കഴിഞ്ഞ റമദാൻ കാലത്ത് കർണാടകയിലെ കലബുറഗിയിൽ 15 ദിവസം ക്യാമ്പ് ചെയ്തു. ഗ്രാമങ്ങളിൽ നോമ്പുതുറ നടത്തുന്നത് അപൂർവമാണ്. ജവാഹിർ റൊട്ടി, ആലുപൊറോട്ട, പരിപ്പുകറി തുടങ്ങിയവയാണ് നോമ്പിനുള്ള പ്രധാന വിഭവം. നാട്ടിലെപ്പോലെ നോൺവെജ്, പൊരിവിഭവങ്ങൾ എന്നിവയുണ്ടാകാറില്ല. മെഡിക്കൽ ക്യാമ്പ് ഉച്ചയോടെ കഴിയും. ഗ്രാമമുഖ്യന്‍റെ വീട്ടിലും മറ്റുമായിരിക്കും താമസം.
ജലദോഷം, അപ്പന്റിസൈറ്റിസ് എന്നിവയാണ് പൊതുവെ ഇവിടത്തെ ജനങ്ങളിൽ കാണപ്പെടുന്ന രോഗം. ഇതുവരെ ശീലിച്ച സാഹചര്യമല്ലാത്തതിനാൽ റമദാനിലെ ഭക്ഷണകാര്യങ്ങൾ ഉൾപ്പെടെ വളരെ സങ്കീർണമാണ്. വിശപ്പ് കടിച്ചമർത്തി ഉറങ്ങൽ പുതുമയല്ലാത്ത ഇവിടത്തെ ഗ്രാമീണർക്ക് റമദാനിലെ നോമ്പ് മുഴുപട്ടിണിയിൽ കൊണ്ടെത്തിക്കും. രണ്ടക്കം കടക്കാത്ത വളരെ തുച്ഛമായ വേതനത്തിന് മണ്ണിൽ വിയർപ്പൊഴുക്കുന്നവരോടൊത്തുള്ള നോമ്പുതുറയിൽ സമൃദ്ധമായ വിഭവങ്ങൾ അന്യമാണ്.
നോമ്പുതുറക്കാൻ ഈത്തപ്പഴം പ്രതീക്ഷിച്ചിരിക്കുന്നിടത്ത് സർക്കാർ ആഴ്ചയിൽ ഒരു ദിവസം വിതരണം നടത്തുന്ന കറപറ്റിയ ഗ്ലാസിലെ വെള്ളവുമായി ഇരിപ്പുറപ്പിക്കും. ചവർപ്പ് ചുവയാണ് ഈ വെള്ളത്തിന്. ദാഹമകറ്റാൻ നാവറിയാതെ വെള്ളം വിഴുങ്ങണം. അത്താഴം കഴിക്കുന്ന രീതി ഒട്ടുമില്ല ഇവിടെ. ഒരു ബിസ്കറ്റു പൊതി സൂക്ഷിച്ചുവെച്ച് അലാറം വെച്ചെണീക്കണം. ഈ ഇന്ധനത്തിലാണ് ദിവസവും ക്യാമ്പുകൾ തള്ളിനീക്കിയത്.
തയാറാക്കിയത്: കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.