1. സുമ, 2. മ​ഴ​യി​ൽ സു​മ​യു​ടെ വീ​ടി​ന​ക​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ു

ഒരുപൊതി ചോറിലുണ്ട് ഒരായിരം പുണ്യം; ദുരിതമനുഭവിക്കുമ്പോഴും മറ്റുള്ളവർക്ക് താങ്ങായി സുമ

വൈപ്പിൻ: വിളമ്പിയതിൽവെച്ച് ഏറ്റവും മഹത്തരമായ ഭക്ഷണം ഏതെന്നുചോദിച്ചാൽ ഉറപ്പായും അതിന് ഒരുത്തരമേയുള്ളൂ- വിശന്നുവലഞ്ഞവന് നൽകിയത്. ആ പുണ്യം പേറുന്ന ഒരുപാടുപേർ ചുറ്റുമുണ്ട്. വിശപ്പ്‌ കാർന്ന വയറിന്‍റെ പുകച്ചിൽ അറിയുന്നവർ. അവർക്ക് മുന്നിൽ തടസ്സങ്ങളില്ല. വീടിനകം മുഴുവൻ മഴവെള്ളം കയറി നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥയിലും പതിവുപോലെ സുമചേച്ചി വെട്ടിയെടുത്തു പറമ്പിലെ വാഴയിൽനിന്ന് ഏറ്റവും നല്ലയില.

അടുപ്പിലെ കനലുകളിൽ വാട്ടിയെടുത്ത ഇലയിൽ ചോറുവിളമ്പി, പരിപ്പുകറിയും തോരനും അച്ചാറും വിളമ്പി. ഇങ്ങനെ പത്താമത്തെ പൊതിച്ചോറു പൊതിഞ്ഞെടുക്കുമ്പോഴും വീട്ടിൽ തളംകെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് അവർക്ക് കാലെടുക്കാൻ കഴിയുമായിരുന്നില്ല. എന്നിട്ടും പട്ടിണിയോട് മല്ലിടുന്നവർക്കായി എത്തിച്ചുനൽകേണ്ട ഭക്ഷണം സമയത്തിന് കൊടുക്കാൻ കഴിഞ്ഞതിലെ സംതൃപ്തി മുഖത്ത് കാണാനാകുമായിരുന്നു.

യൂത്ത്കോൺഗ്രസ് നൽകുന്ന പാഥേയം പദ്ധതിയിൽ എല്ലാ ഞായറാഴ്ചകളിലും ഞാറക്കൽ 15ആം വാർഡിൽ താമസിക്കുന്ന സുമ പൊതിച്ചോറ് നൽകാറുണ്ടെന്ന് ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു. പതിവുപോലെ അതു വാങ്ങാനെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഇത്തവണ ഞെട്ടി. ഇടിഞ്ഞുവീഴാറായ കൊച്ചുവീടിന്‍റെ അകം മുഴുവൻ വെള്ളംകയറിയ അവസ്ഥ.

ആ വെള്ളത്തിൽ വലിയ സിമന്‍റ് കട്ടകൾ നിരത്തിയാണ് സുമ ഭക്ഷണം പാകംചെയ്തുനൽകിയത്. തുടർച്ചയായി പെയ്യുന്ന മഴയിൽ ഞാറക്കലിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്.

പലരും ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയായ ഭർത്താവും വിദ്യാർഥിയായ മകനുമാണ് വീട്ടിലുള്ളത്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ് കുടുംബമെങ്കിലും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽനിന്ന് പിന്മാറാൻ ഇവർ തയാറല്ല.

Tags:    
News Summary - Suma's service is in the midst of adversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.