കോഴിക്കോട്: 10 വയസ്സുകാരൻ മുഹമ്മദ് ബിലാൽ ഉയരങ്ങളിലേക്ക്. മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ വിദ്യാർഥിയും നരിക്കുനി സ്വദേശിയുമായ ബിലാൽ മുഹമ്മദ് (10) മിനർവ പഞ്ചാബ് ക്യാമ്പിലേക്ക് തിരെഞ്ഞടുക്കപ്പെട്ടു. 2034 ലോകകപ്പ് ലക്ഷ്യമാക്കിയാണ് മിനർവ പഞ്ചാബ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മാസം പഞ്ചാബിൽ നടന്ന 15 ദിവസത്തെ സെലക്ഷൻ ട്രയൽസിലൂടെയാണ് മിനർവയുടെ ഗോൾ കീപ്പർ ആയി ബിലാലിനെ തിരഞ്ഞെടുത്തത്. നരിക്കുനി പാലോളിത്താഴം സ്വദേശികളായ ഈസയുടെയും റുക്സാനയുടെയും ഇളയമകനാണ് ബിലാൽ മുഹമ്മദ്. സഹോദരങ്ങളായ അഹമ്മദ് ഷാറൂഖ്, ബിഷ്റുൽ ഹാഫി എന്നിവരും ഫുട്ബാൾ മേഖലയിൽ കഴിവ് തെളിയിച്ചവരാണ്.
മുഹമ്മദ് ബിലാൽ നാല് വയസ്സു മുതൽ വെള്ളിമാടുകുന്ന് ക്രസന്റ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. മുൻ ഇന്ത്യൻ ഇൻറർനാഷനൽ താരവും ഇന്ത്യയിലെ പ്രമുഖ കോച്ചുമായ എൻ.എം. നജീബാണ് ടെക്നിക്കൽ ഡയറക്ടർ.
ഈ മാസം അവസാനം ബിലാൽ മിനർവ പഞ്ചാബിലേക്ക് യാത്രതിരിക്കും. ഫുട്ബാളിനൊപ്പം പഠനത്തിനും വളരെയധികം ഊന്നൽ നൽകിയാണ് ക്രസന്റ് അക്കാദമി മുന്നോട്ടുപോകുന്നത്. മൂന്നു മുതൽ 12 വയസ്സുവരെ പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.