മറവിയിലേക്ക് ഒഴുകിയ കാലം

‘ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികള്‍’ പി. സുരേന്ദ്രന്‍െറ ഓര്‍മകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ്. ഓര്‍മകള്‍ നങ്കൂരമിട്ടിരിക്കുന്നതാവട്ടെ, അധികവും ബാല്യത്തിലും കൗമാരത്തിലും. ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്, ‘നിത്യജീവിതത്തില്‍ മറവികളുടെ കൂടാരമാണു ഞാന്‍’. അല്‍ഷൈമേഴ്സ് ബാധിച്ചവനെപ്പോലെ ചിലപ്പോള്‍ ഞാന്‍ പെരുമാറാറുണ്ട്. അതേസമയം, എന്‍െറ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെയും മൈസൂരുവിലെ എന്‍െറ കൗമാരത്തിന്‍െറ ആദ്യവര്‍ഷങ്ങളെയും എനിക്ക് ഓര്‍ക്കാനാവുന്നുണ്ട്. അന്നത്തെ കാഴ്ചകളും ഗന്ധങ്ങളും സജീവമാണെനിക്ക്. ഭൂതകാലത്തെ നാം എത്രമേല്‍ സ്നേഹിക്കുന്നുവോ അത്രമേല്‍ ഗൃഹാതുരത്വവും തീവ്രമാവും’. ഗൃഹാതുരമാണീ വായനയും.
മറവിയിലേക്ക് ഓടിയൊളിച്ച വളരെ പരിചിതങ്ങളായിരുന്ന ചില വാക്കുകള്‍, കാഴ്ചകള്‍, വസ്തുക്കള്‍, ജീവിതങ്ങള്‍.. എപ്പോഴാണവ ഓര്‍മകളില്‍നിന്നും നിഷ്കാസിതമായത്? എന്നാണതെല്ലാം എന്‍േറതല്ലാതായിത്തീര്‍ന്നത്..? ഈ വായനക്കിടയില്‍ തിരിച്ചുകിട്ടിയപ്പോള്‍ മാത്രം നഷ്ടപ്പെട്ടെന്നറിഞ്ഞവ.
-ഇരുവശവും തഴച്ചുവളര്‍ന്ന പൊന്തക്കാടുകളുടെ രൂക്ഷഗന്ധവും പേറിനില്‍ക്കുന്ന ‘കുണ്ടനെടേഴി’കളിലൂടെ ദിവസമെത്ര തവണ ശ്വാസമടക്കിപ്പിടിച്ച് ഓടിയിരിക്കുന്നു. വേനലിലെ  ഇടവഴികളും വര്‍ഷത്തിലെ നീര്‍ച്ചാലുകളുമായിരുന്നവ.
-മൂവാണ്ടന്മാവില്‍ കൂടുകൂട്ടിയ പക്ഷികളുടെ കരച്ചില്‍  കാലന്‍ കോഴിയുടെ ശബ്ദമാണെന്ന് ഭയന്ന്  മരണചിന്തയില്‍ ഉറങ്ങാത്ത രാത്രികള്‍; അന്ന് വ്യാകുലതകളൊളിപ്പിക്കാന്‍ കരുതലിന്‍െറ ഒരു മുത്തശ്ശിമാരുണ്ടായിരുന്നെനിക്ക്...
-തെച്ചിപ്പഴവും  മുള്ളുംപഴവും പുളിങ്കുരു വറുത്തതും ഞാവല്‍പ്പഴവുമെല്ലാം കൊറിച്ചുനടന്നിരുന്ന കുട്ടിക്കാലം കൂട്ടുകാരോടുത്തുള്ള അലച്ചിലിന്‍േറതായിരുന്നു, അതിരറ്റ  ആഹ്ളാദത്തിന്‍െറയും.
-താളും തകരയും തുമ്പയും എരുക്കും കണ്ണാന്തളിയും  ഉമ്മത്തുമെല്ലാം കുട്ടിക്കാലത്തിന്‍റെ കാടോര്‍മകളാണ്. അവ  ഉപയോഗശൂന്യമായ വാക്കുകള്‍ മാത്രമായത് ഏത് കാലത്തിരിവില്‍വെച്ചായിരുന്നുവോ ആവോ.
-പാവുട്ടത്തോക്കും പീച്ചാംകുഴലും ഓലപീപ്പിയും മഞ്ചാടിക്കുരുവുമെല്ലാം നഷ്ടപ്പെട്ടതും പൊയ്പ്പോയ ആ കുട്ടിക്കാലത്തിനൊപ്പമാണ്.
ഓര്‍മയുടെ ഇരുട്ടറയില്‍  ഇനിയും  എന്തൊക്കെ, ആരൊക്കെ... ആര്‍ക്കറിയാം.

‘മലയാളത്തില്‍ ഇങ്ങനെ എത്രയോ പദങ്ങള്‍ ഉപയോഗശൂന്യമാവുന്നു. പലതും ആളുകള്‍ക്ക് വേണ്ടാതാവുമ്പോള്‍ അവയുടെ പേരുകള്‍ നിഘണ്ടുവിന്‍െറ ഏടുകളില്‍നിന്ന് പുറത്തുവരാനാവാതെ തേങ്ങിക്കൊണ്ടിരിക്കും. ശബ്ദതാരാവലി തലക്കു മേല്‍വെച്ച് ഉറങ്ങിയ ദിവസം എത്രയോ വാക്കുകളുടെ മര്‍മരം ഞാന്‍ കേട്ടിട്ടുണ്ട്. മറന്നോ, എന്നെ മറന്നോ എന്ന് ആ പദങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പല വാക്കുകളുടെയും മുഖങ്ങള്‍ എനിക്ക് ഓര്‍ക്കാനേ പറ്റിയില്ല. എന്നാണു കണ്ടത്..? എവിടെവെച്ചാണു കണ്ടത്..? ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അനേകം പദങ്ങളും വിനിമയത്തിലില്ലാതാവും’.
 അവസാനത്തെ ഏടും വായിച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം മടക്കിവെച്ച് ഒരുനിമിഷം ഞാന്‍  വര്‍ത്തമാനങ്ങളെ പുറത്തുനിര്‍ത്തി ഒന്നാഴത്തില്‍ ഉള്ളിലേക്ക് ശ്വാസമെടുത്തു; ദീര്‍ഘമായി, അങ്ങ് കുട്ടിക്കാലത്തോളം.  മൂക്കിന്തുമ്പില്‍ വന്ന് തൊട്ടു  ബാല്യകാലത്തിന്‍െറ മണങ്ങള്‍. അടുക്കളച്ചൂരുള്ളൊരു വാത്സല്യത്തെ അമ്മേയെന്ന് നീട്ടിവിളിച്ചു മനസ്സ്. തൊടി നിറഞ്ഞുനിന്നിരുന്ന വൃക്ഷലതാദികള്‍ക്കിടയില്‍ നിന്ന് പാരിജാതവും പച്ചമന്ദാരവും   ഇലഞ്ഞിയും ചെമ്പകവും സുഗന്ധത്തില്‍ പൊതിഞ്ഞൊരു കുട്ടിക്കാലത്തെ കാട്ടി കൊതിപ്പിച്ചു. ഏതോ വേനലവധിക്കാലത്തിന്‍െറ പൊള്ളും പകലുകളെ നാട്ടുമാങ്ങയുടെയും കശുമാങ്ങയുടെയും രൂക്ഷഗന്ധത്തില്‍ പൊതിഞ്ഞ് തിരികത്തെന്നു ഒരു പടിഞ്ഞാറന്‍ കാറ്റ്.  മാങ്ങാച്ചുന പൊള്ളിയ ചിരിയോര്‍മകളില്‍ ഞാനാ പുസ്തകത്തിലെ വരികള്‍ വീണ്ടും വായിച്ചു. ‘കൂറ്റന്‍ നാട്ടുമാവുകളുടെ തണലിലായിരുന്നു ഞങ്ങള്‍ മാങ്ങാച്ചാറിന്‍െറ മണംപിടിച്ച് കാറ്റിനായി കാത്തിരുന്നത്. അവിടെ പലതരം നാട്ടുമാവുകള്‍ ഉണ്ടായിരുന്നു. പല രുചികളില്‍ പല ഗന്ധങ്ങളില്‍ മാമ്പഴം പൊഴിയും. നാട്ടുമാങ്ങ മുട്ടിക്കുടിച്ചു മതിവന്നിട്ടില്ല ഒരു കുട്ടിക്കാലത്തിനും’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.