‘‘സ്വയം അറിയുന്ന, വിലമതിക്കുന്ന, മനസ്സിലാക്കുന്ന ഒരു മനസ്സിനെ നിങ്ങൾക്ക് അടിമപ്പെടുത്താൻ കഴിയില്ല...’’ മരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വാന്‍ഗാരി മൂതാ മാതായിയുടേതാണ് ഈ വാക്കുകൾ. ഈ വാക്കുകളിൽനിന്ന് തന്റെ നാലാം വയസ്സിൽ പ്രചോദനം ഉൾക്കൊണ്ട് ലോകത്തിന് വഴികാട്ടിയാകുന്ന ഒരു 14കാരിയുണ്ട് കെനിയ നൈറോബിയിൽ. എലിയാനെ വാൻജു ക്ലിസ്റ്റൻ ഗീതേയ്. ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥ വ്യതിയാന അംബാസഡറും കെനിയയുടെ യങ്ങസ്റ്റ് മഹൂജ (ഹീറോ)യുമാണ് എലിയാനെ.
നാലാം വയസ്സിൽ, കിന്റർഗാർട്ടനിൽ വെച്ച് ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിങ്, ഫ്ലോറൻസ് നൈറ്റിങ്ഗേൽ തുടങ്ങിയ ഹീറോസിനെക്കുറിച്ച് ഒരു േപ്രാജക്ട് തയാറാക്കിയിരുന്നു. എന്നാൽ, അതിൽ അവളെ ആകർഷിച്ച ഹീറോ വാന്‍ഗാരി മൂതാ മാതായി ആയിരുന്നു. കെനിയൻ പരിസ്ഥിതി പ്രവർത്തകയും നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിതയുമായ വാന്‍ഗാരി മാതായി. ഇതോടെ തനിക്കും ലോകത്തിനായി, വരും ജനതക്കായി എന്തെങ്കിലും ചെയ്യണമെന്നും വ്യത്യസ്തമായ കരിയർ തിരഞ്ഞെടുക്കണമെന്നും അവൾ ആഗ്രഹിച്ചു.
ഇന്ന് 14ാം വയസ്സിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു മുൻനിര പ്രചാരകയായി എലിയാെന മാറിക്കഴിഞ്ഞു. ഒരു ഓറഞ്ചോ നാരങ്ങയോ കഴിച്ചാൽ താൻ അതിന്റെ വിത്ത് നടും. അത് വളർന്നുവരുന്നതോടെ കൂടുതൽ മരങ്ങൾ നടാൻ തനിക്ക് പ്രചോദനമാകും –എലിയാെന പറയുന്നു. 2017ൽ കുടുംബത്തിന്റെ പിന്തുണയോടെ ചിൽഡ്രൺ വിത്ത് നേച്ചർ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ എലിയാനെ ആരംഭിച്ചു.
സമൂഹത്തിൽ എങ്ങനെ നല്ല സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആഫ്രിക്കയിലും ലോകമെമ്പാടുമായി പരിസ്ഥിതി സ്നേഹികളുടെ സഹായത്തോടെ 13 ലക്ഷം മരങ്ങൾ എലിയാെന ഇതുവരെ നട്ടുപിടിപ്പിച്ചു. മരങ്ങൾ നടുന്നതിൽ മാത്രമല്ല, പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ലോകത്തെ ഓർമപ്പെടുത്തുന്നതിനായി കോപ് വേദികളിൽ ഉൾപ്പെടെ സംവദിക്കുകയും ചെയ്യുന്നുണ്ട് എലിയാെന.
2023ൽ മലേറിയ ബാധിച്ച് കുട്ടികൾ മരിക്കുന്നതിനെക്കുറിച്ച് ദുബൈയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ എലിയാെന സംസാരിച്ചിരുന്നു. ചാൾസ് രാജാവിനെ കാണുകയും ‘കാലാവസ്ഥ വ്യതിയാനവും മലേറിയയും’ എന്ന വിഷയത്തിൽ സംവദിക്കുകയും ചെയ്തു. കൂടാതെ, ഫുട്ബാളർ ഡേവിഡ് ബെക്കാമുമായി ചേർന്ന് ‘ചെയ്ഞ്ച് ദ സ്റ്റോറി’ എന്ന സീറോ മലേറിയ കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. നിരവധി ലോക നേതാക്കളുമായി സംവദിക്കുമ്പോഴും കുട്ടികളുമായി ഇടപെടുന്നതും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതുമാണ് തന്റെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങളെന്ന് എലിയാെന പറയുന്നു.
ദേശീയ അന്തർദേശീയ പരിപാടികളിൽ സജീവമാകുമ്പോൾ സ്കൂൾ നഷ്ടപ്പെടുന്നതാണ് എലിയാെന നേരിടുന്ന വെല്ലുവിളി. എന്നാൽ, ‘എനിക്ക് വെല്ലുവിളികളെയാണ് ഇഷ്ടം’ എന്ന് പറയുകയാണ് എലിയാെന. ‘വെല്ലുവിളികളെ നേരിടുന്നതിലൂടെ ഒരു ധൈര്യം കൈവരും. അങ്ങനെ മാത്രമേ മാറ്റം സാധ്യമാകുകയും ചെയ്യൂ. ലോകത്തെ മാറ്റിമറിച്ച ആളുകളുടെ പേരുകൾ എടുത്തുനോക്കുകയാണെങ്കിൽ അവരെല്ലാം വെല്ലുവിളികളെ അതിജീവിച്ചവരാണ്’ എലിയാനെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.