മനാമ: 13 വയസ്സിനുള്ളിൽ കലാരംഗത്ത് 200ലധികം പുരസ്കാരങ്ങളാണ് ഒരു ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി നേടിയിരിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന നേഹ ജഗദീഷാണ് കലാമേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്ന ഈ മിടുക്കി. എൽ.കെ.ജി മുതൽ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയങ്ങൾ നേടുകയും ചെയ്തിട്ടുള്ള നേഹക്ക് ചിത്രരചനയിലാണ് കൂടുതൽ സമ്മാനങ്ങളും ലഭിച്ചിട്ടുള്ളത്.
ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ, കേരള കാത്തലിക് അസോസിയേഷൻ, പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്), കെ.എസ്.സി.എ (എൻ.എസ്.എസ്), കെ.പി.എ, എ.പി.എ തുടങ്ങിയ അസോസിയേഷനുകളും സംഘടനകളും നടത്തിയ മത്സരങ്ങളിലെല്ലാം നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) കലാരത്ന, ഗ്രൂപ് 4 ചാമ്പ്യൻഷിപ് എന്നിവ നേടി.
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സംഘടിപ്പിക്കുന്ന സ്പെക്ട്ര ഡ്രോയിങ് മത്സരത്തിലും നേഹ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. ഡ്രോയിങ്ങും പെയിന്റിങ്ങും മാത്രമല്ല, കവിത പാരായണം, ഇംഗ്ലീഷ്, കഥപറച്ചിൽ, ഇംഗ്ലീഷ് ഉപന്യാസ രചന, ചെറുകഥ രചന, കവിത രചന, കാർട്ടൂൺ ഡ്രോയിങ്, വെജിറ്റബിൾ കാർവിങ്, ക്ലേ മോഡലിങ് തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിലും നേഹ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
അഭിനയം, ക്രാഫ്റ്റിങ്, നൃത്തം, വ്ലോഗിങ് എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നേഹ നല്ലൊരു കീബോർഡ് പ്ലേയർ കൂടിയാണ്. വായനയിലും എഴുത്തിലും തൽപരയായ നേഹ പഠനത്തിലും മികവും പുലർത്തുന്നു. സഹോദരി സ്നേഹ ജഗദീഷും കലാമേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അൽ ഹിലാൽ ഡയറക്ട് സർവിസസിൽ ജോലി ചെയ്യുന്ന ജഗദീഷ് കുമാറിന്റെയും ജയശ്രീയുടേയും മകളാണ് നേഹ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.