തെരഞ്ഞെടുപ്പ് ചൂടിലും ചെറിയ പെരുന്നാളിനെ ആഘോഷമായിക്കണ്ട് ആഘോഷിച്ചിരുന്നു. എങ്കിലും കാലാവസ്ഥ നല്ല ചൂടായിരുന്നു. മാസത്തിലെ നോമ്പ് കൂടിയുള്ള സ്ഥാനാർഥിപര്യടനവും തുടർച്ചയായ പ്രസംഗങ്ങളും അതിന്റേതായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പെരുന്നാൾ ദിനം ഉൾപ്പെടെ തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. എന്നാൽ, ബലിപെരുന്നാൾ കുളിർമയുടേതാണ്. തിരക്കുണ്ടെങ്കിലും പ്രകൃതിയുടെയും രാഷ്ട്രീയത്തിന്റെയും കാലാവസ്ഥ മാറിയിരിക്കുന്നു. പൊന്നാനിയിൽ ഭൂരിപക്ഷത്തിന്റെ കാലവർഷപ്പെയ്ത്തും പ്രകൃതിക്കുവേണ്ട മഴയും ആവോളം ലഭിച്ചു.
എല്ലാ പെരുന്നാളിനും ബന്ധപ്പെട്ടവരുടെയും സ്നേഹിതരുടെയും വീടുകൾ സന്ദർശിക്കുന്നത് എന്റെ രീതിയാണ്. കുടുംബവും കുട്ടികളുമായി ബന്ധുവീടുകളിൽ പോവാറുണ്ട്. പഠിച്ചിരുന്ന സ്ഥലങ്ങളിൽ പെരുന്നാളിന് പോകുന്നതും എന്റെ പതിവായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വൈകാരികമായി അടുപ്പം തോന്നിയ ചിലയിടങ്ങളുണ്ട്. ഞാൻ ഉടനെ വീണ്ടും വരും എന്നുപറഞ്ഞ ആ സ്ഥലങ്ങളിൽ ഈ പെരുന്നാളിന് പോണം.
പെരുന്നാളിലെ എന്റെ ഏറ്റവും വലിയ ഓർമ ഒരു കദനമാണ്. ചെറിയ പെരുന്നാൾ ദിനത്തിലാണ് എന്റെ ഉമ്മ മരണപ്പെട്ടത്. ഉമ്മയുടെ രക്തം പുരണ്ട പെരുന്നാൾ വസ്ത്രം ഇന്നും എന്റെ മനസ്സിലെ ഒരു തേങ്ങലാണ്. ഉമ്മയുടെ മരണം പെരുന്നാളിനായത് ജീവിതത്തിലെ ഒരു ഘട്ടത്തിലും അതിരുകടന്ന് സന്തോഷിക്കരുതെന്ന പാഠമാണ് എനിക്ക് നൽകിയത്.
പവിത്രമായ ഹജ്ജിന്റെ ഓർമ കൂടിയാണ് ഓരോ ബക്രീദും. കഅബ കാണുമ്പോഴും പ്രവാചകന്റെ മണ്ണിൽ കാലുകുത്തുമ്പോഴുമുള്ള പറഞ്ഞറിയിക്കാൻ കഴിയാത്ത അഭൗമികമായ അനുഭവമാണ് ഹജ്ജ്. ഓർമകളിൽ ആദ്യം മനസ്സിൽ വരുന്നത് മിനയിൽ തീപിടിത്തമുണ്ടായ വർഷം ഞാൻ ഹജ്ജിന് പോയതാണ്. ഞാൻ മിനയിലായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. മിനയിൽ നിന്നും തിരിച്ച് ഹറമിലേക്ക് ഒറ്റക്ക് നടക്കുമ്പോഴാണ് അതുപോലെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടക്കുന്നത് കണ്ടത്. ദീർഘദൂരം നടക്കാൻ എനിക്ക് കാലിന് ഒരു ബുദ്ധിമുട്ടുണ്ടായി. അപ്പോൾ എ.പി. അബൂബക്കർ മുസ്‍ലിയാർ എന്റെ കൈപിടിച്ച് നടന്നോളൂ എന്നു പറഞ്ഞു. ഹറമിനടുത്ത് എത്താനായപ്പോഴാണ് പിന്നീട് വാഹനം ലഭിച്ചത്. ഈ അനുഭവം പിന്നീട് പലപ്പോഴും ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിൽ പങ്കുവെക്കാറുണ്ട്.
-തയാറാക്കിയത് യാസീൻ റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.