കടലാഴം തിരഞ്ഞ്

''വർണാഭമായ പവിഴപ്പുറ്റുകൾ, ഓടിമറയുന്ന ചെറുമീനുകൾ.. അങ്ങനെയങ്ങനെ ഒരുപാട്...ആ ലോകം ഒന്നു വേറെത്തന്നെയാ''- കടലിനടിത്തട്ടിലെ അനുഭവങ്ങൾ പറയുമ്പോൾ കവരത്തി സ്വദേശി മിർസാനക്ക് നൂറു നാവാണ്. ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവറാണ് മിർസാന ബീഗം. 17ാം വയസ്സിൽ ഡീപ് ഡൈവിങ് എന്ന കടമ്പയും ഈ മിടുക്കി എളുപ്പം നീന്തിക്കടന്നു. കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വിദ്യാർഥിനിയാണ് മിർസാന. കടലാഴങ്ങളിൽ ഊളിയിടുന്ന പെൺകുട്ടിയുടെ വാക്കുകളിലേക്ക്...

ഉപ്പയുടെ ചോദ്യം

അഞ്ചാം ക്ലാസ് മുതൽക്കേ സ്നോർകലിങ് ചെയ്യുമായിരുന്നു. അതായിരുന്നു കടലുമായുള്ള ഏക ബന്ധം. സ്കൂബ ഡൈവിങ് പഠിക്ക​ണമെന്ന ആഗ്രഹം അന്നുണ്ടായിരുന്നുവെങ്കിലും പത്തുവയസ്സ് പൂർത്തിയായവർക്ക് മാത്രമേ അത് പഠിക്കാൻ കഴിയൂ. ഉപ്പ ഷഹാബുദ്ദീൻ ടൂറിസം രംഗത്താണ് ജോലി​ചെയ്യുന്നത്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹമാണ് സ്കൂബ ഡൈവിങ് പഠിക്കുന്നോയെന്ന് ആദ്യം ചോദിക്കുന്നത്. ഒരു ദിവസം പൊടുന്നനെയായിരുന്നു ബാപ്പയുടെ ചോദ്യം. രണ്ടാമതൊ​ന്ന് ആലോചിച്ചുനോക്കാതെ തന്നെ സമ്മതം മൂളി.

ആദ്യം അതിഥിയായി

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂബ ഡൈവിങ് രംഗത്തേക്കിറങ്ങുന്നത്. കവരത്തിയിലെ ലക്ഷദ്വീപ് സ്കൂബ അഡ്വഞ്ചേഴ്സ് അക്കാദമിയും അവിടത്തെ പരിശീലകനുമായ നജീമുദ്ദീനുമാണ് എനിക്ക് കടലിന്റെ ആഴങ്ങളെ പരിചയപ്പെടുത്തിയത്. ആദ്യം ​െഗസ്റ്റിനെപോലെയാണ് കടലിനടിയിലെത്തിയത്.

അന്നുവരെ വായിച്ചും പറഞ്ഞും കേട്ടും അറിഞ്ഞ കാര്യങ്ങൾ കണ്ണുകൊണ്ട് നേരിട്ട് കാണുന്നതിന്റെ സന്തോഷമായിരുന്നു ആദ്യം. കടലിനടിയിൽ ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന് അന്നത്തോടെ മനസിലായി. സ്കൂബ ഡൈവിങ് കൂടുതൽ പഠിക്കാൻ ആദ്യ ഡൈവിങ്ങാണ് ഏറ്റവും കൂടുതൽ പ്രചോദനമായതെന്നുതന്നെ പറയാം.

ഘട്ടംഘട്ടമായി പഠനം

വിവിധ ഘട്ടങ്ങളിലായാണ് സ്കൂബ ഡൈവിങ് പഠിക്കുക. ചെറുതിൽ നിന്ന് തുടങ്ങി വലു​തിലേക്ക്. ആദ്യ ഘട്ടം ഓപ്പൺ വാട്ടർ ആയിരുന്നു. അതിൽ തിയറിയും പ്രാക്ടിക്കലുമുണ്ട്, ഒപ്പം പരീക്ഷയും. പൂളിൽ പരിശീലനം (കൺഫൈൻഡ് വാട്ടർ) നൽകിയ ശേഷമായിരുന്നു കടലിൽ ഓപ്പൺ വാട്ടർ പരിശീലിപ്പിച്ചത്. എട്ടാം ക്ലാസിലാണ് ആദ്യ കോഴ്സ് പൂർത്തിയാക്കിയത്. ആ പ്രായത്തിൽ എന്നെ പഠിപ്പിച്ചെടുക്കുക എന്നത് പരിശീലകനെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ ആയിരുന്നു.

മിർസാന ബീഗം

രണ്ടാമത്തെ ഘട്ടം അഡ്വാൻസ്ഡ് ഓപ്പൺ വാട്ടറും മൂന്നാമത് റെസ്ക്യൂവുമായിരുന്നു. ശേഷം കുറച്ച് പ്രത്യേക കോഴ്സുകളും ചെയ്യാം. അതിൽ നീണ്ട സമയത്തോളം കടലാഴങ്ങളിൽ ചെലവഴിക്കാൻ കഴിയുന്ന നൈട്രോക്സും 60 മീറ്ററിൽ താഴെ ഡൈവ് ചെയ്യാവുന്ന ഡീപ് ഡൈവർ കോഴ്സുമുണ്ട്. വലിയ മത്സ്യങ്ങളെയും പലവിധ സസ്യ, ജന്തുജാലങ്ങളെയും കാണാനുള്ള സൗകര്യപ്രദമായ ആഴമാണ് ഡീപ് ഡൈവിങ് കോഴ്സിലെ 40 മീറ്റർ. ഇതു രണ്ടും പൂർത്തിയാക്കാൻ സാധിച്ചു.

'അവൾ പഠിക്ക​ട്ടെ'

ബാപ്പയെപ്പോ​ലെതന്നെ ഉമ്മ ഹബീബ ബീഗവും ഏഴാം ക്ലാസുകാരിയായ സ​ഹോദരി ജിസ്ന ഹിബയും വലിയ പിന്തുണയാണ് നൽകുന്നത്. ഒരു പെൺകുട്ടിയെ സ്കൂബ ഡൈവിങ് പരിശീലിപ്പിക്കാൻ വിടുന്നുവെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കളും മറ്റും എതിർത്തിരുന്നു. ആണുങ്ങൾക്കൊപ്പമാണോ പരിശീലനം? ഞാൻ ഒരു പെൺകുട്ടിയല്ലേ എന്നെല്ലാമായിരുന്നു അവരുടെ ചോദ്യം. കൂടാതെ എനിക്കിതിന് സാധിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. ഉപ്പയാണ് അവ​ർക്കെല്ലാം മറുപടി നൽകിയത്. 'ഇവൾ എന്റെ മോളല്ലേ, അവൾ പഠിക്ക​ട്ടെ' എന്നായിരുന്നു ഉപ്പയുടെ ഡയലോഡ്. അതോടെ ​എതിർ​പ്പുകൾ കുറഞ്ഞു.

ചുറ്റും ഇരുട്ടു മാത്രം

കോഴ്സ് തുടങ്ങിയപ്പോൾ അതിന്റെ തിയറി ഭാഗം പഠിച്ചെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ​മുതിർന്നവർ പഠിക്കുന്ന പാഠഭാഗങ്ങൾ ആ പ്രായത്തിൽ ​പഠിച്ചെടുക്കണമായിരുന്നു. ആദ്യം ബുദ്ധിമുട്ടിയെങ്കിലും സ്കൂബ ഡൈവിങ്ങിൽ താൽപര്യം ഉണ്ടായിരുന്നതിനാൽ അവ പഠിച്ചെടുത്തു. ആദ്യം സീ സിക്ക്നെസ്സ് പോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. വീണ്ടും വീണ്ടും കടലിനെ പരിചയപ്പെട്ട് പഠിച്ചെടുത്തു. എനിക്കിത് പൂർത്തിയാക്കാൻ പറ്റുമോ എന്ന സംശയവും ഇടക്കുണ്ടായിരുന്നു.

എന്നാൽ അതിനുമുകളിൽ എന്നെ കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ ജയിച്ചു കാണിക്കണമെന്ന വാശിയുണ്ടായിരുന്നു. അതിനാൽ കഠിനമായാണെങ്കിലും അവ പഠിച്ചെടുക്കുകയായിരുന്നു. കോഴ്സിന്റെ നാലാം ഘട്ടത്തിൽ 18 മീറ്റർ ഡൈവ് ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ചുറ്റും ഇരുട്ട് മാത്രമായിരുന്നു. ഇതോടെ ഇനി എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് പോലും ചിന്തിച്ചിരുന്നു. എന്നാൽ എനിക്കൊപ്പമുണ്ടായിരുന്ന പരിശീലകൻ ധൈര്യം തന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ അതും പൂർത്തിയാക്കി.

പഠനവും പരിശീലനവും

പഠനത്തിനൊപ്പം സ്കൂബ ഡൈവിങ്ങിലും കൂടുതൽ പരിശീലനം നേടണം. സ്കൂബയിൽ റെസ്ക്യൂ ഡൈവിങ് ലൈസൻസ് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. വനിതകൾ ഈ മേഖലയിലേക്ക് അധികം കടന്നുവരുന്നില്ല. അതിനാൽത്തന്നെ വനിതകൾക്ക് മാത്രമായി പരിശീലനം നൽകാൻ ഒരു സ്കൂബ ഡൈവിങ് പരിശീലന സ്ഥാപനം തുടങ്ങണമെന്നും ആഗ്രഹമുണ്ട്.ആസ്വദിച്ച് പഠിക്കണം

ഇന്ത്യയിൽ സ്കൂബ ഡൈവിങ്ങിന് നല്ല സാധ്യതകളുണ്ട്. എന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കുറവാണ്. അതിനാൽ തന്നെ സ്കൂബയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. ചുറ്റും കടലായിരുന്നിട്ടും ലക്ഷദ്വീപ് നിവാസികളിലും അധികം താൽപര്യപ്പെട്ട് കണ്ടിട്ടില്ല. ജോലിക്ക് വേണ്ടി മാത്രമാണ് അവരുടെ പരിശീലനം. വിനോദ സഞ്ചാരത്തിനെത്തുന്നവരാണ് സ്കൂബ ഡൈവിങ് കൂടുതലായി പരിശീലിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ മിർസാന വളരെ താൽപര്യത്തോടെയും ആസ്വദിച്ചും സ്കൂബ ഡൈവിങ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും -മിർസാനയുടെ പരിശീലകൻ നജിമുദ്ദീൻ പറയുന്നു.

Tags:    
News Summary - Searching for seaweed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.