പാരമ്പര്യമായി കിട്ടിയ കൃഷി ആഭിമുഖ്യം പ്രവാസത്തിലും കൈവിടാന്‍ ഒട്ടും താൽപര്യമില്ല ഇവര്‍ക്ക്. ജോലിത്തിരക്കുകള്‍ക്കിടയിലും കടന്നുവന്ന ജീവിത വഴികളെ പാതിവഴിയില്‍ ഉപേക്ഷിക്കാനും മനസ്സില്ല. അതുകൊണ്ടു തന്നെ ഇവരുടെ മട്ടുപ്പാവിലെ വിളകള്‍ക്കു നൂറുമേനിയാണ് വിളവ്. മനസ്സും വളവും ജലവും നല്കി പോറ്റുന്നതിന്റെ ഫലം മണലാരണ്യത്തിലും മാറ്റ് കുറയാതെ ലഭിച്ചുകൊണ്ടേയിരിക്കുന്നു. അബൂദബിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ കോഴിക്കോട് കുറ്റ്യാടി കക്കട്ടില്‍ സ്വദേശി യാസിര്‍ അറഫാത്തും പത്നി ലെമിനയുമാണ് കടലിനിക്കരയും താമസിക്കുന്ന വില്ലയിലെ ടെറസില്‍ കൃഷിത്തോട്ടമൊരുക്കി മാതൃകയാവുന്നത്.
12 വര്‍ഷത്തോളമായി മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലാണ് കുടുംബം വസിക്കുന്നത്. നേരത്തെ, താമസിച്ചിരുന്ന വില്ലയിലെ ഉള്ള സൗകര്യത്തില്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളും കൃഷി ചെയ്തിരുന്നു. എന്നാല്‍, ആശിച്ചപോലെ വിശാലമായ ടെറസോടുകൂടി താമസയിടം ലഭിച്ചത് അടുത്തിടെയാണ്. ഇതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു.
തക്കാളി, പച്ചമുളക്, കൂര്‍ക്ക, ചീര, കറിവേപ്പില, ചുരക്ക, മത്തന്‍, വെള്ളരി, കുമ്പളം, പാവയ്ക്ക, പടവലം, വെണ്ട, വഴുതന, പയര്‍, കോവക്ക, ബീന്‍സ് തുടങ്ങിയ പച്ചക്കറി വിളകളും ഫല വൃക്ഷങ്ങളും പൂക്കളും ഔഷധച്ചെടികളുമെല്ലാം വലിയൊരു തോട്ടം പോലെ വളര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ശൈത്യകാലവും കടന്ന് വേനല്‍ കനക്കുംവരെ വീട്ടിലേക്ക് ഉപയോഗിക്കാനാവശ്യമായ വിളകള്‍ ഇവര്‍ സ്വയം കൃഷി ചെയ്തെടുക്കുന്നു.
വളര്‍ത്തുപക്ഷികളും മല്‍സ്യവുമെല്ലാം ഇവരുടെ ഗാര്‍ഡനിലെ അംഗങ്ങളാണ്. കൃഷിക്ക് ആവശ്യമായ വിത്തുകള്‍ നാട്ടില്‍ നിന്നും യു.എ.ഇയുടെ വിവിധ മേഖലകളില്‍ നിന്നുമായി കണ്ടെത്തുന്നു. മൂത്ത മകന് സഫ്ദിന് തൃശൂരില്‍ പഠനത്തിനു ചേര്‍ന്നതോടെ വിത്ത് എത്തിക്കല്‍ എളുപ്പമായി. അവധിക്കു വരുമ്പോഴൊക്കെ മണ്ണുത്തി കാര്‍ഷിക കേന്ദ്രത്തില്‍ നിന്നും വിത്തുകള്‍ കൊണ്ടുവരും. ജൈവ വളം കണ്ടെത്താനായി അല്‍ വത്ത്ബ മേഖലയിലെ ഫാമുകളിലേക്ക് കുടുംബമായി യാത്ര പോവും. അവിടെ നിന്നുള്ള ചാണകവും മണ്ണുമൊക്കെ എത്തിച്ചാണ് ആവശ്യമായ വളം തയ്യാറാക്കുന്നത്.
ഒപ്പം ഉപയോഗ ശേഷം തള്ളുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളും മറ്റും പുനരുപയോഗിച്ച് തോട്ടം പരിസ്ഥിതി സൗഹൃദമാക്കാനും ശ്രമം നടത്തുന്നുണ്ട്. കറ്റാര്‍ വാഴ, ശംഖ് പുഷ്പം, തുളസി, ചെണ്ടുമല്ലി, വാടാര്‍മുല്ല തുടങ്ങിയ ഔഷധ സസ്യങ്ങളൊക്കെയും സമൃദ്ധമാണ്. പുറത്തു നിന്നുനോക്കിയാല്‍ ടെറസ് എന്നതിനപ്പുറം പച്ചപ്പ് നിറഞ്ഞ നാട്ടിന് പുറത്തെ വീടിനോട് ചേര്‍ന്ന തൊടിയാണെന്നേ തോന്നൂ.
കാര്‍ഷിക കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ടുതന്നെ കൃഷിയുടെ ബാല പാഠങ്ങള്‍ ആരും പകര്‍ന്നു നല്കേണ്ടതില്ലായിരുന്നു യാസിറിന്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിക്കാലത്ത് ചെയ്ത കൃഷി രീതികള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇവിടെയും പ്രയോഗിക്കുന്നു. ഫലം വിളകള്‍ക്കെല്ലാം തികഞ്ഞ വിളവാണ്. കാലാവസ്ഥാ മാറ്റം പലവിധം പ്രതിസന്ധികള്‍ സൃഷ്ടിക്കുമെങ്കിലും അതിനെ മറികടക്കാനുള്ള വിദ്യകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സായിദ് സിറ്റി സോണ്‍ 20ലെ റൂഫ് ഗാര്ഡനിലേക്കെത്തുന്ന സുഹൃദ് സന്ദര്‍ശകരുടെ മടക്കവും നിറ കൈകളോടെയാണ്. പച്ചക്കറികളും പഴ വര്‍ഗങ്ങളും നല്‍കിയേ കുടുംബം യാത്രയാക്കാറുള്ളൂ. ഇക്കുറി ആഗസ്റ്റിലാണ് കൃഷി ആരംഭിച്ചത്. ഒക്ടോബറോടെ വിളവെടുത്തു തുടങ്ങി. നിലവില്‍ വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും വിളവെടുക്കുന്നു. ഒഴിവു സമയത്തെ വിനോദം എന്നതിനപ്പുറം, പിറന്ന നാട് സമ്മാനിച്ച ജീവിത ശൈലി കൈമോശം വരാതെ കാത്തുസൂക്ഷിക്കുക എന്ന ആഗ്രഹം കൂടിയുണ്ട് യാസിറിന്.
ഒപ്പം ശുദ്ധമായ ജൈവ പച്ചക്കറി വര്‍ഷത്തിന്റെ പാതി കാലയളവിലെങ്കിലും കഴിക്കാമെന്ന ഗുണവുമുണ്ട്. വരും നാളുകളിലും കൂടുതല്‍ പരീക്ഷണങ്ങളും വ്യത്യസ്തമായ ശൈലികളും സ്വീകരിച്ച് കൃഷി മുന്നോട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. മറ്റു മക്കളായ ഇഫ്റ്റിന്, സന്ന എന്നിവരും കൃഷിയിടത്തിലെ നിറ സാന്നിധ്യമാണ്. സാമൂഹിക സാംസ്കാരിക മേഖലയിലും സജിവമായ യാസിറിന് യു.എ.ഇ ഗോള്‍ഡന്‍ വിസയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.