ഇല്ലാത്ത അനുജനും ചേച്ചിയും - സത്യവും മിഥ്യയും കലരുന്ന ബോസ് മാജിക്

കുട്ടിക്കാലത്ത് അച്ഛനെന്നോട് പറയും, എനിക്ക് ഒരു അനിയനുണ്ടെന്നും അവന്‍റെ പേര് മണിക്കുട്ടൻ എന്നാണെന്നും. മണിക്കുട്ടൻ കട്ടിലിന്നടിയിലുണ്ടെന്നും അലമാരക്കുള്ളിലുണ്ടെന്നും അടുക്കളയിലേക്ക് പോയെന്നുമൊക്കെ പറഞ്ഞ് എന്നെ അവിടെ മുഴുവൻ ഓടിക്കും. ഒരു മൂന്നു വയസ്സുകാരി പൊട്ടിപ്പെണ്ണിനെ പറ്റിക്കാൻ എളുപ്പമാണല്ലോ. എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ അച്ഛൻ ഒരു പുതിയ കഥ അവതരിപ്പിച്ചു. എനിക്ക് ഒരു ചേച്ചിയുണ്ടു പോലും. ഇത് പറ്റിപ്പാണെന്നറിയാവുന്ന പ്രായമായിരുന്നു എനിക്ക്. ഞാൻ അതിന് ഒരു പ്രാധാന്യവും കൊടുത്തില്ല. പോ അച്ഛാ ഞാൻ പൊട്ടിയല്ല എന്ന് പറയുകയും ചെയ്യും. പക്ഷേ ഇടയ്ക്ക് അച്ഛൻ ആരെയോ ടെലിഫോണിൽ വിളിച്ച് സ്‌നേഹത്തോടെ സംസാരിക്കുന്നതു കാണാം. മോളേ സ്റ്റെല്ലാ എന്നൊക്കെ വിളിക്കുന്നതും കേൾക്കാം. ഒരിക്കൽ ഞാൻ പിടിച്ചു. ആരാണ് സ്റ്റെല്ല എന്നെനിക്കറിയണം. അച്ഛൻ പറഞ്ഞു നിന്‍റെ ചേച്ചിയാണ് സ്റ്റെല്ല.

അച്ഛന്‍റെ മറ്റൊരു കെട്ടുകഥയായേ ഞാൻ അതിനെ കണ്ടുള്ളൂ. പക്ഷേ അച്ഛൻ സ്റ്റെല്ലയോട് ടെലിഫോണിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് സംശയമേറി. ഞാൻ ഉറച്ചു. സ്റ്റെല്ല ഒരു കെട്ടുകഥയല്ല. എങ്കിൽ ഇങ്ങനെയൊന്നും സംസാരിക്കില്ല. ഒരിക്കൽ ഞാൻ അച്ഛനോട് സ്റ്റെല്ലയെക്കുറിച്ച് ചോദിച്ചു. ചോദിച്ചതിനെല്ലാം അച്ഛൻ വ്യക്തമായ മറുപടിയും തന്നു. പെട്ടെന്ന് ഞാൻ ഒരു ചോദ്യമെറിഞ്ഞു. സ്റ്റെല്ല ഇപ്പോൾ എവിടെയാണ്?

ഉടൻ അച്ഛൻ ഉത്തരം തന്നു. ഊട്ടിയിൽ. ഊട്ടിയിൽ എവിടെ? സാവോയ് ഹോട്ടലിൽ എന്‍റെ മനസ് കലങ്ങിമറിഞ്ഞു. എന്തിനാണ് അവൾ ഹോട്ടലിൽ ജോലി ചെയ്യുന്നത് എന്നു ചോദിച്ചു. അവൾ ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പഠിക്കുകയാണെന്നും വെക്കേഷൻ കാലത്ത് സവോയ് ഹോട്ടലിൽ ഫ്‌ളോറിസ്റ്റായി ഇന്‍റേൺഷിപ്പാണെന്നും പറഞ്ഞു. അച്ഛനെ അവിശ്വസിക്കേണ്ട ഒരു കാര്യവും കണ്ടില്ല. വിശ്വാസ്യതയിൽ മുക്കിയെടുത്ത വാക്കുകളായിരുന്നു അച്ഛന്‍റേത്. പോരെങ്കിൽ ആധികാരികതയുള്ള ശരീര ഭാഷയും. എന്‍റെ ചേച്ചി സ്റ്റെല്ലയോട് എനിക്ക് ഇപ്പോൾ സംസാരിക്കണം. ഞാൻ വാശിപിടിച്ചു. അച്ഛൻ എന്നെ ഒഴിവാക്കാൻ പലതും പറഞ്ഞു നോക്കി. അതൊക്കെ എന്നെ എന്‍റെ ചേച്ചിയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിച്ചു.

ചേച്ചിയോട് സംസാരിക്കണം എന്നു പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു. ഒടുവിൽ അമ്മക്ക് നന്നേ പണിപ്പെടേണ്ടി വന്നു. ഇത് അച്ഛന്‍റെ മറ്റൊരു കഥയാണെന്നും സ്റ്റെല്ല എന്നൊരു ചേച്ചി എനിക്കില്ലെന്നും വിശ്വസിപ്പിക്കാൻ. ഇതാണ് എന്‍റെ അച്ഛൻ. കഥയും കഥയില്ലായ്മയും കൂട്ടിക്കലർത്തുന്ന ഞങ്ങളുടെ അച്ഛൻ.

പ്രശസ്ത സിവിൽ സർവീസ് ഉദ്യോഗസ്ഥനായയ ഡോ. സി.വി. ആനന്ദബോസിന്‍റെ ചെഖോവും ചെക്കന്മാരും എന്ന പുസ്തകത്തിന്‍റെ  അവതാരികയുടെ ഒരു ഭാഗമാണിത്.  അദ്ദേഹത്തിന്‍റെ മക്കളായ നന്ദിതാ ബോസും വസുദേവ് ബോസുമാണ് അവതാരിക എഴുതിയിരിക്കുന്നത് .

അതിന്‍റെ പിന്നിലും ഒരു കഥയുണ്ട്. അതേക്കുറിച്ചും മക്കൾ തന്നെ പറയുന്നു. കഥയും കാര്യവും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്നത് അച്ഛന്റെ സഹജമായ സ്വഭാവമാണ്. കഥയേത് കാര്യമേത് എന്നറിയാൻ കുറെ സമയമെടുക്കും. അറിഞ്ഞുകഴിയുമ്പോൾ നമുക്ക് കൗതുകമേറും. അച്ഛൻ തന്നെ പറയാറുണ്ട്. തിനിക്കിഷ്ടപ്പെട്ട ഉപന്യാസകാരൻ ചാൾസ് ലാം ആണെന്ന്. അതിനുള്ള പ്രധാന കാരണം ലാം സത്യവും മിഥ്യയും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്നു എന്നതു തന്നെ. ഇതിന്റെ പൊരുളറിയാൻ ഞങ്ങൾ ചാൾസ് ലാമിന്റെ ഡ്രീം ചിൽഡ്രൻ എന്ന ഹൃദ്യമായ ഉപന്യാസം ഒന്നിച്ചിരുന്ന് വായിച്ചുനോക്കി. സത്യവും മിഥ്യയും കൂട്ടിക്കലർത്തി ശോകഭാവത്തിന്റെ തീവ്രവീചികൾ ഉതിർക്കുന്ന ചാൾസ് ലാം മാജിക്.

എനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛൻ കളക്ടറായി കൊല്ലത്ത് ചാർജെടുക്കുന്നത്. കളക്‌ടേഴ്‌സ് ബംഗ്ലാവിൽ ഇടക്ക് ഒരു സന്ദർശകൻ വരും. അല്ലെങ്കിൽ ഒരു കടന്നുകയറ്റക്കാരൻ. പോലീസിനെയും പാറാവിനെയും ഒന്നും അയാൾ ഗൗനിക്കില്ല. നേരെ അച്ഛന്‍റെ ക്യാമ്പ് ഓഫീസിലേക്ക് വരും. ചിലപ്പോൾ അടുക്കളയിൽ എത്തിനോക്കും. ഒരു കരിങ്കറുമ്പൻ മീശക്കാരൻ. എവിടെ നിന്നോ എത്തിയ ഒരു കണ്ടൻ പൂച്ചയായിരുന്നു അത്. ചിലപ്പോൾ അവനെ കാണില്ല.

അപ്പോൾ ഞാൻ തിരക്കും. പൂച്ച എവിടെപ്പോയി?
അച്ഛൻ പറയും, പൂച്ച സ്‌കൂളിൽ പോയി.
പൂച്ചയ്ക്കും സ്‌കൂളുണ്ടോ? പൂച്ചയക്കും സ്‌കൂളുണ്ട്. സ്‌കൂളിലെ വിശേഷങ്ങളെല്ലാം അച്ഛൻ വിസ്തരിച്ച് പറയും. തത്തമ്മ ടീച്ചർ പഠിപ്പിക്കുന്നതും പാടുന്നതുമെല്ലാം ഒരു പ്രത്യേക ശബ്ദത്തിൽ ചൊല്ലിക്കേൾപ്പിക്കും. അന്ന് എനിക്ക് ഉറപ്പായിരുന്നു. തത്തമ്മ ടീച്ചറും പൂച്ച നഴ്‌സറിയും എല്ലാം ഉള്ളതു തന്നെ. വൈകുന്നേരങ്ങളിൽ അച്ഛൻ ചിലപ്പോൾ കളക്‌ട്രേറ്റിനു മുന്നിലുള്ള തോട്ടത്തിൽ ഉലാത്തും. എന്നെയും കൂട്ടും. തോട്ടത്തിൽ ഒരു മീൻകുളമുണ്ട്. അതിൽ മീനുകളാണ് ഉള്ളത്. അച്ഛൻ പറയും. അത് ഡാഡി ഫിഷും മമ്മി ഫിഷും ലക്കി ഫിഷുമാണെന്ന്. എന്‍റെ വിളിപ്പേരായിരുന്നു ലക്കി. ഡാഡിയും മമ്മിയും ചേർന്ന് ലക്കി ഫിഷിനെ കളിപ്പിക്കുന്ന കാര്യം അച്ഛൻ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു.

ഞങ്ങൾ കുറേ വളർന്നു. ഞാനും അനിയൻ വസുദേവും. അച്ഛന്‍റെ ചില ഗുണങ്ങൾ അവനും കിട്ടിയിട്ടുണ്ട്. അച്ഛൻ പറഞ്ഞുഫലിപ്പിക്കുമെങ്കിൽ അവൻ അഭിനയിച്ചു ഫലിപ്പിക്കും. അവൻ സ്‌കൂളിൽ ബസ്റ്റ് ആക്റ്ററായി. അച്ഛന്റെ ശൈലിക്ക് ഇപ്പോഴും മാറ്റമില്ല. ലോകപ്രസിദ്ധമായ കഥകൾ ഞങ്ങളോട് പറയും. അച്ഛന്‍റെ നാടായ മാന്നാനത്ത് നടന്ന രീതിയിലാണ് അവതരണം. കഥാപാത്രങ്ങളുടെ പേര് മാറും. കഥാഗതിക്ക് വലിയ മാറ്റമില്ല. ഒടുവിൽ മാത്രമേ പറയൂ മൂലകഥ ഏതെന്ന്. ഒ.ഹെൻട്രിയും അനറ്റോൾ ഫ്രാൻസും ഓസ്‌കാർ വൈൽഡും എച്ച്.ജി വെൽസും കാഥറീൻ മേയ്‌സ്ഫീൽഡും മോപ്പസാങുമൊക്കെ ഞങ്ങളുടെ മനസ്സിലേക്ക് കടന്നുവന്നത് മാന്നാനത്തെ കുട്ടിമാപ്പിളയേയും കുഞ്ഞൊറോതയേയും ചെല്ലപ്പൻ പോലീസിനെയും തൊട്ടുരുമ്മിയാണ്. ഇലഞ്ഞിപ്പൂക്കൾ ചിരിക്കും കാലം എന്ന കഥാ സമാഹാരത്തിനും സത്യവും മിഥ്യയും കെട്ടുപിണഞ്ഞു കിടക്കുന്ന ശൈലി നിഴലിച്ചുകാണാം.

സി.വി. ആനന്ദബോസ് ശങ്കർ ദയാൽ ശർമയോടൊത്ത്
 

വിശ്വസാഹിത്യത്തിന്‍റെ പടികൾ ചവിട്ടിക്കയറുന്നത് മലയാളത്തനിമയുടെയും ഗ്രാമത്തുടിപ്പിന്‍റെയും അകമ്പടിയോടെയാണ്. അതിൽ ഒരു തനതായ ബോസിസം ഉണ്ട്. ഈ ഗ്രന്ഥത്തിന്‍റെ ആത്മാവും അതുതന്നെയാണ്. കുങ്കുകം വാരികയിൽ നിഴലിന്റെ യാഥാർത്ഥ്യം എന്ന പരമ്പരയിലും മലയാള മനോരമ പത്രത്തിലൂടെും കലാകൗമുദിയിലൂടെയുമാണ് ഈ കഥകൾ വെളിച്ചം കണ്ടത്. പതിനഞ്ചുവർഷങ്ങൾക്കു ശേഷമാണ് ഇതു പ്രസിദ്ധീകരിക്കണം എന്ന് അച്ഛന് തോന്നിയത്. അതും ഞങ്ങൾ നിർബന്ധിച്ചപ്പോൾ. വിശ്വസാഹിത്യം എന്ന വലിയ വൃത്തത്തിലെ ചെറിയ ഒരു ബിന്ദുവാകാം ഇത്. ബിന്ദു ഇല്ലാതെ വൃത്തമില്ലല്ലോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.