടങ്ങും. ഫോണുകൾ നിരന്തരം ശബ്ദിക്കും. മാസപ്പിറവി കണ്ടോ എന്നറിയാനും കണ്ട കാര്യം അറിയിക്കാനുമൊക്കെയായിരിക്കും. കണ്ടവർ നേരിട്ട് പാണക്കാട്ടേക്ക് വരുന്ന പതിവുമുണ്ട്. മറ്റു ഖാദിമാരുമായും തങ്ങൾ ആശയവിനിമയം നടത്തും. വിശ്വാസയോഗ്യമാണെന്ന് ഉറപ്പാക്കിയശേഷം വട്ടമേശക്കരികിലേക്ക്. അവിടെയിരുന്നാണ് പ്രഖ്യാപനം. ഇന്നാലിന്ന സ്ഥലത്ത് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും.

മാസപ്പിറവി കണ്ടില്ലെങ്കിൽ അക്കാര്യവും പ്രഖ്യാപിക്കും. കൂടിനിന്നവർ തക്ബീർ മുഴക്കും. പിന്നെ പ്രാർഥനയും കഴിഞ്ഞ് ആളുകൾ പിരിയും. ഇശാഅ് ബാങ്ക് വിളി ഉയർന്നാൽ തറാവീഹിന് തങ്ങളും മക്കളും പള്ളിയിലേക്ക് നീങ്ങും. പള്ളിയിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാം നിൽക്കുന്ന മിഹ്റാബിന് വലതുവശത്താണ് ഹൈദരലി തങ്ങൾ ഇരിക്കാറ്. പൂർവികരുടെ ഖബർ സിയാറത്ത് ചെയ്യുന്നതും പതിവായിരുന്നു.

പകൽ പുസ്തകങ്ങൾക്കും ചെടികൾക്കുമൊപ്പം

റമദാനിലെ ആദ്യ അത്താഴം അൽപം നേരത്തേ കഴിക്കും. പിന്നെ പ്രാർഥനകളിലും ഖുർആൻ പാരായണത്തിലും മുഴുകും. സുബ്ഹിക്കുശേഷമാണ് കാര്യമായ ഉറക്കം. അൽപനേരം ഖുർആൻ ഓതിയശേഷമുള്ള നിദ്ര ചിലപ്പോൾ രാവിലെ 11 മണിവരെ നീളും. തങ്ങൾ ഉണരുന്നതും കാത്ത് ചില സന്ദർശകരെങ്കിലുമുണ്ടാകും. കുറച്ച് സമയം ചരിത്രപുസ്തകങ്ങൾ വായിക്കും. ഉച്ചക്കുശേഷവുമുണ്ട് കുറച്ച് സമയം ഉറക്കം. വൈകുന്നേരം മുറ്റത്തെയും പറമ്പിലെയും ചെടികളും മരങ്ങളും നോക്കാനും നനക്കാനുമൊക്കെയിറങ്ങും.

റമദാനിൽ യാത്രകൾ പരമാവധി ഒഴിവാക്കും. പരിപാടികൾ ഏൽക്കാറില്ല. എല്ലാ ദിവസവും നോമ്പ് തുറക്കാൻ വീട്ടിലുണ്ടാകണമെന്ന് നിർബന്ധമായിരുന്നു. കുടുംബത്തിന് പുറത്തെ പ്രിയപ്പെട്ടവരുടെ ക്ഷണം സ്നേഹത്തോടെ നിരസിക്കും. തങ്ങളുടെ ചിട്ടാവട്ടങ്ങൾ അറിയുന്നവർ പിന്നെ നോമ്പുതുറക്ക് വിളിക്കാറില്ല. ഒന്നാം നോമ്പിന് സഹോദരങ്ങൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊക്കെ ഹൈദരലി തങ്ങളുടെ വീട്ടിലാണ് ഇഫ്താർ.

നോമ്പുതുറ മേശ‍യിലെ കൊയിലാണ്ടി വിഭവങ്ങൾ

കൊയിലാണ്ടിക്കാരിയാണ് ഹൈദരലി തങ്ങളുടെ പത്നി ശരീഫ ഫാത്തിമ സുഹ്റ. ഇവരുടെ കൈപ്പുണ്യം നോമ്പുതുറ മേശയെ സമൃദ്ധമാക്കും. ഫാത്തിമ സുഹ്റ ബീവിയും മക്കളായ സാജിദയും സാഹിദയും ചേർന്ന് കൊയിലാണ്ടി വിഭവങ്ങളുൾപ്പെടെ ഒരുക്കും. സഹായത്തിന് അടുത്ത വീട്ടിലെ സ്ത്രീകളുമുണ്ടാകും. വൈകുന്നേരമാകുമ്പോഴേക്ക് വിവിധതരം പലഹാരങ്ങളും തരിക്കഞ്ഞിയും പത്തിരിയും കോഴിക്കറിയും ഇലക്കറികളുമെല്ലാം ഉണ്ടാക്കും. ചെറിയ മീനുകളോടായിരുന്നു ഹൈദരലി തങ്ങൾക്ക് പ്രിയം. ജീരകക്കഞ്ഞിയും ഇഷ്ടമാണ്. ചില ദിവസങ്ങളിൽ സഹോദരങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ വീട്ടിലാവും നോമ്പുതുറ. അന്ന് എല്ലാവരും അവിടേക്ക് പോകും. ജോലികളെല്ലാം റമദാന് മുമ്പേ തീർക്കുകയാണ് ഹൈദരലി തങ്ങളുടെ രീതി. നോമ്പ് 30 ദിവസവും ശാന്തമായ അന്തരീക്ഷമായിരിക്കും. റമദാൻ അവസാന പത്തിലേക്ക് കടന്നാൽ പലപ്പോഴും പള്ളിയിൽ ഭജനമിരിക്കും.

പിരിശം കൂടിയ ചൂലനും വേലായുധനും

പുറത്തേക്ക് നോമ്പ് തുറക്കാൻ ഹൈദരലി തങ്ങൾ പോകാറില്ലെങ്കിലും അദ്ദേഹത്തിനൊപ്പം വീട്ടിൽ എല്ലാ ദിവസവും സുഹൃത്തുക്കളോ പരിചയക്കാരോ ഉണ്ടാകും. വിവിധ കമ്മിറ്റി ഭാരവാഹികൾ, നേതാക്കൾ, കുറ്റിച്ചിറയിലെയും പാണക്കാട്ടെയുമടക്കം സഹപാഠികൾ, ബന്ധുക്കൾ എന്നിങ്ങനെ തിരിച്ച് ഓരോ ദിവസങ്ങളിലായി തങ്ങൾ നോമ്പുതുറക്കാൻ ക്ഷണിക്കും. സ്ഥിരം വരുന്നവരുമുണ്ടാകും കൂട്ടത്തിൽ. ഇവരുടെ പേരുകൾ മക്കളേക്കാൾ ഓർത്തുവെക്കുന്നത് തങ്ങളുടെ സന്തതസഹചാരി അവറാനാണ്. കൂട്ടിലങ്ങാടിക്കാരി മറിയവും മൂന്നു സ്ത്രീകളും മിക്കപ്പോഴും നോമ്പുകാലത്ത് ഹൈദരലി തങ്ങളെ കാണാനെത്തും. നോമ്പുതുറക്കാനും ഉണ്ടാകാറുണ്ട്. പുഴക്കരെയുള്ള വേലായുധനും വെളിയോട് ചൂലനും പാണക്കാട്ടെ അഹമ്മദും പിരിശം കൂടിയവരാണ്. നോമ്പുതുറ വിഭവങ്ങളുടെ രുചിയറിയാൻ ഇവരുമെത്തും.

സാമ്പത്തികശേഷിയില്ലാത്തവർക്ക് നോമ്പുകാലത്ത് സക്കാത് എത്തിക്കും. വീട്ടിൽ വരുന്നവരും വെറുംകൈയോടെ മടങ്ങാറില്ല. ഹൈദരലി തങ്ങൾ അസുഖബാധിതനായി ചികിത്സയിലിരിക്കെ ഒരു റമദാൻ കടന്നുപോയി. ജീവിതചക്രം താളംതെറ്റിയ സ്ഥിതിയായിരുന്നു. നോമ്പുകാലം വീണ്ടുമെത്തുമ്പോൾ തിരക്കിൽനിന്നൊഴിഞ്ഞ് പേരക്കുട്ടികളായ ഫാത്തിമ സഹ്റയോടും ഹാത്തിമിനോടും യാഫിഇനോടും വിശേഷങ്ങൾ പറ‍യാൻ വല്യുപ്പയില്ല. കുട്ടികളായിരിക്കെ, പെരുന്നാളിന് അതിരാവിലെ വിളിച്ചുണർത്തി പുത്തനുടുപ്പുകൾ ധരിപ്പിച്ച് കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടുപോയിരുന്ന ഉപ്പയാണിപ്പോൾ നഈമിന്റെയും മുഈനിന്റെയും ഉള്ളുനിറയെ.

Tags:    
News Summary - Waiting for ramadan time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.