കോട്ടയം: കലക്കു വേണ്ടിയുള്ള സമർപ്പണമാണ് അദിതി പ്രാൺ രാജ് എന്ന 11 വയസ്സുകാരിയുടെ ജീവിതം. കലക്കു കൂടുതൽ പ്രാധാന്യം നൽകാനാണ് സ്കൂളിൽ പോയുള്ള പഠനം ഉപേക്ഷിച്ച് ഹോം സ്കൂളറായതും. തമിഴ്നാട്ടിലും ആന്ധ്രയിലും പ്രചാരത്തിലുള്ള ഭട്ടാസ്യ നൃത്തം അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവം നർത്തകരിലൊരാളാണ് അദിതി. സംഗീതം, യോഗ എന്നിവ പഠിക്കുന്നതോടൊപ്പം യോഗ തിയറി ക്ലാസുകളും പഠിപ്പിക്കുന്നു. പുതുപ്പള്ളി പുത്തൻപറമ്പിൽ യോഗാധ്യാപകനായ രാജേഷ് കടമാൻ ചിറയുടെയും നൃത്താധ്യാപിക പ്രതിഭയുടെയും മകളാണ് അദിതി.
പേരിൽ തുടങ്ങുന്നു അദിതിയിലെ വ്യത്യസ്തത. ആദിമാതാവിൽ നിന്ന് പ്രാണൻ ഉൾക്കൊണ്ട് റാണിയായവൾ എന്നാണ് അദിതി പ്രാൺ രാജെന്ന പേരിന്റെ അർഥം. വീട്ടിലെ കലാ പരിസരം കണ്ടുശീലിച്ചതുകൊണ്ട് ചെറുപ്പം മുതലേ അദിതിക്ക് നൃത്തത്തിലും സംഗീതത്തിലും യോഗയിലും താൽപര്യമുണ്ടായിരുന്നു. നിർബന്ധിത സ്കൂൾ പഠനം മകളുടെ കലാസപര്യക്ക് പ്രതിബന്ധമാവരുതെന്ന ചിന്തയോടെയാണ് മാതാപിതാക്കൾ ഹോം സ്കൂളിങ് തെരഞ്ഞെടുത്തത്. എന്നു കരുതി പാഠപുസ്തകങ്ങൾ മാറ്റിവെച്ചില്ല.
ഓരോ വർഷവും സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസിലെ പുസ്തകങ്ങൾ വാങ്ങി നൽകി. അദിതി സ്വയം പഠിക്കും. സംശയങ്ങൾ മാതാപിതാക്കൾ തീർത്തു കൊടുക്കും. അവർക്കുമറിയാത്തത് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കും. പത്താം ക്ലാസിൽ നേരിട്ട് രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതാനാണ് തീരുമാനം. കലക്ക് പ്രാഥമിക പരിഗണന നൽകിയതുകൊണ്ടാണ് സ്കൂൾ പഠനം ഉപേക്ഷിച്ചതെന്നും അല്ലാതെ അതിനെ നിഷേധിക്കുകയല്ല ചെയ്തതെന്നും അദിതിയുടെ മാതാപിതാക്കൾ പറയുന്നു. കലാപഠനത്തിനാണ് കൂടുതൽ സമയം മാറ്റിവെക്കുന്നത്. ബാക്കി സമയങ്ങളിലാണ് അക്കാദമിക് പഠനം.
യൂട്യൂബിൽ കണ്ടാണ് പ്രതിഭ ഭട്ടാസ്യ എന്ന നൃത്തരൂപത്തെ മനസ്സിലാക്കിയത്. ഇടത്തരം വലുപ്പമുള്ള മൺകലത്തിന്റെ പുറത്തു കയറി നിന്നുകൊണ്ടുള്ള നൃത്തം. ഭട്ടാസ്യ ചെയ്യാൻ പ്രതിഭയാണ് ആഗ്രഹിച്ചതെങ്കിലും ശ്രദ്ധയും ശരീരത്തിന്റെ ബാലൻസിങ്ങും ഏറെ വേണ്ടതിനാൽ ആ സാഹസത്തിന് മുതിർന്നില്ല. കുട്ടിക്കാലത്തു തന്നെ യോഗ തുടങ്ങിയ അദിതിയെ ഭട്ടാസ്യ അഭ്യസിപ്പിച്ചു.
കുറിച്ചി ഇണ്ടിളയപ്പ സ്വാമി ക്ഷേത്രത്തിൽ ഹരിവരാസനത്തിന്റെ നൃത്താവിഷ്കാരമായിരുന്നു ആദ്യവേദി. ഒമ്പതാം വയസ്സിലായിരുന്നു അത്. പിന്നീട് നിരവധി വേദികളിൽ ഭട്ടാസ്യ അവതരിപ്പിച്ചു. ഭരതനാട്യത്തിൽ ഡിപ്ലോമ ചെയ്യുകയാണ് അദിതി ഇപ്പോൾ. ആറുവയസ്സുകാരിയായ ഇളയ മകൾ ഇഷാനി പ്രാൺ രാജും (പാർവതി ദേവിയിൽ നിന്ന് പ്രാണൻ ഉൾക്കൊണ്ട് റാണിയായവൾ) നൃത്തം അഭ്യസിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.