അൽപം കാത്തിരിക്കേണ്ടിവന്നെങ്കിലും വാടപ്പുറം പി.കെ. ബാവ എന്ന കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രം ഒടുവിൽ അംഗീകരിക്കപ്പെടുകയാണ്. തൊഴിലാളി പ്രസ്ഥാനത്തിലൂടെയും അല്ലാതെയും ബ്രിട്ടീഷുകാർക്കെതിരെ ബാവ നടത്തിയ പോരാട്ടങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികളിലാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ. ഇതിനു പുറമെ ബാവയുടെ ജീവചരിത്ര ഗ്രന്ഥത്തിെൻറ ഇംഗ്ലീഷ് പതിപ്പിെൻറ ചെലവ് വഹിക്കാനും ഐ.സി.എച്ച്.ആർ മുന്നോട്ടുവന്നിരിക്കുകയുമാണ്. അതിനിടെ അമേരിക്കയിലെ പ്രശസ്തമായ ടെക്സസ് സർവകലാശാല വാടപ്പുറം ബാവയെക്കുറിച്ചുള്ള ഗവേഷണത്തിനും പഠനത്തിനും ഒരുങ്ങുന്ന സന്തോഷകരമായ വാർത്തയും പുറത്തുവന്നിരിക്കുകയാണ്. അതിെൻറ ഭാഗമായി സർവകലാശാലയിലെ മലയാള വിഭാഗം ബാവയുടെ ജീവചരിത്രത്തിെൻറ കോപ്പികൾ വാങ്ങിക്കഴിഞ്ഞു. മലയാള വിഭാഗം പ്രഫസറായ ഡേവിസിെൻറ നേതൃത്വത്തിൽ കഴിഞ്ഞ നാളുകളിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാടപ്പുറം ബാവയെയും തിരുവിതാംകൂർ ലേബർ അസോസിയേഷനെയുംകുറിച്ചുള്ള വാർത്തകളും ഫീച്ചറുകളും സമ്പാദിച്ചിരുന്നു.
വാടപ്പുറം ബാവയെ ഒഴിച്ചുനിർത്തി കേരളത്തിലെ തൊഴിലാളി ചരിത്രത്തിന് യാതൊരു പ്രസക്തിയുമില്ല. അതേസമയം, ബാവയെന്ന സമാനതകളില്ലാത്ത തൊഴിലാളി നേതാവ് പലവിധ കാരണങ്ങളാൽ വിസ്മൃതിയിലാണ്ടുപോയിയെന്ന യാഥാർഥ്യത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുകയില്ല. സഖാവെന്നും സ്വാതന്ത്ര്യസമര സേനാനിയെന്നുമൊക്കെ സൗകര്യപൂർവം വിശേഷിപ്പിക്കുേമ്പാൾ യഥാർഥത്തിൽ വാടപ്പുറം ബാവ എന്ന മനുഷ്യൻ ആരായിരുന്നുവെന്ന ചോദ്യം ഉയരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിപ്ലവകരമായ പ്രവർത്തനങ്ങളിലൂടെ മഹത്തായ ഒരു തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത അദ്ദേഹത്തെ ഇന്ന് വിലയിരുത്തുേമ്പാൾ വൈരുധ്യങ്ങൾ തോന്നാനിടയുണ്ട്. നവോത്ഥന നായക പട്ടികയിലെ പതിവ് പേരുകളിലൊന്നിലും കടന്നുവരാത്ത ഈ വ്യക്തിത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനഗവേഷണങ്ങൾ കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണെന്നതിൽ സംശയമില്ല.
അസോസിയേഷന്റെ സുവർണ ജൂബിലി സമ്മേളനം 1972ൽ ആലപ്പുഴയിൽ സി.പി.ഐ അതിഗംഭീരമായാണ് ആഘോഷിച്ചത്. മുഖ്യമന്ത്രി സി. അച്യുതമേനോനും രാഷ്ട്രപതി വി.വി. ഗിരിയും പങ്കെടുത്ത അഞ്ചു ദിനം നീണ്ടുനിന്ന സമ്മേളനത്തിൽ റഷ്യയിൽ നിന്നും ബ്രിട്ടനിൽനിന്നും പ്രതിനിധികൾ വരെ പങ്കെടുത്തിരുന്നു. ബാവയുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളിമുന്നേറ്റം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായിരുന്നുവെന്നാണ് അച്യുതമേനോൻ അന്ന് അഭിപ്രായപ്പെട്ടത്. തന്നെയുമല്ല, അന്നത്തെ ജൂബിലി സ്മരണികയുടെ മുഖചിത്രമായി പാർട്ടി അഭിമാനപൂർവം അവതരിപ്പിച്ചത് വാടപ്പുറം ബാവയെയാണ്. 'തൊഴിലാളി പ്രസ്ഥാനത്തിെൻറ സ്ഥാപകൻ'എന്ന അടിക്കുറിപ്പും അതിന് നൽകി. അതേസമയം, എന്തുകൊണ്ടോ 1997 ൽ ഒരു പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുകയുണ്ടായില്ല. അതിെൻറകൂടി പ്രായശ്ചിത്തമായിട്ടായിരിക്കും ആലപ്പുഴയിൽ വിപുലമായ യൂനിയൻ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചതിനു പുറമെ തിരുവനന്തപുരത്തെ സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും ആസ്ഥാന മന്ദിരങ്ങളിൽ വാടപ്പുറം ബാവയുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നത്.
സജീവ് ജനാർദനൻ അധ്യക്ഷനായി കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ വർഷം തോറും നടത്തിവരുന്ന അനുസ്മരണ പരിപാടികളല്ലാതെ ആലപ്പുഴയിൽ വാടപ്പുറം ബാവയുടെ സ്മരണ നിലനിർത്തുന്നതിനായി പ്രതിമയോ ഒരു സ്ഥാപനമോ ഇപ്പോഴുമില്ലെന്നതാണ് വാസ്തവം. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട ആലപ്പുഴ പൈതൃക മ്യൂസിയങ്ങളിൽ കേരളത്തിലെ തൊഴിലാളി മുന്നേറ്റ ചരിത്രം പ്രത്യേകിച്ചും ആലപ്പുഴയെ അടയാളപ്പെടുത്തുന്ന ഒരു മ്യൂസിയം ഉൾപ്പെടുത്തിയിട്ടുണ്ട്. പാതിവഴിയിൽ നിൽക്കുന്ന പദ്ധതി പൂർത്തിയാകുേമ്പാൾ വാടപ്പുറം ബാവയെയും തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ നാൾവഴികൾ വിശദമാക്കുന്ന ചരിത്രവും ഭാവി തലമുറക്കായി ഒരുക്കേണ്ടത് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.