ഷഹ്ന മൈസിന്‍

ഷഹ്ന മൈസിന് ഒരു കോടിയുടെ മേരിക്യൂറി ഫെലോഷിപ്

യൂറോപ്യന്‍ യൂനിയന്‍ ശാസ്ത്ര ഗവേഷകര്‍ക്ക് ഏര്‍പ്പെടുത്തിയ മേരിക്യൂറി ഫെലോഷിപ്പോടെ സ്വീഡനില്‍ ഭൗതികശാസ്ത്രത്തില്‍ ഗവേഷണത്തിന് യോഗ്യത നേടി കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് കടക്കോട്ടീരി ഷഹ്ന മൈസിന്‍.

കാള്‍സ്റ്റാഡ് സർവകലാശാലയിലാണ് ഒരു കോടി രൂപയുടെ ഫെലോഷിപ്പോടെ ഷഹ്ന പഠനം നടത്തുക. പ്രതിമാസം 3000 യൂറോ (ഏകദേശം 2.45 ലക്ഷം രൂപ) സ്റ്റൈപ്പന്‍ഡോടുകൂടിയുള്ള പഠനത്തിനായി ഭൗതിക ശാസ്ത്രത്തില്‍ പ്രതിഭയറിയിച്ച യുവ ഗവേഷക യാത്രതിരിച്ചു.

തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിൽ (ഐസർ) നിന്ന് ഭൗതികശാസ്ത്രം ഐച്ഛിക വിഷയമായെടുത്ത് ബി.എസ്.എം.എസില്‍ മികച്ച വിജയം നേടിയതിന് പിറകെയാണ് ഉന്നത ഗവേഷണ പഠനത്തിനുള്ള അസുലഭാവസരം ഈ പ്രതിഭയെ തേടിയെത്തിയത്. ഐസറില്‍ റിസര്‍ച് അസോസിയറ്റായി പ്രവര്‍ത്തിക്കുന്നതിനിടെ സമര്‍പ്പിച്ച പ്രബന്ധമാണ് മേരിക്യൂറി ഫെലോഷിപ്പിന് തിരഞ്ഞെടുത്തത്.

പൊതുമേഖല വിദ്യാലയങ്ങളിലൂടെ വളര്‍ന്ന് ശാസ്ത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഷഹ്ന കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കടക്കോട്ടീരി അബൂബക്കര്‍ സിദ്ദിഖിന്റെയും പെരുവള്ളൂര്‍ ടി.ഐ.ഒ.യു.പി സ്‌കൂള്‍ അധ്യാപിക സാജിതയുടെയും മകളാണ്.

പെരുവള്ളൂര്‍ ടി.ഐ.ഒ യു.പി സ്‌കൂള്‍, കൊട്ടൂക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വി.പി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് ബിരുദ-ബിരുദാനന്തര പഠനം തിരുവനന്തപുരം ഐസറില്‍ പൂര്‍ത്തിയാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.