നാട്യശാസ്ത്രം ആഴത്തിൽ അറിയാനും അറിയിക്കാനും തന്റെ ആയുസ്സു മുഴുവൻ നൽകണമെന്നാണ് ഈ അധ്യാപികയുടെ ആഗ്രഹം. ജീവിതയാത്രയും ഈ വഴിക്കുതന്നെ. എഴുപുന്ന ശ്രീനാരായണപുരത്ത് സതീഷ്ഭവനിൽ ആർ.എൽ.വി മഞ്ജുവാണ് എക്കാലവും തനിക്ക് നൃത്തവുമായി അഭിരമിക്കാൻ കഴിയണമെന്ന ആഗ്രഹം പങ്കുവെക്കുന്നത്. അഞ്ചുവയസ്സുമുതൽ ആർ.എൽ.വി ശാരദ രമേശിന്റെ കീഴിൽ ഭാരതനാട്യവും മോഹിനിയാട്ടവും വശമാക്കി. സ്കൂൾ കലോത്സവങ്ങളിൽ മഞ്ജു താരമായി. നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ തുറവൂർ സബ് ജില്ല കലാതിലകപട്ടം സ്വന്തമാക്കി.
ആർ.എൽ.വി ശാരദ രമേശ്, നാട്യകലാരത്നം കലാ വിജയൻ, കലാമണ്ഡലം ക്ഷേമാവതി, ഡോ. പ്രമോദ് മേനോൻ എന്നിവരുടെ ശിക്ഷണത്തിൽ 10 വയസ്സുമുതൽ 20 വയസ്സുവരെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പോടെ മോഹിനിയാട്ടം പരിശീലിച്ചു.
അതിനിടെ, ന്യൂഡൽഹി, മേഘാലയ എന്നിവിടങ്ങളിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നാഷനൽ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ മോഹിനിയാട്ടം ശിൽപശാലയിലും ഉണ്ടായിരുന്നു. ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് മോഹിനിയാട്ടം എം.എ ഒന്നാം റാങ്കിൽ വിജയിച്ചു. ഒരു വർഷം തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ ഗെസ്റ്റ് അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 10 വർഷമായി എഴുപുന്നയിൽ ലാസ്യ നാട്യ ഗൃഹം എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തുകയാണ്.
സംസ്ഥാന സർക്കാറിന്റെ വജ്ര ജൂബിലി സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നും അതിനായി ഗവേഷണം നടത്തണമെന്നുമുള്ള മോഹവുമായി കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഭർത്താവ് കേരള കലാമണ്ഡലത്തിലെ കഥകളി ചെണ്ട അധ്യാപകൻ കലാമണ്ഡലം വേണുമോഹൻ. മക്കൾ ദക്ഷിണ, ദർപ്പണ. ചമ്മനാട് ഇ.സി.ഇ.കെ യൂനിയൻ ഹൈസ്കൂളിലെ പ്രധാന അധ്യാപകനായി റിട്ടയർ ചെയ്ത സതീശിന്റെ മകളാണ് മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.