​​'മേക്കപ്പ്' പൊളിഞ്ഞ് പെരൽമാന്റെ 'റെവ്‌ലോണ്‍'; പാപ്പരായതിങ്ങനെ...

ന്യൂയോർക്ക്: 90 വർഷമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സുന്ദരിമാരെ അണിയിച്ചൊരുക്കിയ 'റെവ്‌ലോണ്‍' ഒടുവിൽ പാപ്പർ ഹരജി നൽകിയിരിക്കുന്നു. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോസ്‌മെറ്റിക്‌സ് നിര്‍മാതാക്കളായ റെവ്‌ലോണ്‍ (Revlon) ബുധനാഴ്ചയാണ് കോടതിയെ സമീപിച്ചത്. ഇതോടെ സൗന്ദര്യ വർധക വസ്തുക്കളുടെ ഉൽപാദനത്തിൽ അനിഷേധ്യ സ്ഥാനം കൈവരിച്ച കമ്പനിയുടെ തകർച്ചക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

സഹോദരന്മാരായ ചാൾസും ജോസഫ് റെവ്‌സണും രസതന്ത്രജ്ഞനായ ചാൾസ് ലാച്ച്മാനും ചേർന്ന് 1932-ൽ ന്യൂയോർക്ക് സിറ്റിയിലാണ് റെവ്‌ലോൺ സ്ഥാപിച്ചത്. ലിപ്സ്റ്റിക് ബ്രാന്‍ഡായാണ് റെവ്‌ലോൺ അറിയപ്പെടുന്നത്. ശതകോടീശ്വരനായ റൊണാൾഡ് പെരൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനി, മകൾ ഡെബ്റ പെരൽമാനാണ് ഇപ്പോൾ നടത്തിവരുന്നത്. പെരല്‍മാന്റെ കീഴിലുള്ള മാക് ആന്‍ഡ്രൂസ് & ഫോര്‍ബ്‌സിനാണ് റെവലോണിന്റെ ഉടമസ്ഥാവകാശം.


കടബാധ്യതകളും കോസ്‌മെറ്റിക്‌സ് ബിസിനസിലെ കടുത്ത മത്സരങ്ങളുമാണ് കമ്പനിയുടെ അടിത്തറ ഇളക്കിയത്. അടുത്തിടെ പണപ്പെരുപ്പവും വിതരണ ശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങളും കൂടിയായതോടെ റെവ്‌ലോണിന് തിരിച്ചടിയായി. ഈ മേധലയിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഓണ്‍ലൈന്‍ വിതരണത്തിൽ പിടിമുറുക്കിയതും ഭീഷണിയായി.

ഏകദേശം 3.31 ശതകോടി ഡോളറാണ് കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം കമ്പനിയുടെ കടബാധ്യത. തങ്ങളുടെ വായ്പാ സ്ഥാപനങ്ങളുമായി ഇവർ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

തുടക്കം നെയിൽ പോളിഷിൽ...ഉയർച്ചയും തളർച്ചയും ഇങ്ങനെ

നെയിൽ പോളിഷിന്റെ വൈവിധ്യമാർന്ന ഷേഡുകൾ വിപണിയിലിറക്കിയാണ് റെവ്‌ലോൺ ഇടംപിടിച്ചത്. ബിസിനസ്സ് വളർന്നപ്പോൾ, റെവ്‌ലോൺ പരസ്യത്തിൽ നിക്ഷേപം ആരംഭിച്ചു. 1935-ൽ ന്യൂയോർക്കർ മാസികയിൽ അതിന്റെ ആദ്യ പരസ്യം പ്രസിദ്ധീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, റെവ്‌ലോൺ മറ്റുസൗന്ദര്യവർദ്ധക വസ്തുക്കളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. 1939ൽ ആദ്യ ലിപ്സ്റ്റിക്ക് അവതരിപ്പിച്ചു. 1955 ആയപ്പോഴേക്കും വിൽപന ഗണ്യമായി ഉയർന്നു. കമ്പനി ആഗോളതലത്തിൽ വിപുലീകരിച്ചു.

1973ൽ ആദ്യ ബ്രാൻഡ് അംബാസഡറായി മോഡലും നടിയുമായ ലോറൻ ഹട്ടനെ നിയമിച്ചു. 1985ൽ സൗന്ദര്യ വർധക ഉൽപന്ന ഭീമന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി റൊണാൾഡ് പെരൽമാൻ ചുമതലയേറ്റു.

1996ൽ റെവ്‌ലോൺ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ആഗോള ബ്രാൻഡ് അംബാസഡറായി നടി എമ്മ സ്റ്റോൺ ചുമതലയേറ്റു. ന്യൂയോർക്ക് ഫാഷൻ വീക്ക് പോലുള്ള പ്രധാന ഫാഷൻ ഇവന്റുകളിൽ മോഡലുകളെ ഒരുക്കി.


2018 മേയിൽ റൊണാൾഡ് പെരൽമാന്റെ മകൾ ഡെബ്ര പെരൽമാൻ കമ്പനി സിഇഒ ആയി ചുമതലയേറ്റു. സൗന്ദര്യ വർധക കമ്പനിയുടെ അമരത്തെത്തുന്ന ആദ്യ വനിതയാണ് ഡെബ്ര.

എന്നാൽ, 2019ൽ ലോകം കോവിഡിന്റെ പിടിയിലമർന്നത് റെവ്‌ലോണിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സൗന്ദര്യ വർധക വസ്തുക്കൾ ജനം വാങ്ങാതായി. കമ്പനി നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിതരണ ശൃംഖലയിലെ പ്രതിസന്ധിയും കടബാധ്യതയും മുന്നോട്ടുപോക്കിന് തടസ്സമായി.

ഡെബ്ര പെരൽമാൻ 

2022 ആയപ്പോഴേക്കും റെവ്‌ലോണിന് തങ്ങളുടെ പ്രതാപം നഷ്ടമായി. ബുധനാഴ്ച കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള ചാപ്റ്റർ 11 ഹരജി ഫയൽ ചെയ്തു. 'തങ്ങളുടെ ഭാവി വളർച്ചയ്ക്ക് വ്യക്തമായ പാത കണ്ടെത്താനാണ്' ഈ നീക്കമെന്നാണ് സി.ഇ.ഒ ഡെബ്ര പെരെൽമാൻ ഇതേക്കുറിച്ച് പറഞ്ഞത്.


Tags:    
News Summary - The rise and fall of Revlon, the once-beloved beauty counter staple that ushered in nail polish and lipstick as American beauty mainstays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.